നാലുകെട്ടിന്റെ നന്മമുഖം

തിരുവനന്തപുരം വെള്ളനാട്ടെ 5877 ചതുരശ്രയടിയുള്ള നാലുകെട്ട് പൂർണമായി വാസ്തുവനുസരിച്ച് നിർമിച്ചതാണ്...

ഏതെല്ലാം ട്രെൻഡുകൾ മാറിമറിഞ്ഞാലും നാലുകെട്ടുകൾക്ക് എന്നും എപ്പോഴും സ്ഥാനം മുന്നിൽതന്നെയാണ്. വാസ്തു അനുസരിച്ചു വീടുപണിയുക എന്നു ചിന്തിക്കുമ്പോൾ നാലുകെട്ടു നിർമിക്കുക എന്ന ചിന്തയാണ് സ്വാഭാവികമായി ഉണ്ടാകുക. വാസ്തുവിനനുസരിച്ച് വീടുവയ്ക്കാൻ നെടുമങ്ങാടിനടുത്ത് വെള്ളനാടുള്ള രവീന്ദ്രനും കുടുംബവും അർജുൻ & അസോഷ്യേറ്റ്സിലെ അർജുനെ സമീപിച്ചപ്പോള്‍ നാലുകെട്ട് തന്നെയായിരുന്നു മനസ്സിൽ. വിദേശത്ത് ബിസിനസ്സ് ചെയ്യുന്ന രവീന്ദ്രന് നാലുകെട്ട് നൊസ്റ്റാൾജിയ കൂടിയാണ്.

27 സെന്റിലാണ് വീടു പണിതത്. 3035 സ്ക്വയർഫീറ്റ് താഴെയും 2842 സ്ക്വയർഫീറ്റ് മുകളിലുമായി ആകെ വലുപ്പം 5877ചതുരശ്രയടി. തടികൊണ്ടുള്ള പണികളാണ് ഈ വീടിനെ ആഡംബരവിഭാഗത്തിൽപ്പെടുത്തുന്നത്.

കൊളോണിയൽ നാലുകെട്ട്

നാലുകെട്ട് ആണെങ്കിൽപോലും ബംഗ്ലാവ് എന്ന വിഭാഗത്തിൽ ഉൾപ്പെടുത്താവുന്ന വീടാണിത്. പരമ്പരാഗത വീടിന്റെ ഘടകങ്ങൾ പലതുമുണ്ടെങ്കിലും കൊളോണിയൽ ശൈലിയുടെ സ്വാധീനവും എക്സ്റ്റീരിയറിലുണ്ട്. ഡബിൾ ഹൈറ്റുള്ള കാർപോർച്ചും ആർച്ച് ആകൃതിയിലുള്ള ജനലുകളും ബാൽക്കണിയിലെ ഗ്രില്ലുമാണ് എക്സ്റ്റീരിയറിനെ കൊളോണിയൽ ശൈലിയിലാക്കുന്നത്.

വീടിന്റെ മധ്യഭാഗത്ത് പടിഞ്ഞാറ് വശത്തേക്കു മാറി നിർമിച്ച തുളസിത്തറ വാസ്തുപരമായും സൗന്ദര്യശാസ്ത്രപരമായും വീടിനു മൂല്യം കൂട്ടുന്നു.

അകത്തേക്കു പോകുംതോറും പരമ്പരാഗത കേരളീയ ശൈലിയുടെ തനിമ കാണാം. സിറ്റ്ഔട്ട് പൂർണമായും തടിയിൽ പൊതിഞ്ഞാണ്. പാനലിങ്ങും തട്ടും തൂണുകളുമെല്ലാം തടിതന്നെ. തേക്കാണ് പ്രധാനമായി ഉപയോഗിച്ചിരിക്കുന്നത്.

എന്നാൽ, പ്രധാനവാതിൽ സ്റ്റെയിൻലെസ് സ്റ്റീല്‍ കൊണ്ടുള്ളതാണ്. ഇറക്കുമതി ചെയ്ത ഈ വാതിൽ പൂർണമായി റിമോട്ട് ഉപയോഗിച്ച് നിയന്ത്രിക്കാം. സ്റ്റീൽ കൊണ്ടുള്ള വാതിൽ ആണെങ്കിലും മുകളിൽ മംഗളപലക വച്ച് ആകർഷകമാക്കിയിട്ടുണ്ട്. വീട്ടുകാരന്റെ ബിസിനസ് ചർച്ചകൾക്കും ഡോക്ടർമാരായ മക്കളുടെ ഉപയോഗങ്ങൾക്കുമായി, സിറ്റ്ഔട്ടിനോടു ചേർന്ന് ഓഫിസ് റൂം കൂട്ടിച്ചേർത്തു.

മൂന്ന് സ്വീകരണമുറികളാണ് താഴത്തെ നിലയിൽ. ഫോർമൽ ലിവിങ് റൂം മുറിയായിതന്നെ മാറ്റിയിരിക്കുന്നു. കോർട്‌യാർഡിനിരുപുറവുമാണ് പൊതുവായ സ്വീകരണമുറിയും ഫാമിലി ലിവിങ് ഏരിയയും. നടുമുറ്റത്തിന്റെ ഒരു വശത്ത് ഡൈനിങ് ഏരിയയും ക്രമീകരിച്ചിരിക്കുന്നു. അടുക്കളയിൽ നിന്നുള്ള വാതിൽ ഡൈനിങ്ങിലേക്കു തുറക്കുന്ന രീതിയിലാണ് പ്ലാൻ വരച്ചത്. അടുക്കളയ്ക്കപ്പുറം വർക്ഏരിയയും സ്റ്റോറും സഹായിയുടെ മുറിയും ചെറിയ വരാന്തയുമുണ്ട്.

കലക്കൻ കോർട്‌യാർഡ്

വീടിന്റെ ഏറ്റവും ആകർഷകമായ ഭാഗങ്ങളിലൊന്നാണ് കോർട്‌യാർഡ്. ഡബിൾ ഹൈറ്റുള്ള ഈ കോർട്‌യാർഡിനിരുവശവുമുള്ള ചാരുപടിയിൽ ഇരിക്കാം. തടികൊണ്ടാണ് ചാരുപടിയുടെയും തൂവാനത്തിന്റെയുമെല്ലാം നിർമാണം. ബാത്റൂം അറ്റാച്ഡ് ആയ രണ്ട് കിടപ്പുമുറികള്‍ താഴെയുണ്ട്. താഴത്തെ പ്രധാന കിടപ്പുമുറിയിൽ ഡ്രസിങ് റൂമുമുണ്ട്. എന്നാൽ താരതമ്യേന ചെറിയ കിടപ്പുമുറിയിൽ ബാത്റൂം മാത്രമേയുള്ളൂ. ഡൈനിങ്ങിന്റെ വാഷ്ഏരിയയോടു ചേർന്ന് പൗഡർറൂമുള്ളതിനാല്‍ അതിഥികൾ വരുമ്പോള്‍ കിടപ്പുമുറികളിലെ ബാത്റൂം ഉപയോഗിക്കേണ്ടിവരുന്നില്ല.

മുഴുവൻ തടികൊണ്ടുള്ള ഗോവണിയാണ് മറ്റൊരാകർഷണം. പൂജാമുറി മുകളിലെ നിലയിലാണ് എന്നത് ഈ വീടിന്റെ വ്യത്യസ്തതയാണ്. മുകളിൽ ലിവിങ്ങും പൂജാമുറിയും കൂടാതെ ജിംനേഷ്യത്തിനും സ്ഥാനം നൽകിയിട്ടുണ്ട്. കൊത്തുപണികളോടെ നിർമിച്ച പൂജാമുറിയുടെ വാതിൽ തടിപ്പണിയുടെ ആരാധകരെ ആവേശം കൊള്ളിക്കും.

ഭംഗിക്ക് ബാൽക്കണി

നാല് കിടപ്പുമുറികളാണ് മുകളിലെ നിലയിൽ. ഇതിലെ മൂന്ന് കിടപ്പുമുറികളിലും ബാത്റൂം കൂടാതെ ഡ്രസിങ് ഏരിയയുമുണ്ട്. മുകളിൽനിന്ന് താഴെ കോർട്‌യാർഡിലേക്കു നോക്കിനിൽക്കാൻ താൽപര്യമുണ്ടെങ്കിൽ അതുമാകാം. സിറ്റ്ഔട്ടിന്റെ അതേ വലുപ്പത്തിൽ പുറത്തേക്ക് തള്ളിനിൽക്കുന്ന ബാൽക്കണി എക്സ്റ്റീരിയറിന്റെ കാഴ്ചയെ വളരെയധികം സ്വാധീനിച്ച ഘടകമാണ്. ബാൽക്കണിയുടെ പുറത്ത് താഴത്തെ നിലയുടെ ഷേഡിനു മുകളില്‍ ഗ്രിൽ സ്ഥാപിച്ച് ബാൽക്കണിക്ക് തൊങ്ങലിടുകയും ചെയ്തു.

ഗ്രാനൈറ്റ് കൊണ്ടാണ് ഫ്ലോറിങ് ചെയ്തത്. കബോർഡുകൾക്കെല്ലാം തടിതന്നെ തിര‍ഞ്ഞെടുത്തു. ഗാംഭീര്യം ഒട്ടും കുറയ്ക്കാതെയാണ് ഈ വീട് നിർമിച്ചതെന്ന് ഡിസൈൻ ചെയ്ത അർജുൻ പറയുന്നു. തൂണുകളിൽ തേക്ക് പാനലിങ് ചെയ്തതും വീടിന്റെ ആഡംബരത്തിന് മാറ്റുകൂട്ടി.

ഫോൾസ് സീലിങ് ചെയ്ത് സ്പോട്‌ലൈറ്റ് കൊടുത്തിട്ടുണ്ടെങ്കിലും ആവശ്യമുള്ളയിടങ്ങളിലെല്ലാം ട്രഡീഷനൽ ശൈലിക്കു മാറ്റു കൂട്ടുന്ന ലാംപ്ഷേഡുകളും ഉപയോഗിച്ചിട്ടുണ്ട്. ഫർണിച്ചർ വാങ്ങിയതും തടികൊണ്ടു നിർമിച്ചതുമുണ്ട്.

വാസ്തുശാസ്ത്രമനുസരിച്ച്

പൂർണമായി വാസ്തുവിന് അനുസൃതമായി നിർമിച്ച ഈ വീടിന്റെ പ്രധാന ചുറ്റളവ് 91 കോൽ ആണ്. എക്സ്റ്റീരിയർ കൊളോണിയൽ സ്പർശത്തോടെയാണ് ഡിസൈൻ ചെയ്തിരിക്കുന്നതെങ്കിലും മറ്റു വിശദാംശങ്ങൾ തനി കേരളീയ വീടുകളുടേതാണ്. വീടിന്റെ ചുറ്റളവും മുറികളുടെ അളവും അങ്കണത്തിന്റെ അളവുമെല്ലാം വാസ്തുവിൽ അനുശാസിക്കുന്നതുപോലെ ഡിസൈൻ ചെയ്തു. മുൻവശത്തെ വരാന്തയിൽ തടിയാണ് പ്രധാനമായി ഉപയോഗിച്ചിരിക്കുന്നത്. കോർട്‌യാർഡും ഗോവണിയുമെല്ലാം തടിപ്രധാനമായി തന്നെ നിർമിച്ചു. വീടിന്റെ മധ്യഭാഗത്ത് പടിഞ്ഞാറുവശത്തുമാറി തുളസിത്തറയുമുണ്ട്. പ്രധാനവാതിൽ തടികൊണ്ടല്ലെങ്കിലും അതിനു മുകളിൽ മംഗളപത്രം കൊത്തിവച്ചു. കേരളത്തിലെ പഴയ വീടുകളിൽ ചെയ്തുവന്നിരുന്ന രീതിയാണിത്. ഇങ്ങനെ തടിപ്പണിക്ക് പ്രാധാന്യം നൽകി അൽപം ആർഭാടത്തോടെയാണ് ഈ വീട് നിർമിച്ചത്.

Project Facts

Area: 5877 Sqft

Engineer: ബി. അർജുൻ

അർജുൻ & അസോഷ്യേറ്റ്സ്

പട്ടം, തിരുവനന്തപുരം

arjunandassociates@gmail.com

Location: വെള്ളനാട്, തിരുവനന്തപുരം