Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ആകാശം കീഴടക്കാൻ വീണ്ടും കൊച്ചി! ആഭ്യന്തര ടെർമിനൽ ടി1 ഒരുങ്ങുന്നു...

cochin-airport-terminal ആറു ലക്ഷത്തിലേറെ ചതുരശ്ര അടി വിസ്തീർണമുണ്ടാകും പുതുക്കിയ ആഭ്യന്തര ടെർമിനലിന്.

രാജ്യാന്തര മികവുകളോടെ കൊച്ചി രാജ്യാന്തര വിമാനത്താവളത്തിലെ ആഭ്യന്തര ടെർമിനൽ ടി1 ഒരുങ്ങുന്നു. അടുത്ത മാർച്ചിൽ കമ്മിഷൻ ചെയ്യും. നേരത്തെയുണ്ടായിരുന്ന രാജ്യാന്തര ടെർമിനൽ 160 കോടി രൂപ ചെലവഴിച്ചു നവീകരിച്ചാണു പുതിയ ടെർമിനൽ സജ്ജമാക്കുന്നത്. ആറു ലക്ഷത്തിലേറെ ചതുരശ്ര അടി വിസ്തീർണമുണ്ടാകും പുതുക്കിയ ആഭ്യന്തര ടെർമിനലിന്.

പൂർണമായി ആഭ്യന്തര യാത്രക്കാർക്കുള്ളതാണെങ്കിലും രാജ്യാന്തര യാത്രക്കാർക്കുള്ളതുപോലെ ഏറ്റവു മികച്ച രാജ്യാന്തര സംവിധാനങ്ങളാണു പുതിയ ടെർമിനലിൽ സിയാൽ ഒരുക്കുന്നത്. സിയാലിന്റെ പുതിയ രാജ്യാന്തര ടെർമിനൽ ടി3 കഴിഞ്ഞ ഏപ്രിൽ മുതൽ പൂർണമായി പ്രവർത്തനം ആരംഭിച്ചിരുന്നു. മേയ് മാസം തന്നെ പഴയ ടെർമിനലിന്റെ നവീകരണ പ്രവർത്തനം ആരംഭിച്ചു.

ഡ്യൂട്ടി ഫ്രീ ഷോപ്പുകൾ, കസ്റ്റംസ്, ഇമിഗ്രേഷൻ കൗണ്ടറുകൾ തുടങ്ങിയവയൊന്നും ആഭ്യന്തര സർവീസുകൾക്ക് ആവശ്യമില്ലാത്തതിനാൽ ടെർമിനലിന്റെ ഉൾവശം മുഴുവൻ മാറ്റി വ്യോമയാന–എൻജിനീയറിങ് മേഖലയിലെ രാജ്യാന്തര നിലവാരമനുസരിച്ചാണു ടെർമിനൽ നവീകരിക്കുന്നത്. ആഭ്യന്തര യാത്രക്കാരുടെ എണ്ണത്തിൽ അടുത്ത 20 വർഷത്തേക്കുള്ള വളർച്ച മുൻകൂട്ടിക്കണ്ടാണു ടെർമിനൽ വികസനം നടപ്പാക്കുന്നത്. നിലവിൽ ആഭ്യന്തര സർവീസുകൾ നടത്തുന്ന ടെർമിനലിന്റെ (ടി 2) ആറിരട്ടി വിസ്ത‍ൃതിയാണു പുതിയ ടെർമിനലിനുണ്ടാവുക. നിലവിലുള്ള ടെർമിനലിൽ മണിക്കൂറിൽ 800 യാത്രക്കാരെ കൈകാര്യം ചെയ്യാൻ കഴിയുന്നതു പുതിയ ടെർമിനലിൽ 4000 ആയി ഉയരും. 

നിലവിലുള്ള ആഭ്യന്തര ടെർമിനലിൽ ആഗമനവും പുറപ്പെടലും ഒരേ നിരപ്പിലാണു ക്രമീകരിക്കുന്നത്. നവീകരിക്കുന്ന ടി1 ൽ മൂന്നു നിലകളാണ്. 2.42 ലക്ഷം ചതുരശ്ര അടി വിസ്തീർണമുള്ള താഴത്തെ നിലയിൽ ഡിപ്പാർച്ചർ ചെക്ക് ഇൻ, അറൈവൽ ബാഗേജ് ഏരിയ എന്നിവ ക്രമീകരിച്ചിട്ടുണ്ട്. 56 ചെക്ക് ഇൻ കൗണ്ടറുകളാണ് ഇവിടെയുണ്ടാവുക. നിലവിൽ ഇത് 29 ആണ്.

ഭക്ഷണശാലകൾ, ഷോപ്പിങ് കേന്ദ്രങ്ങൾ, മെഡിക്കൽ റൂം എന്നിവ താഴത്തെ നിലയിലുണ്ടാകും. നിലവിലെ ആഭ്യന്തര ടെർമിനലിൽ എയറോ ബ്രിജ് സൗകര്യമില്ലാത്തതു പുതിയ ടെർമിനലിൽ പരിഹരിക്കും. 

cochin-airport-terminal-t1

2.18 ലക്ഷം ചതുരശ്ര അടി വിസ്തീർണമുള്ള ഒന്നാം നിലയിൽ സുരക്ഷാ പരിശോധനാ സൗകര്യവും ഗേറ്റുകളുമുണ്ട്. എയറോബ്രിജ് സൗകര്യമുള്ള ഏഴെണ്ണമുൾപ്പെടെ 11 ഗേറ്റുകളാണ് ഇവിടെയുണ്ടാവുക. ആയിരത്തിലധികം പേർക്ക് ഇരിപ്പിട സൗകര്യമുണ്ടാകും. ഷോപ്പിങ് കേന്ദ്രങ്ങൾ, പ്രാർഥനാ മുറി. റിസർവ് ലോഞ്ചുകൾ, ബേബി കെയർ മുറി എന്നിവയും സജ്ജമാകുന്നു.

രണ്ടാം നിലയ്ക്ക് 90,000 ചതുരശ്ര അടി വിസ്തീർണമാണുള്ളത്. എക്സിക്യൂട്ടീവ് ലോഞ്ചുകൾ, ഫുഡ് കോർട്ടുകൾ, ബാർ തുടങ്ങിയവ ഇവിടെ സജ്ജീകരിക്കും. അനുബന്ധ സൗകര്യങ്ങൾ ക്രമീകരിക്കുന്നതിന് 62,000 ചതുരശ്ര അടി സ്ഥലം കൂടി ക്രമീകരിക്കുന്നുണ്ട്. ടെർമിനലിനു പഴയ ഇന്റീരിയർ സംവിധാനങ്ങളും സീലിങ്ങുൾപ്പെടെയുള്ളവയും മാറ്റുന്നുണ്ട്. 

മികച്ച സുരക്ഷാ സംവിധാനങ്ങൾ

ടെർമിനൽ മുഴുവൻ ഫയർ ഹൈഡ്രന്റ് സംവിധാനത്തിന്റെ പരിധിയിലാകും. തീ കണ്ടാൽ സ്വയം വെള്ളം പമ്പ് ചെയ്യുന്ന രണ്ടായിരത്തിലേറെ സ്പ്രിങ്കളറുകൾ സ്ഥാപിച്ചു വരുന്നു. അഗ്നിശമന സന്നാഹങ്ങൾക്കു മാത്രം 6.67 കോടി രൂപയാണു ചെലവ്. 

എട്ടു ലിഫ്റ്റുകൾ, നാലു എസ്കലേറ്ററുകൾ, വിമാനത്തിന്റെ ആഗമന, പുറപ്പെടൽ വിവരങ്ങൾ തൽസമയം കാണിക്കുന്ന 168 ഫ്ലൈറ്റ് ഡിസ്പ്ലേ സംവിധാനങ്ങൾ, 800 സുരക്ഷാ ക്യാമറകൾ എന്നിവയും ടി1ൽ സജ്ജമാക്കും. മാർച്ച് അവസാനത്തോടെ സർവീസ് തുടങ്ങത്തക്ക വിധത്തിലാണ് ഒരുക്കങ്ങൾ പുരോഗമിക്കുന്നത്. 

അത്യാധുനിക ബാഗേജ് ഹാൻഡ‌്‌ലിങ് സംവിധാനം

വിമാനത്തിൽനിന്ന് യാത്രക്കാരെ ഉടൻ താഴത്തെ നിലയിലെ അറൈവൽ മേഖലയിൽ എത്തിക്കാൻ പ്രത്യേക റാമ്പുകൾ നിർമിക്കും. ബ്യൂറോ ഓഫ് സിവിൽ ഏവിയേഷൻ (ബിസിഎഎസ്) മാനദണ്ഡ പ്രകാരമുള്ള  ഇൻലൈൻ ബാഗേജ് സംവിധാനമാണിവിടെ ഒരുക്കുന്നത്. രണ്ടു സിടി മെഷിനുകൾ പരിശോധനയ്ക്കുണ്ടാകും. ഓരോ ബാഗിന്റെയും ദ്വിമാന ചിത്രങ്ങൾ പരിശോധകനു കാണാനാകും. 

45 സെക്കൻഡ് കൊണ്ട് ഓരോ യാത്രക്കാരന്റെയും ബാഗേജ് പരിശോധന പൂർത്തിയാകുന്ന വിധത്തിലാണു സംവിധാനം സജ്ജമാക്കുന്നത്. 

അമേരിക്കൻ വ്യോമയാന സുരക്ഷാ ഏജൻസിയായ ടിഎസ്എ നിഷ്കർഷിച്ച മാനദണ്ഡങ്ങൾക്കൊപ്പമാണ് ഇവിടത്തെ ബാഗേജ് സംവിധാനം. അറൈവൽ ഭാഗത്തു നിലവിലുള്ള രണ്ടിനു പകരം നാലു കൺവെയർ ബെൽറ്റുകളുണ്ടാകും. 68 മീറ്ററാണ് ഓരോന്നിന്റെയും നീളം. റിസർവ്ഡ് ലോഞ്ച്, ഷോപ്പിങ് ഏരിയ, പ്രിപെയ്ഡ് ടാക്സി കൗണ്ടർ എന്നിവയും ഇവിടെയുണ്ടാകും.

Read more on Cochin Inrternational Airport Home Plan Guide Malayalam