Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

മനസ്സിൽ ആഗ്രഹിക്കുന്ന എന്തും ലഭിക്കും!

flooring-new-trends മനസ്സിൽ ആഗ്രഹിക്കുന്ന എന്തും ലഭിക്കും എന്നതാണ് ഫ്ലോറിങ്ങിലെ ഏറ്റവും പുതിയ വിശേഷം.

സെറാമിക്, പോളിഷ്ഡ് വിട്രിഫൈഡ്, ഗ്ലേസ്ഡ് വിട്രിഫൈഡ് എന്നിങ്ങനെ ഫ്ലോർ ടൈൽ മൂന്നു വിധത്തിലുണ്ട്. മുകളിലെ പാളിയിൽ മാത്രം ഡിസൈൻ വരുന്ന ടൈലാണ് സെറാമിക് ടൈൽ. ഡബിൾ ചാർജ് എന്ന ഓമനപ്പേരിൽ വിളിക്കുന്ന വിട്രിഫൈഡ് ടൈലിൽ പകുതിയോളം പാളികളിൽ ഡിസൈൻ ഉണ്ടായിരിക്കും. തേയ്മാനം വന്നാലും ഡിസൈൻ മങ്ങില്ല എന്നതാണ് ഇത്തരം ടൈലുകളുടെ പ്രത്യേകത. വിട്രിഫൈഡ് ടൈലുകളെ പോളിഷ്ഡ്, ഗ്ലേസ്ഡ് എന്നിങ്ങനെ രണ്ട് വിഭാഗമാക്കിയിരിക്കുന്നു. ഇപ്പോൾ ലഭിക്കുന്ന വിട്രിഫൈഡ് ടൈലുകൾ മിക്കവാറും ഡിജിറ്റൽ പ്രിന്റുള്ളവയാണ്. മുകളിലുള്ള കോട്ടിങ് ആണ് ഗ്ലേസ്ഡ് ടൈലുകളെ പോളിഷ്ഡ് ടൈലുകളിൽനിന്ന് വ്യത്യസ്തമാക്കുന്നത്.

ഫിനിഷുകൾ: ഗ്ലോസി, മാറ്റ്, റസ്റ്റിക് ഫിനിഷുകൾ ആദ്യകാലം മുതലേ ഉണ്ടായിരുന്നവയാണ്. ഇതിൽ ഗ്ലോസിയോട് ഇടക്കാലത്ത് താൽപര്യം കുറഞ്ഞെങ്കിലും ഇപ്പോൾ ഗ്ലോസിയും മാറ്റും ഒരുപോലെ പ്രിയങ്കരമാണ്. ഗ്ലോസിയെപ്പോലെ തിളക്കമുണ്ടെങ്കിലും തെന്നാത്ത പ്രതലമാണ് സാറ്റിൻമാറ്റ്, ലപാറ്റോ, ഷുഗറോൺ ഫിനിഷുകൾക്ക്. പ്രതലത്തിന്റെ വ്യത്യാസമനുസരിച്ചാണ് ഇവ തമ്മിൽ വ്യത്യാസപ്പെട്ടിരിക്കുന്നത്. കൂട്ടത്തിൽ ലപാറ്റോയ്ക്ക് തിളക്കം കുറവാണ്.

വലുപ്പം: 60X60 സെമീ, 80X80 സെമീ വലുപ്പമുള്ള ടൈലുകളായിരുന്നു ഒരു കാലത്ത് വലുപ്പത്തിന്റെ മാതൃകയെങ്കിൽ ഇന്നത് സ്ലാബ് വലുപ്പത്തിലേക്ക് മാറിയിരിക്കുന്നു. 60X120 സെമീ, 80X120 സെമീ എന്നീ രണ്ട് വലുപ്പമുള്ള ടൈലുകളെയാണ് സ്ലാബ് എന്നു വിളിക്കുന്നത്. 15X60 സെമീ, 13X80 സെമീ, 120X20 സെമീ എന്നീ വലുപ്പമുള്ള പ്ലാങ്കുകളും വിപണിയിലെ ഏറ്റവും പുതിയ തരംഗമാണ്. വോൾ ടൈലിന്റെ ഏറ്റവും അനുയോജ്യമായ വലുപ്പം 60X60 സെമീ, 80X40 സെമീ, 60X30 സെമീ എന്നിവയാണ്. കിടപ്പുമുറികളോ ഫാമിലി ലിവിങ്ങോ പോലുള്ള മുറികളിൽ ഇത്തരം ഡിസൈനുള്ള ബാത്റൂം ടൈലുകൾ ഉപയോഗിക്കുന്ന ട്രെൻഡുണ്ട്. സ്പേസർ ഇട്ട് ഇപോക്സി നിറച്ച് ടൈൽ വിരിക്കുന്നതാണ് പുതിയ ട്രെൻഡ്.

floor വിട്രിഫൈഡ് വിഭാഗത്തിൽ വരുന്ന 99 ശതമാനം ടൈലുകളും ബാത്റൂം ടൈലുകളും ഡിജിറ്റൽ പ്രിന്റ് ചെയ്തവയാണ്. സെറാമിക് ടൈലുകളിലും ഡിജിറ്റൽ പ്രിന്റിങ് സാധ്യമാണ്.

നിറം/ പാറ്റേൺ: സ്റ്റോൺ, വുഡൻ, പ്ലെയിൻ എന്നീ പാറ്റേണുകളാണ് ഫ്ലോർ ടൈലിൽ ഉള്ളത്. ചിത്രപ്പണികളോടുകൂടിയ ടൈലുകൾ ട്രെൻഡാണ്. വുഡൻ ഫിനിഷുകൾക്ക് ഒരു കാലത്ത് ആരാധകർ ഏറെയായിരുന്നെങ്കിലും ഇപ്പോൾ സ്റ്റോണ്‍ പാറ്റേണുകളാണ് കൂടുതൽ വിറ്റഴിയപ്പെടുന്നത്. ഐവറിക്ക് വില കുറയുമ്പോൾ വെള്ളയ്ക്കും ജെറ്റ് ബ്ലാക്കിനും വില കൂടുതലാണ്. ടെറാക്കോട്ട, ആത്തംകുടി ടൈലുകൾക്കും ആരാധകരുണ്ട്.

പ്രകൃതിദത്ത കല്ലുകൾ

natural-stones വെയിലിലും മഴയും വീഴുന്ന ഇടങ്ങളിലേക്ക് പ്രകൃതിദത്ത കല്ലുകൾ അനുയോജ്യമാണ്.

ഇറ്റാലിയൻ മാർബിളിന്റെ വരെ ഡിസൈൻ ടൈലിൽ ലഭ്യമാണ് എന്നതിനാൽ നാച്വറൽ സ്റ്റോൺ വിപണി അൽപം മാന്ദ്യത്തിലാണ്. എന്നാൽ പ്രകൃതിദത്ത കല്ലുകളുടെ കടുത്ത ആരാധകർ ഇതൊന്നും കേട്ട് ഇളകുന്ന മട്ടില്ല. കൂടുതല്‍ പൈസയിറക്കാൻ തയാറാകുന്നവർ ഇറ്റാലിയൻ മാർബിള്‍ തന്നെ വേണമെന്ന് ശാഠ്യം പിടിക്കുന്നു. വിരിപ്പും പോളിഷിങ്ങുമെല്ലാം വരുമ്പോൾ നല്ലൊരു തുകതന്നെ മാറിക്കിട്ടും. എന്നതു സ്റ്റോണിന്റെ ന്യൂനതയാണ്. മാർബിളിനേക്കാൾ ഗ്രാനൈറ്റിനാണ് ആവശ്യക്കാർ കൂടുതൽ. ചതുരശ്രയടിക്ക് 70 രൂപ മുതൽ ഗ്രാനൈറ്റ് ലഭ്യമാണെങ്കിലും ചതുരശ്രയടിക്ക് 90 മുതലുള്ളവയ്ക്കാണ് ആവശ്യക്കാർ കൂടുതൽ. കൂടുതൽ പിടുത്തം (Grip) ആവശ്യമായി വരുന്ന സിറ്റ്ഔട്ട്, ഗോവണിപ്പടികൾ എന്നിവിടങ്ങളിലൊക്കെ ലെപാറ്റോ ഫിനിഷുള്ള ഗ്രാനൈറ്റ് ഉപയോഗിക്കുന്നുണ്ട്. ഫ്ലെയിംഡ് ഗ്രാനൈറ്റിനു പകരം നിൽക്കും ഈ ഫിനിഷ്. പരുക്കനാക്കിയ ഗ്രാനൈറ്റ് പൂന്തോട്ടത്തിൽ വിരിക്കാനും ഉപയോഗിക്കപ്പെടുന്നുണ്ട്.

design-floor

ബോർഡറുകളും ബട്ടനുകളും പൂർണമായും ഒഴിവാക്കപ്പെട്ടതിനാൽ ജയ്സാൽമീർ സ്റ്റോണിന്റെ ഡിമാൻഡ് കുത്തനെ താഴോട്ടാണ്. കോട്ടയ്ക്കും താരതമ്യേന ഡിമാൻഡ് കുറവാണ്. കോട്ടയ്ക്ക് ചതുരശ്രയടി കണക്കിന് വില കുറവാണെങ്കിലും വിരിക്കാനും പോളിഷ് ചെയ്യാനുമെല്ലാം നല്ല ചെലവുവരും. സ്റ്റോൺ ഏതാണെങ്കിലും വിരിക്കുന്ന ഗ്രൗട്ടിലെ അഴുക്ക് മുകളിലേക്ക് വരാൻ സാധ്യതയുണ്ട് എന്നതും നാച്വറൽ സ്റ്റോണിന്റെ സ്വീകാര്യത കുറയാൻ കാരണമാണ്.

kotta-stone ട്രഡീഷണൽ, കന്റംപ്രറി വീടുകൾക്ക് കോട്ട സ്റ്റോൺ ഒരുപോലെ ചേരും.

പക്ഷേ, വീട് നിർമാണത്തിന് പ്രകൃതിദത്തമായ നിർമാണസാമഗ്രികൾതന്നെ വേണം എന്ന് നിർബന്ധബുദ്ധിയുള്ളവര്‍ ഭാവിയിൽ കൂടിവരാനാണ് സാധ്യതയെന്ന് ഈ രംഗത്തെ വിദഗ്ധർ അഭിപ്രായപ്പെടുന്നു. അതുകൊണ്ടുതന്നെ നാച്വറൽ വിപണിയിലെ ഇപ്പോഴത്തെ മാന്ദ്യം കണക്കിലെടുക്കാൻ സാധിക്കില്ല.

വുഡൻ ഫ്ലോറിങ്

green-floormax1 കൺട്രി വുഡ്, അസോർട്ടഡ്, സോർട്ടഡ് എന്നിങ്ങനെ തടിനിലത്തെ മൂന്നാക്കിത്തിരിക്കാം. ലാമിനേറ്റഡ്, എഞ്ചിനിയേർഡ് വുഡ് ഫ്ലോറിങ്ങുകൾ യഥാർഥ തടിയുപയോഗിക്കുന്നില്ല.

പ്രകൃതിദത്ത തടികൊണ്ടുള്ള ഫ്ലോറിങ് കീശയിൽ മുഴുവൻ കാശുള്ളവർക്കുമാത്രം പറ്റുന്ന സാഹചര്യമാണിപ്പോൾ. തേക്കിന് ക്യുബിക് ഫീറ്റിന് 6,000 രൂപ വരെയാണ് ഇപ്പോള്‍ ഈടാക്കുന്നത്. തടിയുടെ ബാക്കിവന്ന കഷണങ്ങൾ ഉപയോഗിച്ച് ഫ്ലോറിങ് ചെയ്യുന്നതാണ് ഇപ്പോഴത്തെ ട്രെൻഡ്. കൺട്രിവുഡ്, അസോർട്ടഡ്, സോർട്ടഡ് എന്നിങ്ങനെ തടിയെ മൂന്നായിത്തിരിച്ചാണ് തറയിൽ വിരിക്കുന്നത്. വിറകുകഷണങ്ങളുടെ ബാക്കിയായി വരുന്നതാണ് കൺട്രിവുഡ്. ഇത് ഈർപ്പത്തിന്റെ സാന്നിധ്യമുള്ളയിടത്ത് വിരിക്കുന്നത് സുരക്ഷിതമല്ല. അസോർട്ടഡ് തടി പല ഇനത്തിൽപ്പെട്ട തടിയാണ്. അതായത്, അതിൽ തേക്കിന്റെയും വീട്ടിയുടെയുമെല്ലാം പലകകൾ കാണും. പല തടിയുടെയും വികാസവും ചുരുങ്ങലുമെല്ലാം വ്യത്യാസമുള്ളതിനാൽ അസോർട്ടഡ് തടി ഫ്ലോറിങ്ങിനും ചില പ്രശ്നങ്ങൾ ഉണ്ടാകാൻ സാധ്യതയുണ്ട്. ഒരേതരം തടിയുടെ പലകകൾ ഉപയോഗിച്ച് ഫ്ലോറിങ് ചെയ്യുന്നതാണ് സോർട്ടഡ് വുഡൻ ഫ്ലോറിങ്.

wooden-flooring ഈർപ്പത്തിന്റെ സാന്നിധ്യമില്ലാത്ത സ്ഥലങ്ങളിലേക്ക് തനിനിലം തിരഞ്ഞെടുക്കാം.

ലാമിനേറ്റുകളും എൻജിനീയേർഡ് വുഡൻ ഫ്ലോറിങ്ങുമാണ് അടുത്ത വിഭാഗം. ഇതിൽ ലാമിനേറ്റിന് ചെലവു കുറവാണ്, ഈടും കുറവാണ്. ചതുരശ്രയടിക്ക് 90–155 രൂപ വിലവരും. എന്നാൽ നടുവില്‍ എംഡിഎഫും മുകളിൽ യഥാർഥ തടിപ്പാളിയും അടിയിൽ ഓക്ക് പാളിയും സ്ഥാപിച്ച എൻജിനീയേർഡ് വുഡ് കൂടുതൽ ഈടു നിൽക്കും. ചതുരശ്രയടിക്ക് 235–550 രൂപയാകുമെന്നുമാത്രം. ഇതിൽ കറയോ പാടുകളോ വന്നാൽ സാന്‍ഡ്പേപ്പറിട്ട് ഉരച്ച് വൃത്തിയാക്കാവുന്നതുമാണ്. സിമന്റ്, ഗ്ലാസ് ഫ്ലോറുകളും ഓക്സൈഡ് ഫ്ലോറിങ്ങുകളും ചെറിയൊരു ശതമാനം ആളുകൾ ഉപയോഗിക്കുന്നുണ്ട്. ഏതുതരം വീടുകൾക്കും ചേരുമെന്നതും ചെലവു കുറവാണെന്നതുമാണ് ഇത്തരം നിലങ്ങളുടെ പ്രത്യേകത. ചതുരശ്രയടിക്ക് 50 രൂപയിൽ താഴെയേ ഇത്തരം നിലങ്ങൾക്ക് ചെലവുവരൂ.

കടപ്പാട്: നിമിഷ് ജോൺ, ലൈഫ് ഇൻസ്പയേർഡ്, എറണാകുളം