ചില്ലറക്കാരനല്ല ഹാൻഡ് മെയ്ഡ് ടൈൽ

ടൈൽ ഒട്ടിക്കാത്ത വീടില്ല എന്നതാണ് സ്ഥിതി. അപ്പോൾ നമ്മുടെ വീടിന് വേറിട്ട ഭംഗി നൽകാൻ എന്താണ് വഴി?

എല്ലാ വീട്ടിലുമുണ്ടാകും ടൈൽ. തൂണിലും തുരുമ്പിലുമെന്ന പോലെ തറയിലും ചുവരിലുമൊക്കെ ടൈലില്ലാത്ത വീടുകൾ വിരളം. ഇതിനിടയിൽ നമ്മുടെ വീട് അൽപമൊന്ന് വേറിട്ടു നിൽക്കേണ്ടേ ? അധികമെങ്ങും കാണാത്ത ഒരു ‘ലുക്ക്’ വേണ്ടേ വീടിന് ? ആണെന്നാണ് ഉത്തരമെങ്കിൽ ഹാൻഡ് മെയ്ഡ് ഡെക്കറേറ്റീവ് ടൈലിനെക്കുറിച്ച് കൂടുതലറിയാം. സ്വന്തമാക്കാം. ഒറ്റനോട്ടത്തിൽ തന്നെ മനസ്സിൽ പതിയുന്ന കാഴ്ചയാകും ഇന്റീരിയർ എന്ന കാര്യം ഉറപ്പ്.

തനിമയുള്ള കാഴ്ച

പെട്ടെന്ന് ശ്രദ്ധ പതിയുന്ന ഇടങ്ങൾ ആകർഷകമാക്കാനാണ് ഹാൻഡ് മെയ്ഡ് ഡെക്കറേറ്റീവ് ടൈൽ ഉപയോഗിക്കുന്നത്. വലുപ്പം, ആകൃതി, നിറം, ഡിസൈൻ എന്നിവകൊണ്ടെല്ലാം ഇവ സാധാരണ ടൈലിൽ നിന്ന് വേറിട്ടു നിൽക്കും. അതിനാൽ ഒറ്റനോട്ടത്തിൽ തന്നെ പുതുമ കണ്ണിൽപ്പെടും. ഇന്റീരിയറിന് അതിന്റേതായൊരു തനിമ തോന്നുകയും ചെയ്യും.

അടുക്കളയിലെ കൗണ്ടർ ടോപ്പിനും കാബിനറ്റിനും ഇടയിലുള്ള ഇടം, വാഷ് ഏരിയയുടെ ചുവരുകൾ, കട്ടിലിന്റെ ഹെഡ് ബോർഡിനു മുകളിലുള്ള ഭാഗം, സ്റ്റെയർകെയ്സിന്റെ പടികൾക്ക് ഇടയിലുള്ള സ്ഥലം എന്നിവിടങ്ങളി ലൊക്കെയാണ് ഹാൻഡ് മെയ്ഡ് ടൈൽ ഒട്ടിച്ചു മോടികൂട്ടുന്നത്. തറയിൽ ബോർഡർ ആയും മോട്ടിഫ് ആയുമൊക്കെ ഇവ ഒട്ടിക്കുകയും ചെയ്യാം. ഫർണിച്ചറിന്റെ ഭംഗി കൂട്ടാമെന്നതാണ് മറ്റൊരു സവിശേഷത. വലുപ്പം കുറഞ്ഞ ടൈൽ ആണ് ഇതിനായി ഉപയോഗിക്കുന്നത്. ടീപോയ്, ബെഞ്ച്, അലമാര എന്നിവയിലും എന്തിന് വാതിലിൽ പോലും ഇവ പിടിപ്പിക്കാം. വാഷ് ഏരിയയിലെ കണ്ണാടിയുടെ ഫ്രെയിമിനു ചുറ്റും ഇത്തരം ടൈൽ പിടിപ്പിക്കുന്നവരും ഏറെയാണ്.

ഇത്തിരിക്കുഞ്ഞൻ സുന്ദരൻ

സാധാരണയായി ഒരിഞ്ച് മുതൽ ആറിഞ്ച് വരെ വലുപ്പത്തിലാണ് ഹാൻഡ് മെയ്ഡ് ഡെക്കറേറ്റീവ് ടൈൽ ലഭിക്കുക. ചതുരം, ദീർഘചതുരം, ഹെക്സഗൺ എന്നുതുടങ്ങി ഇറെഗുലർ ആകൃതിയിൽ വരെ ഇവ ലഭിക്കും. സെറാമിക്, വിട്രിഫൈഡ് ടൈലുകളിൽ സാധാരണയായി കാണാത്തതരം നിറങ്ങളും കൗതുകമുണർത്തുന്ന പ്രിന്റുകളുമാണ് ഇവയുടെ ഏറ്റവും വലിയ പ്രത്യേകത.

വ്യത്യസ്ത ആകൃതികളിൽ ഹാൻഡ്മെയ്ഡ് ടൈൽ ലഭിക്കും.ചിഹ്നങ്ങൾ രേഖപ്പെടുത്തിയ ടൈലിന് ആവശ്യക്കാർ ഏറെയാണ്.

കൂടുതലായും ഡൽഹി, രാജസ്ഥാൻ എന്നിവിടങ്ങളിൽ നിന്നാണ് േകരളത്തിലേക്ക് ഹാൻഡ് മെയ്ഡ് ടൈൽ എത്തുന്നത്. കളിമണ്ണും പ്രത്യേക ധാതുക്കളും ഉപയോഗിച്ച് ടൈലിന്റെ ബോഡി ഉണ്ടാക്കുന്നതാണ് നിർമാണത്തിന്റെ ആദ്യഘട്ടം. വേണ്ട ആകൃതിയിലുള്ള മോൾഡിൽ മണ്ണ് കുഴച്ചത് വച്ച് ഉണക്കിയെടുത്താണ് ഇതു നിർമിക്കുക. ‘ബിസ്കറ്റ്’ എന്നാണ് ഇത് അറിയപ്പെടുക. ഇതിനു മുകളിൽ ആവശ്യമായ നിറവും ഡിസൈനും പതിപ്പിക്കുന്നതാണ് നിർമാണത്തിന്റെ രണ്ടാംഘട്ടം വരെ സൂക്ഷ്മതയോടെ നിറം സ്പ്രേ ചെയ്യുകയാണ് പൊതുവേ ചെയ്യുന്നത്. ഇത് ചൂളയിൽ ചുട്ടെടുക്കുന്നതോടെ ടൈൽ തയാറാകും.

ചതുരശ്ര അടിക്ക് 225 രൂപ മുതലാണ് ഹാൻഡ് മെയ്ഡ് ടൈലിന്റെ ഏകദേശ വില. ചെറിയ ടൈലിന് വില കുറവായിരിക്കും. ടൈലിന്റെ വലുപ്പം കൂടുന്നതനുസരിച്ച ്വില കൂടും. സാധാരണ ടൈൽ ഒട്ടിക്കുന്നതുപോലെ സിമന്റ് ചാന്തോ പശയോ ഉപയോഗിച്ച് ഇവ ഒട്ടിക്കാം.

അതിരില്ലാ സാധ്യതകൾ

സാധ്യതകൾക്ക് അതിരില്ല ; ഭാവനയുള്ളവർക്ക് ഏതറ്റം വരെയും പോകാം. ഇതാണ് ഡെക്കറേറ്റീവ് ഹാൻഡ് മെയ്ഡ് ടൈലിന്റെ കാര്യത്തിലെ പരമാർ്ഥം. ഇന്റീരിയറിന്റെ നിറവും ആശയവും (തീം) അനുസരിച്ചുള്ള ‘കസ്റ്റമൈസേഷൻ’ (സ്വന്തം അഭിരുചിക്കനുസരിച്ചുള്ള നിർമാണം) ടൈലിന്റെ കാര്യത്തിലും പ്രാവർത്തിക മാണെന്നതാണ് ഏറ്റവും വലിയ മെച്ചം. ഭാവനയ്ക്കൊപ്പം പ്രായോഗികബുദ്ധിയും ഉപയോഗിച്ചാൽ കുറഞ്ഞ ചെലവിൽത്തന്നെ ഇന്റീരിയർ ഗംഭീരമാക്കാം എന്നതാണ് മറ്റൊരു നേട്ടം. ചെലവ് കുറഞ്ഞ ടൈലൽ കൂടുതലായി ഉപയോഗിച്ച് മർമ്മപ്രധാന സ്ഥലങ്ങളിൽ മാത്രം ഹാൻഡ് മെയ്ഡ് ടൈൽ ഉപയോഗിച്ചാൽ പണം പാഴാക്കാതെ തന്നെ ഇന്റീരിയർ അത്യുഗ്രനാക്കാം. 

സെറാമിക് ടൈലും രംഗത്ത്

തറയിൽ ബോർഡർ, മോട്ടിഫ് എന്നിവയായി ഹാൻഡ്‌മെയ്‌ഡ്‌ ടൈൽ ഉപയോഗിക്കാം.

കാഴ്ചയിൽ ഹാൻഡ് മെയ്ഡ് ഡെക്കറേറ്റീവ് ടൈൽ പോലെ തോന്നിക്കുന്ന സെറാമിക് ടൈലുകളും ഇപ്പോൾ വിപണിയിൽ ലഭ്യമാണ്. ഹാൻഡ് മെയ്ഡ് ടൈലിന് ചതുരശ്രയടിക്ക് 225 രൂപയോളം വിലയുള്ളപ്പോൾ ഇതേ മാതൃകയിലുള്ള സെറാമിക് ടൈൽ 125 രുപ മുതൽ ലഭിക്കും. നാലിഞ്ച് മുതൽ ആറിഞ്ച് വരെ വലുപ്പത്തിൽ ഇത്തരം സെറാമിക് ടൈൽ ലഭ്യമാണ്. ഇതല്ലാതെ വലിയ ടൈൽ ഡെക്കറേറ്റീവ് ടൈലിന്റെ മാതൃകയിൽ മുറിച്ച് ഉപയോഗിക്കുന്നവരുമുണ്ട്.

ടൈലിന് സ്വന്തം ഡിസൈൻ

നമ്മൾ ആവശ്യപ്പെടുന്ന നിറത്തിലും ഡിസൈനിലും ഹാൻഡ് മെയ്ഡ് ഡെക്കറേറ്റീവ് ടൈൽ ലഭിക്കും. കുറഞ്ഞത് നൂറ് ടൈൽ എങ്കിലും വാങ്ങണമെന്നു മാത്രം. ചതുരശ്രയടിക്ക് 250 രൂപ മുതലായിരിക്കും ചെലവ്. ഓർഡർ നൽകി ഒരു മാസത്തിനുള്ളിൽ ടൈൽ ലഭിക്കും. തറയിൽ വിരിക്കുന്ന ആത്തംകുടി ടൈലും ഇപ്രകാരം കസ്റ്റമൈസ്ഡ് ഡിസൈനിൽ ലഭിക്കും. തമിഴ്നാട്ടിലെ ആത്തംകുടി എന്ന ഗ്രാമത്തിൽ കുടിൽ വ്യവസായമായി നിർമിക്കുന്നതാണ് ആത്തംകുടി ടൈൽ.

വിവരങ്ങൾക്ക് കടപ്പാട് :

എം. മനോജ്, ടൈൽ സോഴ്സ്, ഒബ്രോൺ മാളിന്

എതിർവശം, ഇടപ്പള്ളി, കൊച്ചി.

‍ഡോ. തോമസ് മാഞ്ഞൂരാൻ, തൃശൂർ