കണ്ണെടുക്കാൻ തോന്നില്ല ; അതിനു കാരണമുണ്ട്!

കണ്ണൂർ കൂത്തുപറമ്പയിലെ സംസാരവിഷയമായി മാറിയിരിക്കുകയാണ് ഈ സുന്ദരൻ വീട്.

കേരളത്തനിമയുടെ പ്രൗഢിയും ആധുനിക സൗകര്യങ്ങളും സമന്വയിക്കുന്ന വീട്. കണ്ണൂർ കൂത്തുപറമ്പയിൽ 30 സെന്റിൽ 5000 ചതുരശ്രയടിയിലാണ് വീട് തലയുയർത്തി നിൽക്കുന്നത്. തലശേരി സ്വദേശിയായ ഗൃഹനാഥൻ വാരാന്ത്യ വസതിയായി നിർമിച്ച ഒരുനില വീടാണിത്. ഇമ്പോർട്ടഡ് റൂഫ് ടൈലാണ് മേൽക്കൂരയിൽ മേഞ്ഞിരിക്കുന്നത്. ഉയരമുള്ള മേൽക്കൂര നിർമിച്ചു, ഇതിൽ മെസനൈൻ ഫ്ലോർ നൽകി. മെസനൈൻ ഫ്ലോർ വിശാലമായ ഒരു ഹോംതിയേറ്ററായി മാറ്റിയെടുത്തു. ഇൻഡസ്ട്രിയൽ റൂഫിങ് ചെയ്ത് ഇതിനു മുകളിൽ വുഡൻ പാനലിങ് ചെയ്തതോടെ കാഴ്ചയിൽ ക്‌ളാസിക് ലുക് ലഭിക്കുന്നു. 

നീളൻ ഫോയറാണ് അതിഥികളെ വീട്ടിനകത്തേക്ക് സ്വാഗതം ചെയ്യുന്നത്. വീടിനു ചുറ്റും വരാന്ത നൽകിയിട്ടുണ്ട്. ഇവിടെ റസ്റ്റിക് ഫിനിഷുള്ള മാർബിളാണ് ഉപയോഗിച്ചിരിക്കുന്നത്.

പ്രധാനവാതിലിനു വശത്തായി മറ്റൊരു കോർട്യാർഡ് സ്‌പേസും ഒരുക്കിയിട്ടുണ്ട്. അകത്തേക്ക് കയറുമ്പോൾ ഇടതുവശത്തായി ഫോർമൽ ലിവിങ്, വലതുവശത്തായി  ഫാമിലി ലിവിങ്. ഇരുവശവും ഉപയോഗിക്കാവുന്ന ഫർണീച്ചറുകളാണ് ഫോർമൽ ലിവിങ്ങിൽ നൽകിയത്.

സെമി ഓപ്പൺ ശൈലിയിൽ ഒരുക്കിയിരിക്കുന്നതുകൊണ്ട് അകത്തേക്ക് കയറുമ്പോൾ തന്നെ വിശാലമായ ഒരു ഹാളിലേക്ക് എത്തിയ പ്രതീതി ലഭിക്കും. വീടിനുള്ളിൽ കൂടുതൽ വെന്റിലേഷനും സാധ്യമാകുന്നു.

നടുമുറ്റമാണ് വീടിന്റെ ശ്രദ്ധാകേന്ദ്രം. ഫോർമൽ ലിവിങ്, ഫാമിലി ലിവിങ്, ഡൈനിങ്, കിച്ചൻ എന്നിവയിൽ നിന്നെല്ലാം ഇവിടേക്ക് കാഴ്ച ലഭിക്കും. നടുമുറ്റത്തിനു മുകളിൽ ഓട്ടോമേഷൻ സാങ്കേതികവിദ്യയിലൂടെ നിയന്ത്രിക്കാവുന്ന ലൂവറുകളാണ് നൽകിയിരിക്കുന്നത്. ആവശ്യമുള്ളപ്പോൾ ഇത് നീക്കിമാറ്റാം. മഴയും വെയിലുമെല്ലാം അകത്തേക്ക് വിരുന്നെത്തും. 

ടീക് വുഡും ടഫൻഡ് ഗ്ലാസും കൊണ്ടാണ് ഗോവണിയുടെ കൈവരികൾ നിർമിച്ചത്. മുകൾനിലയിൽ നിന്നുമുള്ള താഴത്തെ നിലയുടെ കാഴ്ച മനോഹരമാണ്.

പത്തുപേർക്കിരുന്നു ഭക്ഷണം കഴിക്കാൻ പാകത്തിൽ നിർമിച്ച ഊണുമേശയുടെ ഡിസൈൻ ലളിതമാണ്.

ഓപ്പൺ കിച്ചനാണ് ഒരുക്കിയത്. ചെറിയൊരു പാൻട്രി കൗണ്ടറും ഇവിടെ ക്രമീകരിച്ചു. പി യു ഫിനിഷിലുള്ള മോഡുലാർ കിച്ചനിൽ കൊറിയൻ സ്റ്റോൺ ആണ് കൗണ്ടറിനുവിരിച്ചിരിക്കുന്നത്.

മൂന്ന് കിടപ്പുമുറികളാണ് വീട്ടിൽ. അറ്റാച്ഡ് ബാത്റൂം, വാഡ്രോബ്, ഡ്രസിങ് സ്‌പേസ്, മോഡേൺ ബാത്റൂം എന്നിവയെല്ലാം കിടപ്പുമുറികളിൽ നൽകിയിട്ടുണ്ട്. മുറികളുടെ സീലിങ്ങിൽ അക്രിലിക് ഫിനിഷിൽ ഫോൾസ് സീലിങ് ചെയ്ത് സ്പോട് ലൈറ്റുകൾ കൊടുത്തത് കാണാൻ നല്ല ഭംഗിയാണ്.

വീടിനു വശത്തായി രണ്ടു വണ്ടികൾ പാർക്ക് ചെയ്യാൻ പാകത്തിൽ പോർച്ച് നിർമിച്ചു. മുറ്റം മനോഹരമായി ലാൻഡ്സ്കേപ് ചെയ്തിരിക്കുന്നു. വൈകുന്നേരത്തെ ഒത്തുചേരലുകൾക്കായി ഒരു ഗസീബോയും ഇവിടെ നിർമിച്ചിട്ടുണ്ട്.

വീട്ടിലെത്തുന്ന സന്ദർശകർക്കും വീടിനെ കുറിച്ച് സംസാരിക്കാനും കാര്യങ്ങൾ തിരക്കാനുമാണ് ആദ്യം കൗതുകം. ചുരുക്കത്തിൽ കൂത്തുപറമ്പയിലെ സംസാരവിഷയമായി മാറിയിരിക്കുകയാണ് ഈ സുന്ദരൻ വീട്.

ചിത്രങ്ങൾ- അജീബ് കൊമാച്ചി

Project Facts

Location- Koothuparamba, Kannur

Area- 5000 SFT

Plot- 30 cent

Owner- Ramesh KP

Design- Muhammed Rafeeq

Nimfra Architects

Mob- 9539989898

Completion year- 2017

നിങ്ങളുടെ വീട് മനോരമ ഓൺലൈനിൽ പ്രസിദ്ധീകരിച്ചു കാണാൻ ആഗ്രഹമുണ്ടോ? നല്ല ചിത്രങ്ങളും ചെറുവിവരണവും മൊബൈൽ നമ്പറും സഹിതം customersupport@mm.co.in എന്ന ഇമെയിൽ വിലാസത്തിലേക്ക് അയച്ചു തരൂ.