കാത്തിരുന്നത് 23 വർഷങ്ങൾ, ഒടുവിൽ സ്വപ്നസാഫല്യം!

നമ്മൾ ആഗ്രഹിക്കുന്ന വീട് എത്ര കാലം കഴിഞ്ഞാലും നമ്മെ തേടിവരും എന്നു അജിത്തിന്റെ അനുഭവം അടിവരയിടുന്നു.

രസതന്ത്രം എന്ന സിനിമയിൽ മോഹൻലാൽ അവതരിപ്പിക്കുന്ന ആശാരി കഥാപാത്രം പറയുന്ന ഒരു ഡയലോഗുണ്ട്. 'ഒരു വീട് നാം ആഗ്രഹിക്കുമ്പോൾ, ആ വീട് നമ്മെ ആഗ്രഹിക്കുന്നുണ്ടോ എന്ന് ചിന്തിക്കണ'മെന്ന്...പാലക്കാട് സ്വദേശിയും പ്രവാസിയുമായ അജിത്തിന്റെ വീടുപണി അനുഭവം ഇതിനു സമാനമാണ്. നമ്മൾ ആഗ്രഹിക്കുന്ന വീട് എത്ര കാലം കഴിഞ്ഞാലും നമ്മെ തേടിവരും എന്നു അജിത്തിന്റെ അനുഭവം അടിവരയിടുന്നു. പൈതൃകം എന്ന മൺവീട് പണിതതിന്റെ പിന്നിലുള്ള കാത്തിരിപ്പും അധ്വാനവും സന്തോഷവും ഗൃഹനാഥനായ അജിത് പങ്കുവയ്ക്കുന്നു.. 

മനസ്സിലുള്ള ആശയത്തിനനുസരിച്ച് ഒരു വീടുവയ്ക്കാനുള്ള ഒരുക്കത്തിലാണ് ഞാൻ ബഹറിനിൽ ഉണ്ടായിരുന്ന ജോലിയിൽ നിന്ന് ഇടവേള എടുത്ത് നാട്ടിൽ വന്നത്. മാനസികമായ ഒരു തയാറെടുപ്പും കുറച്ച് സാങ്കേതികമായ അന്വേഷണങ്ങളും നടത്തി എന്നല്ലാതെ സാമ്പത്തികമായ മുന്നൊരുക്കങ്ങളൊന്നും വീട് പണിക്കായി ഞാൻ നടത്തിയിരുന്നില്ല.

ബാങ്കിൽ നിന്ന് കുറച്ച് ഹൗസിങ് ലോൺ എടുക്കാം എന്ന കാഴ്ചപ്പാടിലാണ് കാര്യങ്ങൾ മുന്നോട്ട് നീക്കിയത്. എന്തുവന്നാലും കോൺക്രീറ്റും സിമൻറും ഉപയോഗിച്ച ഒരു സങ്കേതത്തിൽ വീടു പണിയുകയില്ല എന്ന് ഞാൻ 1989 ലേ തീരുമാനിച്ചിരുന്നു. അതിന് ഒരു കാരണവും കൂടി ഉണ്ടായിരുന്നു.1989 ജൂലായ് മാസം ഇറങ്ങിയ മനോരമ പേപ്പറിന്റെ വാരാന്ത്യ പേജിൽ അതിമനോഹരമായി പണിത ഒരു കളിമൺ വീടിനെ കുറിച്ച് ജിജോ ജോൺ പുത്തേഴത്ത് എഴുതിയ ഒരു ലേഖനം വായിച്ചതിന്റെ ത്രില്ലിലായിരുന്നു ഞാൻ. കൊല്ലത്ത് ജിജേന്ദ്രൻ എന്ന വ്യക്തിക്കുവേണ്ടി പ്രശസ്ത വാസ്തുശിൽപ്പി പ്രഫസർ യൂജിൻ പണ്ടാല നിർമിച്ച ഗൃഹമായിരുന്നു അത്. ഞാനൊരു വീട് എന്നെങ്കിലും പണിയുകയാണെങ്കിൽ അത് ഒരു മൺവീട് തന്നെയായിരിക്കും എന്ന് അതോടെ ഉറപ്പിച്ചു.

ഞാൻ ആ വീട് പോയി കണ്ടു. വീട്ടുടമയെ പരിചയപ്പെട്ടു. യൂജിൻ പണ്ടാലയെ അദ്ദേഹത്തിന്റെ വീട്ടിൽ പോയി കണ്ടു. കൊല്ലത്തെ കല്ലട ഇറിഗേഷൻ പദ്ധതിയുടെ ഭാഗമായി കനാൽ കുഴിച്ചപ്പോൾ ലഭിച്ച മണ്ണ് ഉപയോഗിച്ച് കോബ് സാങ്കേതിക വിദ്യ ഉപയോഗിച്ച്, പരമ്പരാഗതമായ ക്ഷേത്ര ഗണിത രൂപങ്ങളെ അപ്പാടെ ഒഴിവാക്കി കൈ കൊണ്ട് മെനഞ്ഞെടുത്ത ഒരു ശിൽപ്പം തന്നെയായിരുന്നു ആ വീട്.

കർവ്ഡ് ചുമരുകളും ഇൻബിൽറ്റ് ആയി മണ്ണിൽ നിർമ്മിച്ച കബോർഡുകളും കട്ടിലുകളും, ഫില്ലർ സ്ലാബിൽ ചെയ്ത് ചെരാത് പോലുള്ള കമഴ്ത്തോടുകൾ അടുക്കിപ്പെറുക്കി വെച്ച റൂഫും കാണുന്നവർക്ക് ഒരു പുതിയ അനുഭവമായിരുന്നു. എല്ലാത്തിനും ഉപരിയായി നട്ടുച്ച വെയിലിലും വീടിനുള്ളിൽ തളം കെട്ടി നിന്ന കുളിർമ ഹൃദ്യമായ ഒരു ഫീലിംഗായി മനസ്സിൽ തങ്ങി നിന്നു.

ആ സന്ദർശനത്തിനു ശേഷം, മൺവീടെന്ന സ്വപ്നം താലോലിച്ച് വീണ്ടും നീണ്ട 23 കൊല്ലങ്ങൾ ഞാൻ ക്ഷമയോടെ കാത്തിരുന്നു, ഞങ്ങളുടെതായ മൺകുടിൽ എന്ന അഭിലാഷസാക്ഷാത്ക്കാരത്തിനായി. 2010 ആയപ്പോഴേക്കും മനസ്സിലെ ആഗ്രഹങ്ങൾക്ക് കുറച്ചു കൂടി കനം വെച്ചു തുടങ്ങി.

അനുയോജ്യമായ ഒരു സ്ഥലം അതിനകം കണ്ടെത്തി. പിന്നീട് കാര്യങ്ങൾ വേഗം മുന്നോട്ട് പോയി. ആർക്കിടെക്ട് ജി ശങ്കറിനെ ഒരു സുഹൃത്തുമായി പോയി കണ്ടു. അപ്പോൾ കേരളത്തിൽ മൺവീടുകളുടെ നിർമിതിയിൽ യൂജിൻ പണ്ടാലയും ശങ്കറും മാത്രമേ അറിയപ്പെടുന്നവരായി ഉണ്ടായിരുന്നുള്ളൂ. ശങ്കർജി കുറെയേറെ ചർച്ചകൾക്കുശേഷം എന്റെ കൃത്യമായ അഭിരുചി മനസ്സിലാക്കി ഭംഗിയുള്ള നിർമിതിക്കു വേണ്ടി ഒരു പ്ലാൻ വരച്ചു തന്നു.

ആയിടക്കാണ് തൃശൂരിലെ ശ്രീനിവാസൻ എന്ന എൻജിനീയറെ പരിചയപ്പെട്ടത്. അദ്ദേഹം എഴുത്തുകാരി സാറാ ജോസഫിന്റെ മകളുടെ ഭർത്താവാണ്. മൺവീട് നിർമാണത്തിൽ, പ്രത്യേകിച്ച് അവയുടെ ചുമരുകളിൽ സ്മൂത്ത് മഡ് പ്ലാസ്റ്ററിങ്ങിന്റെ സാങ്കേതിക വിദ്യ അദ്ദേഹം മാത്രമാണ് നടപ്പിൽ വരുത്തി വിജയിച്ചതായി എനിക്ക് കാണാൻ കഴിഞ്ഞത്. പോരാത്തതിന് ചുമരുകൾക്കൊക്കെ അങ്ങേയറ്റം മിനുസം വരുത്തി മഡ് പ്ലാസ്റ്റർ ചെയ്യുന്നതിൽ വിദഗ്ദ്ധരായ ജോലിക്കാരും അദ്ദേഹത്തിനുണ്ടായിരുന്നു. 

ചുമരുകളും സ്ട്രക്ചറൽ ജോലികളും, മെയിൻ സ്ലാബും അദ്ദേഹത്തിന്റെ മേൽനോട്ടത്തിൽ ചെയ്തു. ചുമരുകൾ മൺകട്ടകൾ ഉണ്ടാക്കി അടുക്കി വെച്ച് മണ്ണു കൊണ്ട് തന്നെ ജോയ്ൻറുകൾ അടച്ചും, ചിലയിടങ്ങളിൽ ചുമർ കനത്തിൽ പലകയടിച്ച് കോൺക്രീറ്റ് നിറക്കുന്ന പോലെ കുഴച്ച മണ്ണ് റാം ചെയ്ത് (ഇടിച്ചിറക്കി) പല ഘട്ടങ്ങളിലുമാണ് ഉണ്ടാക്കിയത്. പശിമയുള്ള മണ്ണ്, ചെറിയൊരളവ് മണലും, കുമ്മായവും കൂട്ടി നല്ലപോലെ ചവിട്ടിക്കുഴച്ചാണ് ഇതിന് ഉപയോഗിച്ചത്.

നീറ്റു കുമ്മായം ഉപയോഗിക്കുന്നത് കൊണ്ട് മണ്ണിൽ അവശേഷിക്കുന്ന ചിതലിന്റെ മുട്ടകൾ വരെ നശിക്കും എന്നാണ് നിരീക്ഷണം. മെയിൻ സ്ലാബ് ഫില്ലർ സാങ്കേതികത ഉപയോഗപ്പെടുത്തിയാണ് ചെയ്തത് എന്ന് പറഞ്ഞുവല്ലൊ. സ്ലാബിന്റെ കൃത്യം ഇടവേളകളിൽ പഴയ മേച്ചിലോട് രണ്ട് വീതം അടുക്കി വെച്ച് അതിനിടക്കുള്ള ഭാഗങ്ങളിൽ സാധാരണ കോൺക്രീറ്റ് ചെയ്യുന്നതാണ് ഫില്ലർ കോൺക്രീററ് രീതി.

30-40 ശതമാനം കമ്പിയും സിമൻറും മണലും കുറവെ വേണ്ടൂ ഈ സംവിധാനത്തിന് എന്നതുകൊണ്ട്  മൊത്തം വീടു പണിക്ക് വേണ്ടി വരുന്ന ചിലവിൽ ഗണ്യമായ വ്യത്യാസം നമുക്ക് അനുഭവപ്പെടും. ചുമരുകളുടെ പ്ലാസ്റ്ററിംഗ് രണ്ട് ഘട്ടത്തിലായാണ് ചെയ്തത്. ആദ്യത്തെത് റഫ് കോട്ടും അതു നല്ലപോലെ ഉണങ്ങിക്കഴിഞ്ഞാൽ സ്മൂത്ത് ഫിനിഷിങ് കോട്ടും.

റഫ് കോട്ടിങ്ങിന് മണ്ണ് തയ്യാറാക്കുമ്പോൾ അതിൽ നെല്ലിന്റെ ഉമി ( paddy husk), ഊഞ്ഞാല് വള്ളി എന്ന് ഒറ്റപ്പാലം ഭാഗത്ത് അറിയപ്പെടുന്ന ഒരു കാട്ടുവള്ളി ചതച്ച് പിഴിഞ്ഞ് കിട്ടുന്ന കൊഴുത്ത ദ്രാവകം, ചുണ്ണാമ്പ് എന്നിവ ചേർത്താണ് ചവിട്ടി കുഴച്ചത്. വേണ്ട കനത്തിൽ ഈ മിശ്രിതം ചുമരിൽ പ്ലാസ്റ്ററായി ചെയ്ത് അതിന്റെ പ്രതലം പലക തേച്ച് കയറ്റിറക്കങ്ങൾ ഇല്ലാത്ത പോലെ ഒരു റഫ് ഫിനിഷിൽ തേച്ചിടുന്നു. പ്രതലം ഉണങ്ങിക്കഴിഞ്ഞാൽ നല്ല ഭംഗിയുള്ള കളറിലുള്ള മണ്ണ് കണ്ടെത്തി തരികൾ ഉണ്ടെങ്കിൽ അത് ഉരലിൽ ഇടിച്ച് പൊടിയാക്കി 

ഉണ്ണിയപ്പത്തിന് പൊടിക്കുന്ന അരിപ്പൊടി പോലെ തരികളേതുമില്ലാതെ തെളളിയെടുത്ത് അതിൽ ചെറിയൊരളവ് സിമൻറും, അതിലും കുറഞ്ഞ അളവിൽ കുമ്മായ പൊടിയും ചേർത്ത് നല്ലപോലെ ചേർത്ത് ഇളക്കി യോജിപ്പിച്ച് അതിൽ കുറച്ച് വെള്ളം ചേർത്ത് വീണ്ടും ചവിട്ടി കുഴച്ച് ടൂത് പേസ്റ്റിന്റെ ഘടനാ പരുവത്തിൽ, ചുമരിൽ നേരിയ കോട്ടിംഗ് ആയി തേപ്പ് ചട്ടുകം ( കോലരി) കൊണ്ട് തേച്ച് പിടിപ്പിക്കും.

ആ തേപ്പ് നല്ലപോലെ ശ്രദ്ധിച്ച് ചെയ്യേണ്ടതാണ്. പണ്ടു കാലങ്ങങ്ങളിൽ മുത്തശ്ശിമാർ മിനുസമുള്ള കല്ലുകൾ കൊണ്ട് നിലം ഉരച്ച് മിനുക്കിയിരുന്ന പോലെ. മിനുക്കി മിനുസപ്പെടുത്തിയ ചുമരിൽ മണ്ണെണ്ണ തളിച്ച് ( Sprinkle) ഒരു ഫൈനൽ തേപ്പ് നടത്തുന്നു. അതോടെ മഡ് പ്ലാസ്റ്ററിംഗ് എന്ന ഘട്ടം പൂർത്തിയായി. ഈ സമയത്തുണ്ടായ മണ്ണിന്റെ കളർ ആജീവനാന്തം മങ്ങാതെ നിലനിൽക്കുന്നു എന്നത് എടുത്തുപറയേണ്ട ഒരു കാര്യമാണ്. കാലാകാലങ്ങളിൽ വീട് മൊത്തം പെയ്ന്റ് ചെയ്യുന്നതിനുള്ള പണച്ചെലവും മിനക്കേടുമാണ് ഇങ്ങനെ ഒഴിവായി കിട്ടുന്നത്.

പഴയ വീടുകൾ പൊളിച്ച സാധന സാമഗ്രികൾ ലഭിക്കുന്ന കേരളത്തിലെ എന്നല്ല ഇന്ത്യയിലെ തന്നെ ഏറ്റവും വലിയൊരു കേന്ദ്രം വീടിനടുത്ത് ഉണ്ടായിരുന്നു എന്നത് അങ്ങേയറ്റം അനുഗ്രഹമായത് ഒരുപക്ഷേ എനിക്കായിരിക്കും. എനിക്ക് ഏറെ പ്രിയപ്പെട്ട കുഞ്ഞിരാമഗുപ്തനും ( ഇപ്പോൾ ജീവിച്ചിരിപ്പില്ല) അദ്ദേഹത്തിന്റെ മകൻ ഗോപിയുമാണ് ഈ സംരംഭം നടത്തിക്കൊണ്ട് പോകുന്നത്. അവിടെ നിന്ന് പലകകളും പഴയകാല ജനലുകളും കട്ടിളകളും സംഘടിപ്പിച്ച് മരത്തിന്റെ പണികൾ നടത്തി.

ആരും ആവശ്യക്കാരില്ലാതെ വിറക് വിലയ്ക്ക് അവർ തൂക്കി നൽകിയിരുന്ന കനം കുറഞ്ഞ തട്ടു പലകകൾ, കരിമ്പന, തെങ്ങിൽ കഴുക്കോലുകളും കൊണ്ട് വന്ന് നിലത്ത് ഭംഗിയായി ഫ്ലോറിംഗും ചുമരുകളിൽ സ്ക്കർട്ടിംഗും നൽകി. മുളയുടെ ഉപയോഗത്തിലും സംസ്ക്കരണത്തിലും ഗവേഷണം നടത്തുന്ന വയനാട്ടിലെ ഉറവ് എന്ന സംഘടനയിൽ നിന്നും ഭംഗിയായി മെടഞ്ഞെടുത്ത മുളമ്പായകൾ ( Bamboo mat) കൊണ്ട് തൂണുകളിലും മറ്റും ക്ലാഡിങ് ചെയ്തു.

വിലക്കുറവിൽ ലഭിക്കുന്ന ക്ലേ ടൈലുകൾ, നാച്വറൽ സ്റ്റോണുകളായ കോട്ട, കടപ്പ, ജയ്സാൽമീർ കൽപ്പാളികൾ എന്നിവ കൊണ്ട് കുറെ ഭാഗങ്ങളിൽ ഫ്ളോറിങ് നടത്തി. പണി തുടങ്ങി ഒന്നരക്കൊല്ലത്തിനു ശേഷം ഞങ്ങൾക്കും ഒരു മൺവീടായി. വീടിന് പൈതൃകം എന്ന് പേരു വിളിച്ചു.

പാലക്കാടൻ ചൂടിൽ നിന്നും 10 ഡിഗ്രി കുറഞ്ഞ താപനിലയാണ് എന്നും വീട്ടിനുള്ളിൽ. ഫാനിന്റെ ഉപയോഗം വളരെ പരിമിതമാണ്. വീടിന്റെ ഓരോ ഭാഗവും തൊട്ടും തലോടിയും ഉമ്മവെച്ചും വീടൊരു ജീവനുള്ള സചേതനമായ വസ്തുവാണെന്ന മട്ടിൽ നോക്കി കണ്ടു. ആ പരിചരണവും ചേർത്തുപിടിക്കലും കൊണ്ടായിരിക്കണം സാധാരണ ഗതിയിൽ വീടുകളിൽ വ്യാപകമായി കണ്ടുവരുന്ന ഉപദ്രവങ്ങളായ ചിതൽ, മാറാല, വണ്ട്, പാറ്റ, പല്ലി മുതലായ പ്രശ്നങ്ങൾ പൈതൃകത്തിൽ തീരെയില്ല എന്നുതന്നെ പറയാം. മണ്ണും മരവും ഉള്ളിടത്ത് ചിതൽ പറന്നു വരും എന്ന യാഥാർഥ്യം  ഞങ്ങളെ സംബന്ധിച്ചിടത്തോളമെങ്കിലും അങ്ങനെയല്ല എന്നതാണ് അനുഭവം.

വീടിനോട് ചേർന്നുള്ള തൊട്ടടുത്ത തൊടിയിൽ പലപ്പോഴായി മരത്തിന്റെ വെട്ടുകഷണങ്ങളും വീഞ്ഞപ്പെട്ടിയുടെ കഷണങ്ങളും കാർഡ് ബോർഡ് പെട്ടികൾ കഷണങ്ങളാക്കിയും ഇട്ടു കൊടുക്കും. ചിതലിന് ആഹാരം ലഭിക്കാതെ വരുമ്പോഴാണ് അവ വീടുകളിൽ വന്ന് അക്രമം കാണിക്കുന്നത്.  പുറത്ത് കൃത്യമായ ഇടവേളകളിൽ ഭക്ഷണം ലഭിക്കുന്നു എന്ന് ഉറപ്പ് കിട്ടിയാൽ പിന്നെ അവ വീട് കയറി ശല്യം ചെയ്യുകയില്ല എന്നത് അനുഭവസാക്ഷ്യമാണ്. ഉറുമ്പുകൾക്ക് വീടിന് വെളിയിൽ പലയിടത്തായി ശർക്കര കുഴച്ച അരിപ്പൊടി ഉരുളകൾ വിതറി.

അണ്ണാറക്കണ്ണനും കൂട്ടുകാർക്കും, കിളിയമ്മക്കും മക്കൾക്കും വീട്ടിൽ ബാക്കി വന്ന ചോറും പച്ചക്കറിയുടെ ഭാഗങ്ങളും രണ്ട് മൂന്ന് ഭാഗങ്ങളിലായി വിതറി.

വേനലിൽ അവക്ക് കുടിവെള്ളവും കുളിക്കാൻ വെള്ളവും കരുതി. വീടുപണിക്കിടയിൽ ഒരിക്കൽ പോലും പലരും പറയാറുള്ള പോലെ " എങ്ങനെയെങ്കിലും ഈ വീടുപണിയൊന്ന് കഴിഞ്ഞ് കിട്ടിയാൽ മതിയെന്നായി " എന്ന് ഒരിക്കലും പറയാതിരിക്കാൻ ഞാനും കുടുംബവും ശ്രദ്ധിച്ചു.എല്ലാം നമ്മുടെ ഇഷ്ടത്തിനും ആവശ്യത്തിനനുസരിച്ചും നടത്തിത്തരുന്ന ആ വലിയ പ്രാപഞ്ചിക ശക്തിക്ക് നൽകുന്ന തെറ്റായ സിഗ്നൽ ആയിരിക്കും അത് എന്നുള്ളതുകൊണ്ടായിരുന്നു അത്.

ശരിയാണ്, ഒരുപാടു തരത്തിലുള്ള ബുദ്ധിമുട്ടുകളും വ്യഥകളും ഈ ഘട്ടത്തിൽ നമ്മിലൂടെ കടന്നു പോകും. സാമ്പത്തികം വലിയൊരു പ്രശ്നമായി, നമ്മുടെ മുന്നോട്ടുപോക്കിനു വിഘാതമായി നിൽക്കും. എല്ലാം സമ്മതിക്കുന്നു. എന്നാൽ ഒരിക്കൽ പോലും അത്തരം ഋണാത്മകവും ധൈര്യം ചോർത്തുന്നതുമായ ചിന്തകൾ നമ്മുടെ മനസ്സിനെ സ്വാധീക്കാതെയിരുന്നാൽ, ഉറപ്പാണ്, എല്ലാ പ്രതിബന്ധങ്ങളെയും മറികടന്ന് ആ പ്രാപഞ്ചിക ബോധം, നമ്മുടെ ആഗ്രഹങ്ങളെ സാക്ഷാത്കരിച്ച് മുന്നിൽ കൊണ്ടുവന്ന് നിർത്തി തരിക തന്നെ ചെയ്യും. അതെ, ഞങ്ങളുടെ പൈതൃകം അങ്ങനെയൊരു മാനസികാവസ്ഥയുടെ സാക്ഷാത്കാരമാണ്.