Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഇതാണ് ഇഷ അംബാനിയുടെ പുതിയ വീട്; വില 425 കോടി!

Isha-Ambani-new-home

ലോകത്തിലെ ഏറ്റവും വിലയേറിയ സ്വകാര്യവസതിയായ 'ആന്റിലിയ'യിൽ നിന്നു മുകേഷ് അംബാനിയുടെ മകൾ ഇഷ പോകുന്നതു കൂറ്റൻ ബംഗ്ലാവ് 'ഗുലിറ്റ'യിലേക്ക്. ഇഷയുടെ ഭർത്താവ് ആനന്ദ് പിരമലിനായി അദ്ദേഹത്തിന്റെ കുടുംബം 2012 ൽ 452 കോടി മുടക്കി വാങ്ങിയതാണിത്. വിവാഹത്തിനു മുന്നോടിയായി വീണ്ടും കോടികൾ മുടക്കി 'ഗുലിറ്റ' മോടി പിടിപ്പിച്ചു. 5 നിലകളിൽ 50,000 ചതുരശ്ര അടി വലുപ്പമുള്ള ബംഗ്ലാവിൽ ഒരുക്കിയിട്ടുള്ളത് അത്യാധുനിക സൗകര്യങ്ങൾ. 

isha-amabni-wedding

‘ആന്റിലിയ’യിൽ നിന്നു നാലര കിലോമീറ്റർ അകലെ വർളി സീഫെയ്സ് മേഖലയിൽ കടലിന് അഭിമുഖമായാണു ‘ഗുലിറ്റ’. ചില്ലു ജാലകങ്ങൾ തുറന്നാൽ കടൽക്കാറ്റേൽക്കാം. അകലെ ബാന്ദ്ര-വർളി കടൽപ്പാലം കാണാം. അടുക്കള, ഭക്ഷണമുറി, ഓഫിസ് മുറി, പഠനമുറി, വീട്ടുജോലിക്കാരുടെ മുറികൾ എന്നിവയാണ് ആദ്യത്തെ മൂന്നു നിലകളിൽ.

ബന്ധുക്കൾക്കും സുഹൃത്തുക്കൾക്കും ഒത്തുചേരാനുള്ള ഹാളാണു നാലാം നില. അഞ്ചാം നിലയിലാണു കിടപ്പുമുറികൾ. 20 കാറുകൾ വീട്ടുപരിസരത്തു പാർക്ക് ചെയ്യാം. ഹിന്ദുസ്ഥാൻ യൂണിലീവർ കമ്പനിയിൽ നിന്നാണു പിരമൽ കുടുംബം ഇൗ കെട്ടിടം വാങ്ങിയത്. ബുധനാഴ്ച മുകേഷ് അംബാനിയുടെ വസതിയിലായിരുന്നു വിവാഹവും വിരുന്നും. 

ആന്റിലിയ എന്ന വിസ്മയം 

antilla-wedding

2010 ൽ ദക്ഷിണ മുംബൈയിലെ ആൾട്ടമൗണ്ടിൽ 100 കോടി രൂപയ്ക്ക് നിർമിച്ച ആന്റിലിയ, ലണ്ടനിലെ ബക്കിങ്ഹാം കൊട്ടാരം കഴിഞ്ഞാൽ ലോകത്തിലെ ഏറ്റവും മുന്തിയ സ്വകാര്യ വസതിയാണ്. 400,000 ചതുരശ്രയടിയാണ് വിസ്തീർണം. 173 മീറ്റർ ഉയരമുള്ള ആന്റിലയിൽ 27 നിലകളേയുള്ളൂ. ഇതേ ഉയരമുള്ള കെട്ടിടങ്ങളിൽ സാധാരണ അറുപതിലധികം നിലകൾ ഉണ്ടാകും. വളരെ ഉയരമുള്ള സീലിങ് ഉള്ള മുറികളാണ് ഓരോ നിലയിലും എന്നതാണ് നിലകൾ കുറയാൻ കാരണം.

അറുനൂറോളം പേരാണ് വീടിന്റെ വിവിധ മേഖലകളിൽ ജോലി ചെയ്യുന്നത്. ഏകദേശം 200 കോടി രൂപയാണ് കെട്ടിടത്തിന്റെ മൂല്യം. 2011 ൽ വാസ്തു സംബന്ധമായ പിശകുകൾ വസതിയിൽ വാസ്തു വിദഗ്ധർ ചൂണ്ടിക്കാട്ടിയിരുന്നു. ഇത് പരിഹരിച്ചാണ് മുകേഷ് അംബാനിയും കുടുംബവും ഇവിടേക്ക് താമസം മാറ്റിയത്. റിക്ടർ സ്കെയിലിൽ 8 കവിയുന്ന ഭൂചലനത്തെപ്പോലും പ്രതിരോധിക്കാൻ ശേഷിയുള്ള, നിരവധി സുരക്ഷാസംവിധാനങ്ങളുമുണ്ട് വസതിയിൽ.