എന്റെ പേര് ശിഹാബ്. ഏറെക്കാലത്തെ സ്വപ്നമായ വീട് പണിയാൻ പുറപ്പെടുമ്പോൾ പരിമിതികൾ ഏറെയുണ്ടായിരുന്നു. ആകെയുള്ളത് ആറു സെന്റ് പ്ലോട്ടാണ്. പ്ലോട്ട് പോലെ തന്നെ പോക്കറ്റും പരിമിതമായിരുന്നു. ചെറിയ ബജറ്റിൽ, കാണാൻ ഭംഗിയും സൗകര്യവുമുള്ള വീട് പണിതുതരണം എന്ന് ഡിസൈനർ അസർ ജുമാനോട് ആവശ്യപ്പെട്ടു. ജുമാൻ എന്റെ പ്രതീക്ഷയ്ക്കപ്പുറം വീട് പണിതു തന്നു.
പ്ലോട്ടിലെ മരങ്ങൾ പരമാവധി നിലനിർത്തിയാണ് വീട് പണിതത്. മുറ്റം ചരൽ വിരിച്ചു. 1200 ചതുരശ്രയടിയുള്ള വീട്ടിൽ സിറ്റ്ഔട്ട്, ലിവിങ്, ഡൈനിങ്, അറ്റാച്ഡ് ബാത്റൂം സൗകര്യമുള്ള രണ്ടു കിടപ്പുമുറികൾ, കിച്ചൻ, വർക്കേരിയ എന്നിവ ഒരുക്കിയിരിക്കുന്നു. പുറംകാഴ്ചയിൽ ഭംഗി വേണം എന്ന് ഞങ്ങൾക്ക് നിർബന്ധമുണ്ടായിരുന്നു. അതുകൊണ്ട് എലിവേഷനിൽ വൈറ്റ്, യെലോ നിറങ്ങൾ നൽകി. അകത്തളത്തിൽ ഇളംനിറങ്ങളും നൽകി.
ചതുരശ്രയടി കുറച്ചു പരമാവധി സ്ഥല ഉപയുക്തത നൽകാൻ ശ്രദ്ധിച്ചിട്ടുണ്ട്. അനാവശ്യ ഇടച്ചുമരുകൾ ഒഴിവാക്കിയത് വിശാലത നൽകുന്നു. ഗോവണിയുടെ ആദ്യ ലാൻഡിങ് എലിവേഷന് പുറത്തേക്ക് പ്രോജക്ട് ചെയ്തുനൽകിയതും ഇതിനാണ്. ഊണുമുറിയുടെ വശത്തുള്ള സൺഷെയ്ഡുകളും പുറത്തേക്ക് പ്രോജക്ട് ചെയ്തു നൽകി. ഇതിൽ സിറ്റിംഗ് സ്‌പേസും ക്രമീകരിച്ചു. ഗോവണിയുടെ താഴെ വാഷ് ഏരിയ ക്രമീകരിച്ചു സ്ഥലം ഉപയുക്തമാക്കി.
എട്ടുപേർക്കിരുന്നു ഭക്ഷണം കഴിക്കാൻ പാകത്തിൽ ഒരുക്കിയ ഊണുമേശയും കസേരകളും ജിഐ ഫ്രയിമിൽ നിർമിച്ചു പെയിന്റ് ഫിനിഷ് ചെയ്തെടുത്തവയാണ്. കിടപ്പുമുറികളിൽ അറ്റാച്ഡ് ബാത്റൂം സൗകര്യം നൽകിയിട്ടുണ്ട്.
ചെലവ് കുറച്ച വിധം
- ലളിതമായി ഫ്ലാറ്റ് റൂഫ് എലിവേഷൻ ഒരുക്കി. വെട്ടുകല്ലും ആർ സി സിയുമാണ് നിർമാണത്തിന് ഉപയോഗിച്ചത്.
- ജനൽ, വാതിൽ, കട്ടിളകൾ, ഊണുമേശ, കസേരകൾ ജിഐ കൊണ്ടാണ് നിർമിച്ചിരിക്കുന്നത്. ഇതിൽ പെയിന്റ് ഫിനിഷ് നൽകി.
- താരതമ്യേന വില കുറഞ്ഞ സെറാമിക് ടൈലുകളാണ് നിലത്തു വിരിച്ചത്.
- ഫോൾസ് സീലിംഗ് നൽകാതെ ലൈറ്റ് പോയിന്റുകൾ നേരിട്ട് നൽകി.
- എംഡിഎഫ്, പ്ലൈവുഡ് എന്നിവയാണ് വാതിലും ജനാലകളും നിർമിക്കാൻ ഉപയോഗിച്ചത്.
- അടുക്കളയിലും, കിടപ്പുമുറിയിലും വാഡ്രോബുകൾക്കും ഷട്ടറുകൾക്കും വി ബോർഡ് ഉപയോഗിച്ചു.
എന്റെ അളിയനാണ് നിർമാണസമയത്ത് മേൽനോട്ടം വഹിച്ചത്. ചുറ്റുമതിലും ഇൻഡസ്ട്രിയൽ വർക് ചെയ്തു തന്നത് അദ്ദേഹമാണ്. മൊത്തത്തിൽ ചെലവ് കുറയ്ക്കുന്നതിന് ഡിസൈനറുടെ ഇടപെടലുകളും അളിയന്റെ മേൽനോട്ടവും സഹായകരമായി. ചെലവ് കുറച്ചു സൗകര്യങ്ങളുള്ള വീട് സ്വന്തമാക്കാനായതിന്റെ സന്തോഷത്തിലാണ് ഞാനും കുടുംബവും.
ചിത്രങ്ങൾ- അജീബ് കോമാച്ചി
Project Facts
Location- Manjeri, Malappuram
Area- 1200 SFT
Plot- 6 cent
Owner- Shihab
Designer- Asar Juman
AJ Designs
Mob- 9633945975
Completion year- 2018 Dec
Budget- 14 Lakhs