ലളിതമായ വീട്, ചെലവ് 30 ലക്ഷത്തിൽ താഴെ!

1215 ചതുരശ്രയടിയിൽ എല്ലാ സൗകര്യങ്ങളുമുള്ള മഞ്ചേരി പാലക്കുളത്തെ വീടിന് ചെലവ് 30 ലക്ഷത്തിൽ താഴെ.

ഇഷ്ടംപോലെ പണമുണ്ടെങ്കിൽ ഇഷ്ടമുള്ള വീടുണ്ടാക്കാം എന്നു പലരും പറയാറുണ്ട്. പണം മാത്രമാണോ നല്ല വീട് ഉണ്ടാക്കുന്നതിന്റെ മാനദണ്ഡം എന്നു ചോദിച്ചാല്‍ അല്ല എന്ന അഭിപ്രായക്കാരുമുണ്ട്. സ്വന്തം ആവശ്യങ്ങളും കുറവുകളും അറിഞ്ഞ് വീട് ഡിസൈൻ ചെയ്യുകയാണെങ്കിൽ പണമുള്ളവരുണ്ടാക്കുന്നതിനേക്കാൾ നല്ല വീടുണ്ടാക്കാം. ആവശ്യങ്ങളെക്കുറിച്ച് കൃത്യമായ അറിവുണ്ടെങ്കിൽ വീടിന്റെ വലുപ്പം നിയന്ത്രിക്കാൻ കഴിയുമെന്നതാണ് പ്രധാനകാര്യം. വലുപ്പത്തിൽ നിയന്ത്രണം വരുന്നതോടെ സ്വാഭാവികമായും ചെലവിലും കുറവുവരും. മഞ്ചേരിയിലുള്ള ഷഫീക്കിന്റെ വീട് ശ്രദ്ധേയമായതിനു പിറകിൽ ആവശ്യത്തിനു മാത്രം വലുപ്പം മതി എന്ന തീരുമാനമാണ്.

പാറപ്പുറത്തെ വീട്

1215 ചതുരശ്രയടിയിൽ സ്വീകരണമുറിയും ഊണുമുറിയും രണ്ട് കിടപ്പുമുറികളുമുൾക്കൊള്ളുന്ന വീടിന് മറ്റൊരു പ്രത്യേകത കൂടിയുണ്ട്. പാറയുടെ മുകളിലാണ് വീടിരിക്കുന്നത് എന്നതാണത്. പാറയുടെ മുകളിലായതിനാൽ അടിത്തറയ്ക്കു വേണ്ടി കൂടുതൽ പണം ചെലവാക്കേണ്ടിവന്നിട്ടില്ല.

കന്റെംപ്രറി ഡിസൈനിലുള്ള വീടിനോടായിരുന്നു എല്ലാവർക്കും താൽപര്യം. അതുകൊണ്ട് ഫ്ലാറ്റ് റൂഫ് ചെയ്തു. മലപ്പുറം ജില്ലയിൽ വെട്ടുകല്ല് ധാരാളമായതിനാൽ ഒന്നാംതരം വെട്ടുകല്ലുതന്നെയാണ് ഭിത്തികളുടെ നിർമാണത്തിന് ഉപയോഗിച്ചത്. കല്ല് കൊണ്ടുവരാനുള്ള ഗതാഗതച്ചെലവും കുറഞ്ഞു. പുഴമണൽ ഉപയോഗിച്ചു തന്നെയായിരുന്നു നിർമാണമെല്ലാം.

വീട്ടുവളപ്പിൽ ഉണ്ടായിരുന്നതിനാൽ ജനലുകളുടെയും വാതിലുകളുടെയും നിർമാണത്തിന് തടി വാങ്ങേണ്ടി വന്നില്ല.

വീടിനെക്കുറിച്ച് വ്യക്തമായ ധാരണയുണ്ടായിരുന്നതിനാല്‍ മനസ്സിൽ ആഗ്രഹിച്ച വീടിന്റെ ഏകദേശം രൂപം വരച്ച് ഷഫീക്ക് സുഹൃത്തായ ഡിസൈനര്‍ ഷക്കീബിനെ ഏൽപ്പിക്കുകയായിരുന്നു. ആവശ്യമായ തിരുത്തലുകൾക്കുശേഷം ഷക്കീബ് തന്നെയാണ് നിർമാണം മുഴുവൻ ഏറ്റെടുത്തു ചെയ്തത്.

ഒറ്റനില വീട്ടിൽ ഉണ്ടാകാൻ സാധ്യതയുള്ള ഏറ്റവും വലിയ പ്രശ്നം ചൂടാണ്. അതുകൊണ്ടുതന്നെ നേരിട്ട് ശക്തിയായ വെയിൽ അടിക്കുന്ന മുറികളിൽ ഫോൾസ് സീലിങ് വേണമെന്ന് ആദ്യമേ തീരുമാനിച്ചു. പത്തര അടി ഉയരത്തിൽ നിര്‍മിച്ച മേൽക്കൂരയിൽ ഫോൾസ് സീലിങ് വന്നതോടെ ഉയരം കുറഞ്ഞ് വൃത്തിയാക്കാൻ എളുപ്പവുമായി. ഫർണിച്ചർ എല്ലാം ഡിസൈൻ കൊടുത്തു നിർമിക്കുകയായിരുന്നു. ക്രോസ് വെന്റിലേഷന്റെ കാര്യത്തിൽ പ്രത്യേകം ശ്രദ്ധിച്ചു. ഗ്രാനൈറ്റാണ് ഫ്ലോറിങ്ങിന്.

വേർതിരിക്കാന്‍ ഫോയർ

ലളിതമാണ് പ്ലാൻ. എന്നാല്‍, സ്വകാര്യതയ്ക്കും സ്പേസുകൾ തമ്മിലുള്ള വിനിമയത്തിനും ഒരേപോലെ പ്രാധാന്യം നൽകിയിട്ടുമുണ്ട്. സ്വീകരണമുറിക്കും ഫാമിലി റൂമിനുമിടയിൽ ഫോയർ നിർമിച്ചത് സ്വകാര്യതയ്ക്കാണ്.

കിടപ്പുമുറികള്‍ക്കിടയ്ക്കും ഫോയർ കൊടുത്തിട്ടുണ്ട്.

വീട്ടുകാരന് ലാൻഡ്സ്കേപ്പിങ്ങിൽ വളരെയധികം താൽപര്യമുള്ളതിനാൽ പരമാവധി ഭാഗങ്ങളിൽ കോർട്‌യാർഡുകൾ ഉൾപ്പെടുത്താൻ ശ്രമിച്ചിട്ടുണ്ട്. ലാൻഡ്സ്കേപ്പിങ് ചെയ്തത് വീട്ടുകാരൻ ഷഫീക്ക് തന്നെയാണ്. ഫോയറിനും കിടപ്പുമുറിക്കും ഇടയിലുള്ള സ്ഥലം എക്സ്റ്റീരിയർ കോർട്‌യാർഡ് ആക്കി മാറ്റിയിരിക്കുന്നു.

Space saving tips

വീടിന്റെ വിസ്തീർണം കുറവാണെങ്കിലും അകത്ത് കൂടുതല്‍ സ്ഥലം തോന്നിക്കാൻ മാർഗമുണ്ട്.

1. ഭിത്തിയോടു ചേർത്ത് ഫർണിച്ചറിടുന്നതാണ് സ്ഥലനഷ്ടം കുറയ്ക്കാൻ നല്ലത്. അല്ലെങ്കിൽ ഫർണിച്ചറിന്റെ പിറകിലെ സ്ഥലം ഉപയോഗശൂന്യമാകും.

2. ഭിത്തിയിൽ വെള്ളയും വളരെ ഇളംനിറങ്ങളുമൊഴികെ എന്തും മുറിയുടെ വലുപ്പം കുറച്ചുതോന്നിക്കും. ഫോട്ടോയോ ചിത്രങ്ങളോ കൊണ്ട് ഭിത്തി അലങ്കരിക്കാൻ ആഗ്രഹിക്കുന്നെങ്കിൽ വലിയ ഒറ്റ ചിത്രം വയ്ക്കാതെ, ചെറിയ ഫ്രെയിമുകളാക്കി വയ്ക്കുക.

3. കോർണർ വിൻഡോകൾ അകത്തേക്ക് കൂടുതൽ പ്രകാശം കടത്തിവിടും. ഉള്ള സ്ഥലം ഇരട്ടിയായി പ്രതിഫലിപ്പിക്കാനും ഇതു സഹായിക്കും.

4. ചെറിയ മുറികളിൽ കർട്ടനേക്കാൾ യോജിക്കുക ബ്ലൈൻഡാണ്. ഒതുങ്ങിക്കിടക്കുമെന്നതാണ് ഗുണം.

Beauty Secret

ബോക്സുകളാണ് ഈ വീടിന്റെ എക്സ്റ്റീരിയറിനെ ആകർഷകമാക്കുന്നത്. ജനലുകളുടെ മുകളിൽ മാത്രമുള്ള ലിന്റൽ, ബോക്സ് ആകൃതിയിലാക്കിയതിനാൽ ഒന്നിൽകൂടുതൽ ഗുണങ്ങളുണ്ട്. കാണാനുള്ള ഭംഗി അവയിലൊന്നുമാത്രമാണ്. വീടിനകത്തേക്ക് നേരിട്ട് വെയിൽ അടിക്കാതിരിക്കാനുള്ള ഉപാധികൂടിയാണ് ഈ ബോക്സ്. മാത്രമല്ല, ഇവിടെ നിലത്ത് ചെടികൾ നട്ട് ചെറിയ കോർട്‌യാർഡ് കൂടിയാക്കിമാറ്റാൻ സഹായിക്കുന്നു. പാരപ്പെറ്റിന് ഷേഡിന്റെ ആകൃതി കൂടിയുള്ളതിനാൽ വെള്ളമൊലിച്ച് ചുവരുകൾ വൃത്തികേടാകുകയുമില്ല.

Project Facts

Area: 1215 Sqft

Designer: ഷക്കീബ് വല്ലച്ചിറ,

ടീം സ്പേസ് ടാഗ്, മഞ്ചേരി

infospacetag@gmail.com

Location: പാലക്കുളം, മഞ്ചേരി

Year of completion: 2017