താമരശ്ശേരി ചുരവും കയറി ലക്കിടിയിലെത്തുമ്പോൾ കമുകിൻ തോട്ടത്തിനു നടുവിൽ കോടമഞ്ഞിന്റെ കമ്പളവും പുതച്ചു മയങ്ങുകയാണ് ‘ഹെർമാസ്’ എന്ന വില്ല. കെട്ടിലും മട്ടിലും കൊളോണിയല്‍ ശൈലിയിലാണ് വില്ല നിർമിച്ചിരിക്കുന്നത്. കോഴിക്കോട് സ്വദേശി ഡോ. അജ്മലിന്റെ ഉടമസ്ഥതയിലുള്ളതാണ് ഈ പ്രീമിയം സർവ്വീസ് വില്ല.
പ്രകൃതിയോട് ഇഴുകിച്ചേർന്നുള്ള സ്വസ്ഥമായ താമസം പ്രദാനം ചെയ്യുംവിധമാണ് വില്ല ഡിസൈൻ ചെയ്തിരിക്കുന്നത്. എല്ലാ ആധുനിക സൗകര്യങ്ങളും ഒത്തിണങ്ങിയ ഗ്രൗണ്ട് ഫ്ലോറിൽ കിച്ചൻ, ഹാൾ, ലിവിങ്, ഡൈനിങ്, കിടപ്പുമുറികൾ, ഫയർപ്ലേസ് എന്നിവ കൂടാതെ സ്വിമ്മിങ് പൂളും ഒരുക്കിയിരിക്കുന്നു. മുകളിൽ ചുറ്റിനുമുള്ള മനോഹരകാഴ്ചകളിലേക്ക് കണ്ണെത്തുന്ന ഓപ്പൺ ടെറസും നൽകിയിട്ടുണ്ട്. ചുറ്റുവരാന്തയിൽ കാഴ്ചകൾ ആസ്വദിച്ചു കൊണ്ട് വിശ്രമിക്കാം.
പില്ലറുകൾ നാട്ടി അതിനുമുകളിൽ ബേസ്മെന്റ് തീർത്ത് ഫ്ലോട്ടിങ് മാതൃകയിലാണ് വില്ല ഒരുക്കിയിട്ടുള്ളത്. ചരിഞ്ഞ മേൽക്കൂരയും അതിലെ ചെറുമുഖപ്പുകളും വെള്ളനിറവും എല്ലാം കൊളോണിയല്‍ ശൈലി പ്രകടമാക്കുന്നു. മേൽക്കൂരയിൽ ഷിംഗിൾസ് വിരിച്ചു. ലാൻഡ്സ്കേപ്പിൽ നിന്നും പടികൾ കയറിയാണ് വരാന്തയിലേക്ക് പ്രവേശിക്കുന്നത്.
വൈറ്റ്, ക്രീം തീമിലാണ് അകത്തളങ്ങൾ. കടുംനിറങ്ങളുടെ ശ്വാസം മുട്ടിക്കുന്ന സാന്നിധ്യമില്ല. പുറത്തെ പ്രകൃതിയിലെ പ്രശാന്ത അകത്തേക്കും പ്രസരിക്കുന്നു. നിലത്ത് വുഡൻ ഫിനിഷുള്ള ടൈലുകൾ വിരിച്ചു. L ഷേപ്പ്ഡ് ഫർണിച്ചർ യൂണിറ്റ് ലിവിങ് അലങ്കരിക്കുന്നു. ഇവിടെ നിലത്ത് റഗ്ഗുകളും കാർപ്പറ്റുകളും നൽകി.
കിടപ്പുമുറിയിൽ പുറത്തെ മനോഹരകാഴ്ചകൾ ആസ്വദിക്കാനായി നിരവധി ജാലകങ്ങൾ നൽകിയിട്ടുണ്ട്. പിരിയൻ ശൈലിയിലുള്ള ഗോവണിയുടെ ഡിസൈൻ ശ്രദ്ധേയമാണ്.
ലളിതമായ അടുക്കളയും ഊണുമുറിയും.
വയനാട്ടിലെ പ്രധാന വിനോദസഞ്ചാര കേന്ദ്രമായ പൂക്കോട് തടാകത്തിനു അടുത്താണ് വില്ല എന്നതും സഞ്ചാരികൾക്ക് ഗുണകരമാണ്. കുന്നുകൾ, തേയിലച്ചെടികൾ, നാനാതരം പക്ഷികളുടെ ശബ്ദങ്ങൾ, കോടമഞ്ഞ്...ഇതൊക്കെ ആസ്വദിച്ചു കൊണ്ടുള്ള ഇവിടുത്തെ താമസം സഞ്ചാരികൾക്ക് സുന്ദരമായ ഒരനുഭവമായിരിക്കും.