Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഗർഭപാത്രം നേരെയാകുന്നതിന് നികുഞ്ജാസനം

nikunjasanam

സ്ത്രീകൾക്ക് യൗവനം എത്രകാലം നിലനിർത്താനാവും? കൃത്യമായി യോഗ പരിശീലിച്ചാൽ യൗവനം മാത്രമല്ല സുഖകരവും ആരോഗ്യകരവുമായ ജീവിതവും നയിക്കാനാകും. ഗർഭകാലം രോഗകാലമായി കരുതി ചികിത്സിക്കുകയും പ്രസവം വേദനാഭരിതമായിത്തീരുകയും ചെയ്യുമ്പോൾ സുഖപ്രസവത്തിനും പ്രസാവനന്തര ആരോഗ്യ – സൗന്ദര്യ പരിപാലനത്തിനും യോഗ സഹായിക്കുന്നു. സൂക്ഷ്മ വ്യായാമത്തിനു ശേഷം ആദ്യത്തെ ഒന്നു രണ്ടു മാസത്തേക്കു ചെയ്യേണ്ട ലളിതമായ ആസനങ്ങളിലൊന്നാണ് നികുഞ്ജാസനം.

ചെയ്യുന്ന വിധം
ഇരുകാലുകളും പുറകോട്ടു മടക്കി മുട്ടുകുത്തി നിവർന്നു നിൽക്കുക. ഇനി കാൽപ്പാദങ്ങൾ രണ്ടും തറയിൽ പതിച്ചുവച്ച് പൃഷ്ഠഭാഗം കാലുകളുടെ ഉപ്പൂറ്റിയിൽ വരത്തക്കവണ്ണം നട്ടെല്ലു നിവർന്നിരിക്കുക. അതോടൊപ്പം ഇരുകൈകളും അതതു വശത്തെ കാൽ മുട്ടുകളിൽ കമിഴ്ത്തിവയ്ക്കുക. ഇനി സാവധാനം ശ്വാസമെടുത്തുകൊണ്ട് രണ്ടു കൈകളും നേരെ മുകളിലേക്കുയർത്തുക. ഈ സമയം ഇരു കൈകളും തലയുടെ ഇരുവശങ്ങളിലായി ചെവിയോടു ചേർത്തു പിടിക്കുക. വീണ്ടും ശ്വാസം വിട്ട് കുനിഞ്ഞ് നെറ്റിയും ഇരു കൈപ്പത്തികളും തറയിൽ പതിച്ചുവയ്ക്കുക.‌ഈ അവസ്ഥയിൽ ദീർഘമായി ശ്വാസം എടുക്കുകയും വിടുകയും ചെയ്യാവുന്നതാണ്. ബുദ്ധിമുട്ട് വരുമ്പോൾ പൂർവസ്ഥിതി പ്രാപിക്കുക. വീണ്ടും ഒന്നോ രണ്ടോ തവണ കൂടി ആവർത്തിക്കുക. ഈ ആസനം ചെയ്യുമ്പോൾ കൈമുട്ടുകൾ മടങ്ങാതിരിക്കാൻ പ്രത്യേകം ശ്രദ്ധിക്കണം.

ഗുണങ്ങൾ
ഗർഭിണികൾക്ക് വളരെ ഉത്തമമായ ആസനമാണിത്. സ്ഥാനഭ്രംശം വന്ന ഗർഭപാത്രം നേരെയാകുന്നതിന് ഈ ആസനം സഹായിക്കുന്നു. അരക്കെട്ടിനും അതോടനുബന്ധിച്ച അവയവങ്ങള്‍ക്കും പ്രവര്‍ത്തനക്ഷമത കൈവരുത്തുന്നു. ചലനങ്ങളെല്ലാം സാവധാനത്തിലായിരിക്കും. ശ്വാസകോശം, ഹൃദയം, പുറത്തെ പേശികൾ മുതലായവയ്ക്ക് നല്ല പ്രവർത്തനം കിട്ടുന്നു.

സ്ത്രീകൾക്ക് യോഗ (മനോരമ ബുക്സ്) വാങ്ങുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക