രസതന്ത്രം എന്ന സിനിമയിൽ മോഹൻലാൽ അവതരിപ്പിക്കുന്ന ആശാരി കഥാപാത്രം വീടിനു കുറ്റിയടിക്കാൻ ചെല്ലുമ്പോൾ പറയുന്ന ഒരു ഡയലോഗുണ്ട്: "കന്നിമൂലയിൽ കണ്ണടിച്ചിരുന്നു കാതോർത്താൽ ഭൂമിക്കടിയിലെ നീരൊഴുക്കിന്റെ അളവ് പോലും കൃത്യമായി പറയുന്നവരുണ്ടായിരുന്നു പണ്ട് എന്ന്"...
ഇന്നും പൂർണമായി കുറ്റിയറ്റു പോയിട്ടില്ല ആ വംശം. അതിലൊരാളാണ് കോഴിക്കോട് ഫാറൂഖ് കോളേജ് സ്വദേശി അബ്ദുൽ ഷുക്കൂർ. നെല്ലിമരക്കമ്പിൽ മണ്ണിനടിയിലെ നീരൊഴുക്കിന്റെ ഗതി കണ്ടുപിടിച്ച് കിണറിന്റെ സ്ഥാനം നിർണയിക്കുന്ന കേരളത്തിലെ അപൂർവം ആളുകളിൽ ഒരാളാണ് ഷുക്കൂർ. പിതാവിൽനിന്ന് പകർന്ന് കിട്ടിയ അറിവുമായി 30 വർഷത്തിനകം ആയിരത്തിലേറെ കിണറുകൾക്ക് സ്ഥാനം നിർണ്ണയിച്ചിരിക്കുന്നു ഇദ്ദേഹം.
മണ്ണിനടിയിലെ വെള്ളത്തിന്റെ ലഭ്യത കണക്കാക്കുന്നത് മരങ്ങളുടെ രൂപവും ഭൂമിയുടെ കിടപ്പും നോക്കിയാണെന്ന് ഷുക്കൂർ പറയുന്നു. നെല്ലി, ചേര് മരങ്ങളുടെ കൊമ്പുമായി ഭൂമിയിലൂടെ നടന്നാൽ ഭൂഗർഭ ജലത്തിന്റെ സാന്നിധ്യം അറിയാം. നെല്ലിക്കൊമ്പ് വെള്ളത്തിന്റെ സാന്നിധ്യത്തിനനുസരിച്ച് വിറയ്ക്കും, പരിശീലനത്തിലൂടെയേ ഇത് തിരിച്ചറിയാനും സ്ഥാനം നിർണ്ണയിക്കാനും കഴിയൂവെന്ന് മാത്രം – ഷുക്കൂർ പറയുന്നു.
ഷുക്കൂറിന്റെ പിതാവ് മുഹമ്മദ് അബ്ദുസ്സലാഹ് മൗലവി ഫറോക്ക് റൗസത്തുൽ ഉലും അറബി കോളജ് പ്രിൻസിപ്പലായിരുന്നു. കിണറുകൾക്ക് സ്ഥാനം നിർണ്ണയിച്ചു കൊടുക്കാൻ ധാരാളം പേർ മൗലവിയെ സമീപിച്ചിരുന്നു. പിതാവിന്റെ കൂടെ സഞ്ചരിച്ചാണ് ഷുക്കൂർ വിദ്യ കരസ്ഥമാക്കിയത്. ഏതാണ്ട് പത്ത് വർഷം പിതാവിൽനിന്ന് പരിശീലനം നേടിയിട്ടുണ്ട്. മൗലവി ‘ഭൂഗർഭ ജലം എങ്ങനെ കണ്ടുപിടിക്കാം’ എന്ന പേരിൽ പുസ്തകവും പ്രസിദ്ധീകരിച്ചിട്ടുണ്ട്.
നെല്ലിമരം ജലത്തിന്റെ സാന്നിധ്യം അറിയിക്കുന്ന മരമാണ്. ‘L’ ആകൃതിയിലുള്ള നെല്ലിക്കൊമ്പാണ് വെള്ളത്തിന്റെ സാന്നിധ്യം അറിയാൻ പൊതുവേ ഉപയോഗിക്കുന്നത്. രണ്ട് അറ്റം രണ്ട് കയ്യില്‍ പിടിച്ചു മുന്നോട്ട് നീങ്ങിയാൽ വെള്ളമുണ്ടെങ്കിൽ കൊമ്പ് സ്പന്ദിക്കും. ചില രക്തഗ്രൂപ്പുകാർക്കാണ് ഈ സ്പന്ദനം കൂടുതൽ മനസ്സിലാക്കാൻ കഴിയുക. പരിശീലനവും ആവശ്യമാണ്. കിണറിന് സ്ഥാനം നിർണയിക്കുന്നതിൽ അമാനുഷികതയില്ല. പലരും ദുരൂഹത സൃഷ്ടിച്ച് പണം വാങ്ങുകയാണെന്ന് ഷുക്കൂർ പറയുന്നു.
സ്വർണമാല ഉപയോഗിച്ചും ജലസാന്നിധ്യം അറിയാം. പാറകം, പാല, കള്ളിപ്പാല, നെല്ലി, പുല്ലാണി, ഈറമ്പന, കുടപ്പന, ഇലഞ്ഞി, മുളക്കൂട്ടം എന്നിവ ഉള്ളിടത്ത് വെള്ളമുണ്ടാകുമെന്ന് അനുമാനിക്കാം. ഭൂമിയുടെ മുകളിൽ ധാരാളം നീരാവിയുള്ളതായി കണ്ടാലും മഞ്ഞിൻതുള്ളികൾ കണ്ടാലും വെള്ളമുണ്ടെന്നുറപ്പിക്കാം. മലമുകളിലും കുന്നുകളിലും മുഴക്കംപോലെ ശബ്ദം കേട്ടാലും ജലത്തിന്റെ സാന്നിധ്യമാണ് സൂചിപ്പിക്കുന്നത്. ചൂടുകാലത്തും പച്ച ഇലയോടെ ചെടികൾ നിൽക്കുന്നിടത്തും അടിയിൽ വെള്ളമുണ്ട്.
പുല്ലുമുളക്കാത്ത പ്രദേശത്ത് എവിടെയെങ്കിലും പുല്ലുമുളച്ചു കാണുന്നുവെങ്കിലും മുള്ളില്ലാത്ത മരങ്ങൾക്കിടയിൽ ഒരു മുള്ളുമരം കാണുന്നുവെങ്കിലും വെള്ളം ഉണ്ടെന്ന് ഉറപ്പിക്കാം. രണ്ട് കൊമ്പുള്ള പന, തെങ്ങ്, കറ വാർന്നൊഴുകുന്ന മരങ്ങൾ എന്നിവ വെള്ളത്തിന്റെ സാന്നിധ്യം സൂചിപ്പിക്കുന്നുണ്ട്. പ്ലാവിന്റെ കൊമ്പ് ഭൂമിക്ക് സമാന്തരമായി നീങ്ങുന്നുവെങ്കിൽ അവിടെ വെള്ളമുണ്ടെന്ന് ഉറപ്പിക്കാം. സമുദ്രപച്ച, ഈഴച്ചേസ്, നാഗമരം, സ്ഥലപത്മം, കടമ്പ്, ഉങ്ങ്, താന്നിമരം എന്നിവ ഉള്ളിടത്ത് മൂന്നു കോൽ ആഴത്തിൽ വെള്ളമുണ്ടാകും.
ചില വീടുകളിലെ കിടപ്പുമുറിയിൽ പിശാചു ബാധയുള്ളതായി പരാതിപ്പെടാറുണ്ട്. ധാരാളം വെള്ളമുള്ള സ്ഥലത്തിന് മേൽ കിടപ്പുമുറി വന്നാൽ അസ്വസ്ഥത അനുഭവപ്പെടും. ഇതാണ് പിശാചുബാധയായി തെറ്റിദ്ധരിക്കുന്നത്. അതുകൊണ്ടുതന്നെ വീടുകളുടെ സ്ഥാനം നിർണ്ണയിച്ചുകിട്ടാനും പലരും സമീപിക്കാറുണ്ട്. ചെയ്തുകൊടുക്കാറുമുണ്ട്. ശക്തിയായ നീരൊഴുക്കിന് മേൽ കിടന്നുറങ്ങുന്നത് ശരിയല്ല. ഗെയ്റ്റില്‍ നിന്ന് നേരെ വീടിന്റെ പ്രധാന വാതിൽ വരരുത്. വീട്ടില്‍നിന്ന് ഇറങ്ങുന്നത് വലിയ താഴ്ചയിലേക്കാകുകയുമരുത്. ഭൂമിയുടെ മേൽഭാഗത്തെ നീർച്ചാലുകൾക്ക് സമാന്തരമായി അടിയിലും ഒഴുക്കുണ്ടാകുമെന്നത് കട്ടായം.
മലബാറിലെ ഒരു പത്രത്തിൽ നിന്ന് സർക്കുലേഷൻ മാനേജരായി വിരമിച്ച ശേഷമാണ് കിണറിനു സ്ഥാനം കാണുന്ന ജോലിയിൽ ഇദ്ദേഹം സജീവമാകുന്നത്. സീസൺ സമയത്ത് 300 കിണറുകൾക്ക് വരെ സ്ഥാനം കാണാറുണ്ടെന്നു പറയുന്നു ഷുക്കൂർ.