ഗൃഹപ്രവേശത്തിന്റെ തലേന്ന് ഫ്ലാറ്റിന്റെ വാതിൽ തുറന്ന് അകത്തുകയറിയ സുധീറും രാഗിയും ഞെട്ടിപ്പോയി. അവിടെ അവരെ കാത്ത് ചില കൊച്ചു കൊച്ചു സർപ്രൈസുകളുണ്ടായിരുന്നു. അപ്പോഴാണ് കുറച്ചു ദിവസങ്ങളായി അവിടേക്ക് അടുപ്പിക്കാത്തതിന്റെ രഹസ്യം അവർക്കു പിടികിട്ടിയത്. ഏതു പ്രൊജക്ടിലും ഇത്തരം ചില കൗതുകങ്ങൾ ഒളിപ്പിക്കാറുണ്ട് ഈ ഡിസൈനർ ടീം. ഡോക്ടര്‍ ദമ്പതികളായ സുധീറിനോടും രാഗിയോടും മണിക്കൂറുകളോളം സംസാരിച്ച് അവരുടെ ഇഷ്ടാനിഷ്ടങ്ങൾ മനസ്സിലാക്കിയാണ് ഈ ഫ്ലാറ്റ് ഒരുക്കിയത്. ഭംഗിയോടൊപ്പം വൃത്തിയാക്കാനും ഉപയോഗിക്കാനുമുള്ള എളുപ്പത്തിനായിരുന്നു മുൻഗണന.
Family and Dining
ചെറിയ ഇടമായിരുന്ന ഇതിനെ വലുതായി തോന്നിക്കാൻ ചുമരിൽ ബാക്‌ലിറ്റ് മിറർ നൽകി. ഒലിവ് ഗ്രീൻ നിറത്തിലുള്ള സോഫയും സെന്റർ ടേബിളും പണിതു. ലിവിങ് റൂമിന് മണ്ണിന്റെ നിറവും ഫാമിലി ലിവിങ്ങിന് പ്രകൃതിയുടെ നിറവും നൽകി. ക്ലോസ്ഡ് കിച്ചനെ ഓപൻ ആക്കിയപ്പോൾ ഫാമിലി ലിവിങ്, ഡൈനിങ്, അടുക്കള എന്നിവയെ ഒറ്റച്ചരടിൽ കോർത്തെടുക്കാനായി.
Living Room
മണ്ണിനോടിണങ്ങിയ ബ്രൗൺ നിറമാണ് ലിവിങ് റൂമിന്. ഫൈബറിൽ ഹാൻഡ്ക്രാഫ്റ്റ് ചെയ്ത ധ്യാനനിമഗ്നനായ ബുദ്ധരൂപം ഡിസൈൻ ടീം വീട്ടുകാർക്കൊരുക്കിയ സർപ്രൈസിൽ ഒന്നാണ്. മൾട്ടിവുഡിൽ പിയാനോ ഡിസൈനിൽ ഒരുക്കിയ സ്റ്റഡി ടേബിളിൽ ഗൃഹനാഥനായ ഡോക്ടർക്ക് എക്സ്റേ പരിശോധിക്കാനുള്ള സൗകര്യവുമുണ്ട്. കൈകൊണ്ടു വരയുമ്പോൾ ഡിസൈൻ വിരിയുന്ന സ്വേഡ് ഫാബ്രിക് കൊണ്ടാണ് സോഫയുടെ അപ്ഹോൾസ്റ്ററി.
Dining Room
ആറ് സീറ്റർ ഊണുമേശ ആവശ്യാനുസരണം എട്ട് സീറ്റർ ആക്കാം. പൊടി പിടിക്കാന്‍ പാടില്ല എന്ന വീട്ടുകാരിയുടെ പ്രത്യേക നിർദേശ പ്രകാരം സീലിങ്ങിലും ടിവി യൂണിറ്റിനു മുകളിലുമുള്ള സിഎൻസി കട്ടിങ്ങിനകം ഫിൽ െചയ്തു. സീലിങ്ങിൽ ബാക്‌ലിറ്റ് ചെയ്തിട്ടുണ്ട്. ചെയിനിൽ തൂക്കി ഫോൾസ് സീലിങ് നൽകിയതിനാല്‍ ലൈറ്റ് മാറ്റാൻ എളുപ്പമാണ്.
Foyer and Pooja
വീട്ടുകാരിയുടെ ഇഷ്ടമറിഞ്ഞ് ഫോയറിൽ പൂജാമുറി ഒരുക്കി. മൾട്ടിവുഡിൽ കൊത്തിയെടുത്ത വാതിലിൽ ആന്റിക് പെയിന്റ് ചെയ്തു. അച്ഛൻ, അമ്മ, രണ്ടു മക്കൾ എന്നിവരുടെ കാൽപാദവും കൈപ്പത്തിയും പതിച്ചെടുത്ത് ഫോയറില്‍ അലങ്കാരമാക്കി. ഇതും വീട്ടുകാരെ ഞെട്ടിച്ച ഒരു സമ്മാനമാണ്. ഇലക്ട്രിക് ബോക്സ് മറയ്ക്കാനും ഇത് സഹായകമായി.
Bedrooms
മൂന്ന് കിടപ്പുമുറികളാണുള്ളത്. മാസ്റ്റര്‍ ബെഡ്റൂമിന് വുഡന്‍ ഫ്ലോറിങ് ആണ്. സിനിമകൾ ഇഷ്ടപ്പെടുന്ന വീട്ടുകാർക്ക് അതിനായി ചുമരിൽ പ്രോജക്ടറും നൽകി. ഗെസ്റ്റ് ബെഡ്റൂമിന്റെ ഹൈലൈറ്റ് ചുമരിലെ അനലോഗ് ഡിജിറ്റൽ എൽഇഡി ക്ലോക്ക് ആണ്. കുട്ടികളുടെ മുറിയുടെ സീലിങ്ങിൽ ഫുട്ബോളിന്റെ മാതൃകയിൽ കറുപ്പും വെളുപ്പും തടിയിൽ പെയിന്റ് ചെയ്തു. വാതിലിൽ അവരുടെ പേരുകൾ കാറിന്റെ നമ്പർ പ്ലേറ്റിന്റെ രൂപത്തിൽ പിടിപ്പിച്ചിട്ടുണ്ട്.
Project Facts
Area: 1900 Sqft
Designed by: ആർഎൻജെ ഇൻഫ്രാടെക്
കവടിയാർ, തിരുവനന്തപുരം
julie@rnjpl.com
Location: പട്ടം, തിരുവനന്തപുരം
Year of completion: മേയ്, 2017