സ്ഥലപരിമിതിയെ അപ്രസക്തമാക്കുന്ന രൂപകൽപനയാണ് കോഴിക്കോട് ജില്ലയിലെ പുളിക്കൽ സ്വദേശിയായ ഷബീറിന്റെ വീടിനെ വ്യത്യസ്തമാക്കുന്നത്. ഷബീർ തന്റെ വീടുപണി അനുഭവങ്ങൾ പങ്കുവയ്ക്കുന്നു...
പണിയാൻ പോകുന്ന വീടിനെക്കുറിച്ചു ഒരുപാട് ആഗ്രഹങ്ങൾ ഉണ്ടായിരുന്നെങ്കിലും, വിശാലമായ സ്വപ്നങ്ങൾ ഒന്നും കാണാൻ കഴിയാത്ത അവസ്ഥയിലായിരുന്നു ഞങ്ങൾ. കാരണം ആകെയുള്ളത് മൂന്നു സെന്റ് പ്ലോട്ടാണ്. അവിടെ എന്തു പണിയാൻ എന്നായിരുന്നു ഞങ്ങളുടെ മുൻവിധി.
ആവശ്യം ഡിസൈനർ സുഹൃത്തായ സനൂപിനെ അറിയിച്ചു. സനൂപ് പ്ലോട്ട് വന്നുകണ്ടു. ഞങ്ങളുടെ ആവശ്യങ്ങൾ കേട്ടു. എന്നിട്ട് പ്ലാൻ വരച്ചു. കുറച്ചു മാസങ്ങൾക്കുള്ളിൽ ആ പ്ലാൻ വാസ്തവമായി. അതാണ് ആഗ്രഹിച്ചതിലും ഉപരിയായി മൂന്നു സെന്റിൽ തലയുയർത്തി നിൽക്കുന്ന ഞങ്ങളുടെ വീട്.
പരമാവധി സ്ഥലലഭ്യതയ്ക്ക് ബോക്സ് ആകൃതിയിലാണ് എലിവേഷൻ ഡിസൈൻ ചെയ്തത്. ഇളം നിറങ്ങൾ മാത്രമാണ് അകത്തളങ്ങളിൽ നൽകിയിട്ടുള്ളത്. 1276 ചതുരശ്രയടിയുള്ള പോർച്ച്, ലിവിങ്, ഡൈനിങ്, കിച്ചൻ, വർക്കേരിയ, മൂന്നു കിടപ്പുമുറികൾ എന്നിവയാണ് ഒരുക്കിയിരിക്കുന്നത്.
പരമാവധി സ്ഥലഉപയുക്തത ലഭിക്കുന്നതിന് ഇടച്ചുവരുകൾ ഒഴിവാക്കി ഓപ്പൺ ശൈലിയിലാണ് അകത്തളങ്ങൾ ഒരുക്കിയത്. ആവശ്യത്തിനുള്ള ഫർണിച്ചറും ലളിതമായ മിനുക്കുപണികളും മാത്രമാണ് ഇന്റീരിയറിൽ നൽകിയത്. പ്രകാശത്തിനും വെന്റിലേഷനും പ്രാധാന്യം നൽകിയിട്ടുണ്ട്. ഗോവണിയുടെ വശത്തെ ഭിത്തിയിൽ വെർട്ടിക്കൽ പർഗോളകൾ നൽകിയത് ഇതിനുദാഹരണമാണ്. ഗോവണി കയറി എത്തുന്നത് ഒരു ചെറിയ ലിവിങ് സ്‌പേസിലേക്കാണ്.
വീടിനുള്ളിലിരുന്ന് പുറത്തെ പ്രകൃതിയുടെ ഭാവങ്ങൾ ആസ്വദിക്കാൻ കഴിയണം എന്നൊരു ആഗ്രഹവും ഞങ്ങൾക്കുണ്ടായിരുന്നു. ഇതിനായി അപ്പർ ലിവിങ്ങിലെ ഭിത്തിയിൽ വെർട്ടിക്കൽ സ്‌കൈലൈറ്റുകൾ നൽകി. രാവിലെ വെളിച്ചവും അകത്തേക്കെത്തും. മഴ പെയ്യുമ്പോൾ മഴത്തുള്ളികൾ ഇതിലൂടെ ഊർന്നിറങ്ങുന്നത് കാണാൻ നല്ല ഭംഗിയാണ്.
ഊണുമുറിയിൽ നിന്നും പുറത്തെ മതിലിനോട് ചേർന്ന് ചെറിയ ഒരു പാഷ്യോ നൽകി. മെറ്റലും ഗ്ലാസും ഉപയോഗിച്ചാണ് ഇതിന്റെ റൂഫ് ഒരുക്കിയത്. വാഷ് ഏരിയ ഇവിടെ ക്രമീകരിച്ചു. പ്ലൈവുഡ്, മൈക്ക ഫിനിഷിലാണ് അടുക്കള. കൗണ്ടറിൽ ഗ്രാനൈറ്റ് വിരിച്ചു.
സ്‌റ്റോറേജിന് പ്രാധാന്യം നൽകിയാണ് മൂന്ന് കിടപ്പുമുറികളും. അറ്റാച്ഡ് ബാത്റൂം, വാഡ്രോബ് സൗകര്യങ്ങൾ നൽകിയിട്ടുണ്ട്. കട്ടിലിന്റെ താഴെ പ്രൊഫൈൽ ലൈറ്റുകൾ കൊടുത്തത് ഞങ്ങളുടെ ഐഡിയയാണ്.
സ്ട്രക്ചറും ഫർണിഷിങ്ങും സഹിതം മുപ്പതു ലക്ഷം രൂപയ്ക്ക് നിർമാണം പൂർത്തിയാക്കാനായി. വീട് കാണാൻ വന്ന ബന്ധുക്കളും സുഹൃത്തുക്കളും ഒരേസ്വരത്തിൽ പറഞ്ഞ ഒരു കാര്യമുണ്ട് - 'അകത്തേക്ക് കയറിയാൽ മൂന്ന് സെന്റിൽ പണിത വീടാണെന്ന് പറയുകയേയില്ല' എന്ന്.. അത് കേൾക്കുമ്പോൾ ഞങ്ങളുടെ സന്തോഷം വീണ്ടും ഇരട്ടിക്കുന്നു.
ചെലവ് കുറച്ച കാര്യങ്ങൾ
പ്രാദേശികമായി ലഭ്യമായ നിർമാണവസ്തുക്കൾ ഉപയോഗിച്ചു.
ചതുരശ്രയടി കുറച്ചു പരമാവധി സ്ഥലഉപയുക്തത നൽകി.
പഴയ ഫർണിച്ചറുകൾ പുനരുപയോഗിച്ചു.
വിപണിയിൽ ശരാശരി വിലയുള്ള വിട്രിഫൈഡ് ടൈലുകളാണ് തിരഞ്ഞെടുത്തത്.
വാഡ്രോബുകൾക്കും ഷട്ടറുകൾക്കും പഴയ തടി പുനരുപയോഗിച്ചു.
ചുവരുകളിൽ ഇളം നിറങ്ങൾ മാത്രം ഉപയോഗിച്ചു.
Project Facts
Location – Pulikkal, Calicut
Area - 1276
Plot – 3 Cent
Owner – Shabeer
Designer – Sanoop M K
Mob- 9048020052
Completion year– 2018