പുതിയ മുഖം എന്ന് പറഞ്ഞപ്പോൾ ഇത്രയും പ്രതീക്ഷിച്ചില്ല!

കന്റെംപ്രറി സ്റ്റൈൽ പിന്തുടർന്ന എലിവേഷനും എലിവേഷനൊത്ത കോംപൗണ്ട് വാളും അതിനൊത്ത ലാൻഡ്സ്കേപ്പും വീടിന് കൂടുതൽ മിഴിവേകുന്നു.

20 വർഷം മുൻപുള്ള പ്രൗഢഗംഭീരമായ ഭവനം. ആരുമൊന്ന് നോക്കിപ്പോകും. എലിവേഷനും അതിനൊത്ത കോംപൗണ്ട് വാളും എല്ലാം വീടിന്റെ പ്രത്യേകതകളായിരുന്നു. എന്നാൽ കാലാതീതമായ മാറ്റങ്ങളെ ഉൾച്ചേർത്ത് ഒരു ഡിസൈന്‍ വേണമെന്ന് തോന്നിയപ്പോഴാണ് സുനിലും രമയും എസ്ഡിസി ആർക്കിടെക്റ്റ്സിലെ രാധാകൃഷ്ണനെ സമീപിച്ചത്. കാഴ്ചയിൽ അടിമുടി മാറ്റം വരുത്തി ഒരു ഡിസൈൻ. പഴയ വീടിന്റെ പ്രിയപ്പെട്ട ചില ഭാഗങ്ങൾ വീട്ടുടമസ്ഥരുടെ താൽപര്യപ്രകാരം അതേപടി നിലനിർത്തി കൊണ്ടുതന്നെ പുതിയൊരു മുഖം നൽകാനായി. 

കന്റെംപ്രറി സ്റ്റൈൽ പിന്തുടർന്ന എലിവേഷനും എലിവേഷനൊത്ത കോംപൗണ്ട് വാളും അതിനൊത്ത ലാൻഡ്സ്കേപ്പും വീടിന് കൂടുതൽ മിഴിവേകുന്നു. എക്സ്റ്റീരിയറിലെ നാച്വറൽ സ്റ്റോൺ ക്ലാഡിങ്ങും പച്ചപ്പിന്റെ മനോഹാരിതയും സമകാലികശൈലിക്ക് മാറ്റ് കൂട്ടുന്ന ഘടകങ്ങളാണ്.

ഓപ്പൺ കൺസെപ്റ്റ് അഥവാ തുറന്ന നയം സ്വീകരിച്ചാണ് ഉൾത്തളങ്ങൾ ഒരുക്കിയിരിക്കുന്നത്. പച്ചപ്പിലേക്ക് മിഴിതുറക്കുന്ന വലിയ ജനാലകൾ ഹരിതാഭയുടെ സാന്നിദ്ധ്യം ഉള്ളിലേക്കാവാഹിക്കുന്നു. ഇളംനിറങ്ങൾ മാത്രം ഉപയോഗിച്ചതും അകത്തളത്തിലെ കോർട്‌യാർഡും ഇന്റീരിയറിന്റെ മാസ്മരികത വർദ്ധിപ്പിക്കുന്നു. നിറങ്ങളുടെ ധാരാളിത്തമോ ടെക്സ്ചറിന്റെ കടുംവർണങ്ങളോ ഒന്നുമില്ലാതെ ഉപയുക്തതയ്ക്കും ഭംഗിക്കും പ്രാധാന്യം നൽകി ഒരുക്കിയതാണ് അകത്തളങ്ങളുടെ പ്രത്യേകത. കാറ്റിനും വെട്ടത്തിനും സ്വാഗതമരുളിക്കൊണ്ടുള്ള വിശാലമായ ഓപ്പനിങ്ങുകൾ ഇന്റീരിയറിൽ സദാ കുളിർമ്മ നിലനിർത്തുന്നു.

മാറ്റങ്ങൾ ഇങ്ങനെ

അധികമായ പൊളിച്ചു കളയലോ കൂട്ടിച്ചേർക്കലുകളോ വരുത്താതെയുള്ള ഡിസൈൻ നയങ്ങൾക്കാണ് ഡിസൈനർ ഊന്നൽ നൽകിയത്. കാർപോർച്ചിന്റേയും സ്റ്റെയർകേസിന്റേയും സ്ഥാനം മാത്രമാണ് ആകെ മാറ്റിയിരിക്കുന്നത്. ബാക്കിയെല്ലാം അതേപടി നിലനിർത്തി, രൂപത്തിലും ഭാവത്തിലും മാറ്റം വരുത്തി. പഴയവീട്ടിൽ കോർട്‌യാർഡിന് സ്ഥാനമില്ലായിരുന്നു. പുതിയ വീട്ടിൽ കോർട്‌യാർഡുകൾക്ക് ഇടം നൽകി. 4 ബെഡ്റൂമുകളാണ് പഴയ വീട്ടിൽ ഉണ്ടായിരുന്നത്. റെനവേറ്റ് ചെയ്തപ്പോൾ ബെഡ്റൂമുകള്‍ വിശാലമാക്കി മാറ്റി.

ലെവൽ വ്യതിയാനം വരുത്തിയ ഡൈനിങ് സ്പേസും അതിനോട് ചേർന്ന കോർട്‌യാർഡും ഡൈനിങ് ഏരിയയുടെ ഭംഗി ഇരട്ടിപ്പിക്കുന്നുണ്ട്. തുറന്ന നയം സ്വീകരിച്ചാണ് ലിവിങ് കം ഡൈനിങ് സജ്ജീകരിച്ചിരിക്കുന്നത്. സീലിങ്ങിന്റെ മനോഹാരിതയ്ക്കൊപ്പം പർഗോളയിൽ നിന്നെത്തുന്ന വെളിച്ചം ഉൾത്തളങ്ങളെ പ്രസന്നപൂരിതമാക്കുന്നുണ്ട്.

ഹൈലൈറ്റ് ഏരിയ

ഡ്രോയിങ്റൂമിൽ നിന്നും മുകളിലെ ഒരു ബെഡ്റൂമിൽ നിന്നും ലിവിങ് ഏരിയയില്‍നിന്നും കാഴ്ച സാധ്യമാകുന്ന ലാൻഡ്സ്കേപ്പാണ് ഹൈലൈറ്റ്. പച്ചപ്പുല്ലും, കൽവിളക്കും, നടപ്പാതയും ലാൻഡ്സ്കേപ്പിന്റെ ഭംഗി ഇരട്ടിപ്പിക്കുന്നു.

ഉചിതമായ ലൈറ്റ് ഫിറ്റിങ്ങുകൾ അകത്തളങ്ങളിൽ മൂഡ് ക്രിയേറ്റ് ചെയ്യാൻ സഹായിക്കുന്നു. കന്റെംപ്രറി ശൈലി ഘടകങ്ങൾ കൂട്ടിയിണക്കി പണിതപ്പോള്‍ അടിമുടി മാറ്റം വന്നു. ചുരുക്കത്തിൽ സമകാലിക ശൈലിയുടെ ചേരുവകൾ കൂട്ടിയിണക്കി വീട് റെനവേറ്റ് ചെയ്തപ്പോൾ വീട്ടുടമസ്ഥരുടെ ആഗ്രഹങ്ങളും ആവശ്യങ്ങളും പ്രാവർത്തികമാക്കാൻ സാധിച്ചതാണ് ഈ വീടിന്റെ വിജയം.

Project Facts

Owner : സുനില്‍ സത്യവൃതൻ & രമ സുനിൽ

Location: വെട്ടമുക്ക്, തിരുവനന്തപുരം

Plot: 24 സെന്റ്

Design: രാധാകൃഷ്ണൻ & ബിജി ചന്ദ്രൻ

എസ്ഡിസി ആർക്കിടെക്റ്റ്സ്

തിരുവനന്തപുരം

email- nrks2003@gmail.com

Ph: 0471 2363110

9447206623

Completion year: 2017, ഡിസംബർ