Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

അവനി എങ്ങനെയാണ് അവാർഡ് നേടിയത്?

avani-institute-design പാരിസ്ഥിതിക നിലനിൽപ്പിന്റെ പാഠങ്ങൾ‌ സ്വന്തം ചുറ്റുപാടുകളിൽനിന്നു തന്നെ പഠിക്കാവുന്ന ഒരിടമാണ് അവനി ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഡിസൈൻ താമരശേരി ക്യാംപസ്. ദേശീയ സ്മാർട്ഗ്രീൻ പുരസ്കാരത്തിളക്കത്തിലാണ് അവരിപ്പോൾ

ആർക്കിടെക്ചറൽ ഡിസൈനിലെ മികവിന് അവനി ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഡിസൈൻ താമരശേരി ക്യാംപസ് നേടിയ ദേശീയ സ്മാർട്ഗ്രീൻ പുരസ്കാരം ദേശീയ തലത്തിൽ വാസ്തു വിദ്യാ മികവിൽ കോഴിക്കോടിനെ അടയാളപ്പെടുത്തുന്നതായി. 

രൂപരേഖയിൽ ആശയ സങ്കൽപനം, സാമൂഹിക –സാമ്പത്തിക –പാരിസ്ഥിതിക സുസ്ഥിരത, നൂതന സാങ്കേതികത്വം, നിർമാണ വസ്തുക്കളുടെ കൃത്യമായ ഉപയോഗം എന്നിവ കണക്കിലെടുത്തായിരുന്നു പുരസ്കാര നിർണയം. ക്യാംപസ് ഡിസൈനിന്റെ തന്നെ പ്രധാന ലക്ഷ്യം വിദ്യാർഥികൾക്ക് പരിസ്ഥിതി സംബന്ധമായും ചുറ്റുപാടുകൾ സംബന്ധമായും കൂടുതൽ അവബോധം പകരുക എന്ന ലക്ഷ്യത്തോടെയായിരുന്നു. പാരിസ്ഥിതിക നിലനിൽപ്പിന്റെ പാഠങ്ങൾ‌ സ്വന്തം ചുറ്റുപാടുകളിൽനിന്നു തന്നെ പഠിക്കാവുന്ന ഒരിടം. 

പലതട്ടുകളായി കിടന്ന പ്രദേശത്ത്, ഭൂമിയുടെ സഹജമായ ചരിവുകളെ നിലനിർ‌ത്തിക്കൊണ്ടുള്ള നിർമാണം, കാഠിന്യം കൂടിയ ഭാഗങ്ങളെ നിലനിർത്തി കോൺക്രീറ്റ് ഏറ്റവും മിതമായ തോതിൽ ഉപയോഗിക്കൽ, പ്രാദേശികമായി കണ്ടെടുത്ത പരമ്പരാഗത കളിമൺ പാത്രങ്ങളും ഓടും ഉപയോഗിച്ചുകൊണ്ട് നിർമിച്ച ഫില്ലർ സ്ലാബുകൾ, പോളിഷ് ചെയ്യാതെ നിർത്തിയ നിലങ്ങൾ ഇതെല്ലാം പ്രകൃതിയോട് കൂടുതൽ അടുത്തുനിൽക്കാൻ അവനിക്ക് സാധ്യതയൊരുക്കുന്നു. ഇഷ്ടികയ്ക്കു പകരം കൂടുതൽ ലാഭകരവും ഗുണമേന്മയുള്ളതുമായ കംപ്രസ്ഡ് സ്റ്റെബിലൈസ്ഡ് എർത്ത് ബ്ലോക്സ് ആണ് ഉപയോഗിച്ചത്. പ്ലാസ്റ്ററിങ് വളരെ കുറച്ചു. അതുകൊണ്ടുതന്നെ നിർമാണത്തിനുപയോഗിച്ച ഓരോ വസ്തുവും അവയുടെ തനതായ സ്വഭാവം നിലനിർത്തുന്നു. സ്റ്റീൽ മെഷിൽ വള്ളി പടർത്തി നിർമിച്ച ഗ്രീൻ വോൾ കൂടുതൽ വായൂസഞ്ചാരത്തിനും നിയന്ത്രണത്തിനും സഹായിക്കുന്നു. 

ജലക്ഷാമത്തിനു പരിഹാരം എന്ന നിലയ്ക്ക് അടുത്തുള്ള പാറമടയെ മഴവെള്ള സംഭരണിയായി മാറ്റി. ഇതിൽനിന്നു തന്നെയാണ് ക്യാംപസിലെ ആവശ്യങ്ങൾക്കായുള്ള വെള്ളം എടുക്കുന്നത്. ചുറ്റുപാടുമായി ബന്ധമില്ലാത്ത അലങ്കാര ചെടികൾക്ക് പകരം മണ്ണിനും കാലാവസ്ഥയ്ക്കും പരിചിതമായ, നാട്ടിൽ കണ്ടുവരുന്ന ചെടികൾ തന്നെയാണ് ക്യാംപസിൽ വച്ചുപിടിപ്പിച്ചത്. ഇതിലൂടെ പാരിസ്ഥിതിക നിലനിൽപ്പിന്റെ മറ്റൊരു പാഠവും അവനി മുന്നോട്ടുവയ്ക്കുന്നു. 

അ‍ഞ്ചേക്കറോളം ഉള്ള ക്യാംപസിന്റെ നിർമാണം പൂർത്തിയായ ഒന്നാംഘട്ടം മുപ്പത്തൊന്നായിരം സ്ക്വയർ ഫീറ്റ് ഉണ്ട്. പൂർത്തിയാകുമ്പൊഴേക്കും മുഴുവൻ ക്യാംപസ് ഒരു ലക്ഷം സ്ക്വയർ ഫീറ്റ് ആകും. ഇൗ വർഷത്തോടെ മുഴുവൻ ക്യാംപസ് നിർമാണം പൂർത്തിയാകുംവിധം ഉൗർജഗതിയിൽ പണികൾ പുരോഗമിക്കുകയാണ്. കഴിഞ്ഞ വർഷം ഓഗസ്റ്റ് 16 ന് ആണ് അവനി താമരശ്ശേരി ക്യാംപസ് നിലവിൽ വന്നത്. 

യാന്ത്രികമായി പണിയെടുക്കലിനപ്പുറം സർഗാത്മകതയ്ക്കും ആത്മജ്ഞാനത്തിലൂന്നിയ ചിന്തകൾക്കും ഇടംനൽകുംവിധമുള്ള പഠനാന്തരീക്ഷം ഒരുക്കുന്നതു ലക്ഷ്യമിട്ടാണ് ടോണി ജോസഫ് (ചെയർ), വിനോദ് സിറിയക്, പി.പി. വിവേക്, ബ്രിജേഷ് ഷൈജൽ എന്നീ ആർക്കിടെക്ടുമാർ ചേർന്ന് ലാഭരഹിതസ്ഥാപനം എന്ന നിലയിൽ‌ അവനി ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഡിസൈൻ‌ യാഥാർഥ്യമാക്കിയത്.