അകത്തേക്ക് കയറിയാൽ ഏതോ ഷൂട്ടിങ് ലൊക്കേഷൻ പോലെ തോന്നിപ്പിക്കുന്ന ഇന്റീരിയറുകൾ. പെഡസ്ട്രിയൽ ലാംപുകൾ സ്വർണപ്രഭ നിറയ്ക്കുന്ന അകത്തളങ്ങൾ... തൃശൂർ ശോഭ സിറ്റിയിലാണ് അടിമുടി പുതുമകൾനിറയുന്ന ഈ ഫ്ളാറ്റ്. രണ്ടു സവിശേഷതകളാണ് എടുത്തുപറയേണ്ടത്. ഒന്ന് ഓട്ടോമേഷൻ സാങ്കേതികവിദ്യയാണ്, മൾട്ടി പർപ്പസ് ഫർണിച്ചറുകളുടെ കലാപരമായ വിന്യാസമാണ് രണ്ടാമത്തെ സവിശേഷത.
1800 ചതുരശ്രയടിയുള്ള ഫ്ളാറ്റിൽ രണ്ടു കിടപ്പുമുറികൾ മാത്രമേയുള്ളൂ..പക്ഷേ കലാപരമായ വിന്യാസത്തിലൂടെ ഒരു 4 ബിഎച്ച്കെ ഫ്ലാറ്റിന്റെ സൗകര്യങ്ങൾ ഇവിടെ നൽകിയിട്ടുണ്ട്.
സെൻട്രലൈസ്ഡ് എസിയാണ് ഫ്ലാറ്റ്. പാഷ്യോ കടന്നു അകത്തെത്തിയാൽ ഒരു വശത്തായി ഒരു സോഫ യൂണിറ്റ് കാണാം. ഇത് ഫോൾഡബിൾ സോഫയാണ്. ഒരു ഹുക് തുറന്നാൽ ഇത് കട്ടിലാക്കി മാറ്റാനാകും. ഒരേസമയം സിറ്റിങ് സ്‌പേസും ഗസ്റ്റ് ബെഡ്‌റൂമും ഇവിടെ റെഡിയായി!
ഈ മുറിയിൽ തന്നെ ഭിത്തിയോട് ചേർന്ന് ഒരു മേശ കാണാം. ഇതൊരു ഡൈനിങ് ടേബിൾ കൺസോളാണ്. ഇത് തുറന്ന് അകത്തെ പാനൽ വലിച്ചു നീട്ടിയാൽ അടിപൊളി ഡൈനിങ് ടേബിൾ റെഡി! ഇതിനു സമീപമുള്ള ഒരു സ്റ്റൂൾ തുറന്നാൽ അഞ്ചു ചെറിയ ഇരിപ്പിടങ്ങളാക്കി മാറ്റാം!
എസിയുടെ വെന്റുകൾ കലാപരമായി മറച്ചുകൊണ്ടുള്ള ജിപ്സം സീലിങ്. ഇതിൽ നീണ്ട വരകൾ വളഞ്ഞുപുളഞ്ഞു കിടക്കുന്ന പ്രൊഫൈൽ ലൈറ്റിങ് കൂടിയാകുമ്പോൾ അകത്തളങ്ങളിൽ മാസ്മരിക അന്തരീക്ഷകൻ നിറയുന്നു.
പാഷ്യോയിൽ നിന്ന് സ്ലൈഡിങ് വാതിൽ കടന്നാൽ പ്രധാന ഹാളിലെത്താം. റെഡ്+ ബ്ലാക് ലെതർ ഫിനിഷ്ഡ് സോഫകൾ ഇവിടം അലങ്കരിക്കുന്നു.ഇവിടെ വുഡൻ ഫ്ളോറിങ് നൽകി വേർതിരിച്ചിട്ടുണ്ട്. ടിവി യൂണിറ്റിൽ അലുമിനിയം പാനലുകൾ ലാമിനേറ്റ് ഫിനിഷിൽ കൊടുത്തു. ഇതിൽ കൺസീൽഡ് എൽഇഡി ലൈറ്റുകൾ അകമ്പടിയേകുന്നു. ഇതിനു സമീപം ആർട്ടിഫിഷ്യൽ വെർട്ടിക്കൽ ഗാർഡനും ഡെക്കറേറ്റിവ് എലമെന്റായി നൽകിയിട്ടുണ്ട്.
ഇവിടെ നിന്നും ബാൽക്കണി സ്‌പേസിലേക്കെത്താം. ഇവിടെനിന്നാൽ ശോഭ സിറ്റിയുടെയും സമീപമുള്ള തടാകത്തിന്റെയും ദൂരെയുള്ള മലനിരകളുടെയും മനോഹരകാഴ്ചകൾ കണ്ണിലേക്ക് ഒഴുകിയെത്തും. പെബിൾ കോർട്യാർഡ്, ടർഫ്, സീറ്റിങ് എന്നിവയും ബാൽക്കണിയിൽ നൽകി.
മാസ്റ്റർ ബെഡ്‌റൂമിൽ ഒരുഭിത്തി മുഴുവനും സ്ലൈഡിങ് ഗ്ലാസ് വാഡ്രോബുകളാണ്. ഇത് തുറക്കുമ്പോൾ ലൈറ്റുകൾ താനെ ഓണാകുന്ന സംവിധാനം നൽകിയിട്ടുണ്ട്. പെഡസ്ട്രിയൽ ലാംപുകൾ ഇവിടെയും ഹാജർ വച്ചിട്ടുണ്ട്.
ലാമിനേറ്റ് ഫിനിഷുള്ള ക്ളാഡിങ്ങാണ് ഹെഡ്ബോർഡിൽ നൽകിയിരിക്കുന്നത്. കിഡ്സ് ബെഡ്‌റൂമിൽ ഉയർത്തി മാറ്റാവുന്ന സസ്‌പെൻഡഡ് കട്ടിലാണ്. ഇതിനു താഴെ സ്‌റ്റോറേജ് സ്‌പേസും ഒരുക്കിയിരിക്കുന്നു.
മനോഹരമായ അടുക്കള. പാൻട്രി കിച്ചനാണ് ആദ്യം. ഇവിടെ ബ്രേക്ഫാസ്റ്റ് കൗണ്ടറുമുണ്ട്. കൊറിയൻ ടോപ്പാണ് കൗണ്ടറിനു നൽകിയത്. പ്രൊഫൈൽ ലൈറ്റിങ് കിച്ചന്റെ ലുക്& ഫീൽ തന്നെ മാറ്റിമറിക്കുന്നു. അലുമിനിയം+ ലാമിനേറ്റ് ഫിനിഷിലാണ് ഷട്ടറുകൾ.
മൾട്ടിപർപ്പസ് ഫർണിച്ചറുകൾ നമ്മുടെ നാട്ടിലെ ഫ്ലാറ്റുകൾ ഇനിയും ഉപയോഗപ്പെടുത്താനുണ്ട്. അതിലൂടെ മികച്ച സ്ഥലഉപയുക്തത കൈവരിക്കാൻ സാധിക്കും എന്ന സന്ദേശമാണ് ഈ ഫ്ളാറ്റ് മുന്നോട്ടുവയ്ക്കുന്നത്.
ചിത്രങ്ങൾ- അജീബ് കൊമാച്ചി
Project Facts
Location -Sobha City, Thrissur
Area- 1800 SFT
Owner- Cap. Noushad
Design- Sreejith Sreekandan
Hilite Interiors, Calicut
Completion year- 2017
നിങ്ങളുടെ വീട് മനോരമ ഓൺലൈനിൽ പ്രസിദ്ധീകരിച്ചു കാണാൻ ആഗ്രഹമുണ്ടോ? നല്ല ചിത്രങ്ങളും ചെറുവിവരണവും മൊബൈൽ നമ്പറും സഹിതം customersupport@mm.co.in എന്ന ഇമെയിൽ വിലാസത്തിലേക്ക് അയച്ചു തരൂ...