കൊച്ചി വിമാനത്താവളത്തിലേക്ക് സ്വാഗതമോതി പുതിയ കമാനം

കൊച്ചി രാജ്യാന്തര വിമാനത്താവളത്തിലേക്കു യാത്രക്കാർക്കു സ്വാഗതമോതി തലയെടുപ്പോടെ പുതിയ കമാനം. കിറ്റ്കോ രൂപകൽപന ചെയ്ത   കമാനത്തിന് 80 ലക്ഷം രൂപയാണു ചെലവ്. ദേശീയപാതയിൽ അത്താണിയിൽ നിന്നാരംഭിക്കുന്ന റോഡിലാണു രാജ്യാന്തര നിലവാരത്തിലുള്ള കമാനം സ്ഥാപിച്ചത്. 

മീഡിയനിൽ ഉയർന്നു മിൽക്കുന്ന, ഇംഗ്ലിഷിലെ V എന്ന അക്ഷരത്തിന്റെ ആകൃതിയുള്ള കോൺക്രീറ്റ് ഫൗണ്ടേഷനിൽ സ്റ്റീൽ സ്ട്രക്ചറിലാണു പുതിയ കമാനം. വെളുത്ത നിറമുള്ള രണ്ടുനിര  സ്റ്റീൽ ഫ്രെയിമിനു മുകളിൽ സിയാൽ ലോഗോയോടൊപ്പം കൊച്ചി രാജ്യാന്തര വിമാനത്താവള കമ്പനി എന്നു ഇംഗ്ലിഷിൽ എഴുതിയിട്ടുണ്ട്.  

പേപ്പർ മടക്കി കളിവിമാനം ഉണ്ടാക്കുന്നതിൽനിന്നാണ് സ്റ്റീൽ സ്ട്രക്ചറിന്റെ ആശയം ഉരുത്തിരിഞ്ഞത്. സ്റ്റീൽ സ്ട്രക്ചറുകളുടെ താഴത്തെ ഒരു നിര വിമാനത്താവളത്തെയും മുകളിൽ ഇരുവശത്തും അറ്റം മുകളിലേക്ക് ഉയർന്നു നിൽക്കുന്ന രൂപത്തിലുള്ള സ്ട്രക്ചറുകൾ പുരോഗതിയെയും സൂചിപ്പിക്കുന്നു. 

സിയാൽ നേടിയ വൻ വിജയത്തെയാണു ‘വി’ ആകൃതിയിലുള്ള കോൺക്രീറ്റ് നിർമിതിസൂചിപ്പിക്കുന്നത്. ഏതാണ്ടു നാലു കിലോമീറ്റർ ദൈർഘ്യമുള്ള നാലുനിര റോഡിന്റെ അവസാന ഭാഗത്തു രണ്ട്, മൂന്ന് ടെർമിനലുകൾക്കു മുന്നിൽ കെട്ടുവള്ളത്തിന്റെ രൂപത്തിലുള്ള രണ്ടു കമാനങ്ങൾ കൂടി സ്ഥാപിച്ചിട്ടുണ്ട്. ഇവ രണ്ടും പൂർണമായി കോൺക്രീറ്റിൽ നിർമിച്ചതാണ്.