വാക്കിലല്ല, പ്രവൃത്തിയിലും ഇക്കോ ഫ്രണ്ട്‌ലിയാണ് ഈ വീട്

വീട്ടിൽ ആവശ്യം ഉള്ള വൈദ്യുതിയുടെ മുക്കാൽ പങ്കും ഉൽപാദിപ്പിക്കുന്നത് മേൽക്കൂരയിലെ സോളാർ പാനലിൽ നിന്നാണ്.

തൊടുപുഴ വണ്ടമറ്റത്തുള്ള കുന്നിൻ ചെരുവിൽ ആണ് ബേബി തോമസിന്റെയും കുടുംബത്തിന്റെയും  ഇരുനിലവീട് സ്ഥിതി ചെയ്യുന്നത്. സ്വാഭാവിക ഭൂപ്രകൃതിക്ക് മാറ്റം വരുത്താതെയാണ് വീട് പണിതത്. റോഡിൽ നിന്നും വീട്ടിലേക്കുള്ള ഡ്രൈവ് വേയുടെ ഇരുവശവും പൂന്തോട്ടത്തിനുള്ള സ്ഥലം ഇട്ടിട്ടുണ്ട്. സമകാലിക ശൈലിയിലാണ് പുറംകാഴ്ച. പല തട്ടുകളായി ഒരുക്കിയ സ്ലോപ് റൂഫുകളിൽ ഓടുവിരിച്ചിരിക്കുന്നു. ഇത് കാഴ്ചയിലെ ഭംഗിക്കൊപ്പം ചൂട് കുറയ്ക്കാനും സഹായിക്കുന്നു. 

2890 ചതുരശ്രയടിയുള്ള വീടിന്റെ താഴത്തെ നിലയിൽ പോർച്ച്, ലിവിങ് റൂം, ഡൈനിങ് റൂം, കിച്ചൻ, വർക്ക്‌  ഏരിയ, സ്റ്റോർ, 2 ബാത് അറ്റാച്ഡ് ബെഡ്റൂമുകൾ എന്നിവ ക്രമീകരിച്ചു. മുകൾനിലയിൽ ഫാമിലി ലിവിങ്, ബാൽക്കണി, രണ്ട് ബാത് അറ്റാച്ഡ് ബെഡ്റൂമുകൾ, പ്രയർ ഏരിയ എന്നിവ ഒരുക്കിയിരിക്കുന്നു.

സെമി ഓപ്പൺ ശൈലിയിലാണ് അകത്തളങ്ങൾ. സ്വീകരണമുറിക്കും ഊണുമുറിക്കും ഇടയിലായി പ്രെയർ സ്‌പേസ് ക്രമീകരിച്ചു. ഇത് ഊണുമുറിക്ക് സ്വകാര്യത നൽകുകയും ചെയ്യുന്നു. പ്ലൈവുഡ്- വെനീർ ഫിനിഷിലാണ് ഇന്റീരിയർ ഫർണിഷിങ് ചെയ്തത്. ഗ്രാനൈറ്റാണ് നിലത്ത് വിരിച്ചിരിക്കുന്നത്.

വീടിനുള്ളിൽ സ്വാഭാവിക പ്രകാശം എത്തിക്കുന്നതിനായി ലൈറ്റ് കോർട്യാർഡ് ഉപയോഗിച്ചിരിക്കുന്നു. മൈൽഡ് സ്റ്റീൽ കൊണ്ടാണ് ഗോവണിയുടെ കൈവരികൾ. ഗോവണിയുടെ താഴെയായി സ്റ്റോറേജ് സ്‌പേസ് ക്രമീകരിച്ചു. സമീപം ആറുപേർക്കിരുന്നു ഭക്ഷണം കഴിക്കാൻ പാകത്തിൽ ഊണുമേശ.

മോഡുലാർ കിച്ചൻ കസ്റ്റം മെയ്ഡായി ഡിസൈൻ ചെയ്തവയാണ്. പ്ലൈവുഡ്- ലാമിനേറ്റ് ഫിനിഷിലാണ് ഫർണിഷിങ്. 

പരിസ്ഥിതി സൗഹൃദ മാതൃകകൾ വീട്ടിൽ അവലംബിച്ചിട്ടുണ്ട്. വീട്ടിൽ ആവശ്യം ഉള്ള വൈദ്യുതിയുടെ മുക്കാൽ പങ്കും ഉൽപാദിപ്പിക്കുന്നത്  മേൽക്കൂരയിലെ സോളാർ പാനലിൽ നിന്നാണ്. മഴവെള്ളം സംഭരിക്കാൻ 20000 ലിറ്റർ ജലസംഭരണി ക്രമീകരിച്ചിരിക്കുന്നു. മേൽക്കൂരയിലെ ജലം ഉപയോഗിച്ച് കിണർ റീചാർജ് ചെയ്യാനുള്ള സംവിധാനം ഇവിടെ നൽകിയിരിക്കുന്നു.

പരിസ്ഥിതി സൗഹൃദമായി വീട് പണിയാൻ ആഗ്രഹിക്കുന്നവർക്ക്എന്തുകൊണ്ടും മാതൃകയാക്കാവുന്ന സമീപനം തന്നെ...

Project Facts

Location- Thodupuzha, Idukki

Area- 2890 SFT

Owner- Baby Thomas

Designer- Jaison

Structural engineer -Siji 

Construction-Purple builders, Thodupuzha.

Mob- 9495602810

purplebuilders@gmail.com