ഉണ്ണിയേശുവിന്റെ തിരുപ്പിറവി ആഘോഷങ്ങൾക്കു പൊലിമയേകാൻ ക്രിസ്മസ് വിപണി സജീവമായി. വെളിപാടിന്റെ പുസ്തകം എന്ന സിനിമയിലെ വൈറലായ ജിമിക്കി കമ്മൽ പാട്ടിന്റെ ചുവടുപിടിച്ച് ജിമിക്കി കമ്മൽ ആകൃതിയിൽ നിർമിച്ച സ്റ്റാറുകളാണ് ഇത്തവണ വിപണിയിലെ താരം. പുള്ളിക്കാരൻ സ്റ്റാറാ, ബാഹുബലി, സോളോ, ടേക് ഓഫ് മോഡൽ സ്റ്റാറുകളും വിപണിയിൽ സജീവമാണ്. 360 മുതൽ 500 വരെ രൂപയാണ് ഇവയുടെ വില. ഇത്തവണ എൽഇഡി സ്റ്റാറുകൾ വിപണിയിൽ സജീവമാണെങ്കിലും പരമ്പരാഗത പേപ്പർ സ്റ്റാറുകളോടുള്ള ഇഷ്ടം ആളുകൾക്ക് കുറഞ്ഞിട്ടില്ല. 250 മുതൽ 750 രൂപ വരെയാണ് എൽഇഡി സ്റ്റാറുകളുടെ വില. 60 രൂപ മുതൽ പേപ്പർ സ്റ്റാറുകൾ വിപണിയിൽ ലഭ്യമാണ് എന്നതും ഇവയെ പ്രിയകരമാക്കുന്നു.
റെഡിമെയ്ഡ് പുൽക്കൂടുകളാണ് ഇത്തവണ വിപണിയിലെ മറ്റൊരു ശ്രദ്ധാകേന്ദ്രം. ചൂരൽ, തടി എന്നിവയിൽ നിർമിച്ച വൈവിധ്യമാർന്ന കൂടുകളാണു വിപണിയിൽ എത്തിച്ചിരിക്കുന്നത്. ക്രിസ്മസ് അടുത്തതോടെ വിപണിയിൽ പുൽക്കൂടുകളുടെ വിൽപനയും പൊടിപൊടിക്കുകയാണ്. ഫാൻസി സ്റ്റോറുകൾക്കു പുറമെ പുൽക്കൂട്, ക്രിബ് സെറ്റ്, ദീപാലങ്കാരങ്ങൾ മുതലായവ വിൽക്കുന്നതിനു മാത്രമായുള്ള താൽക്കാലിക കടകളും സംസ്ഥാനത്തിലുടനീളം ഉയർന്നുകഴിഞ്ഞു.
പഴയകാലത്തു മരചില്ലകൾ വെട്ടിയും കമ്പുകൾ ഉപയോഗിച്ചും മറ്റുമാണു പുൽക്കൂട് ഉണ്ടാക്കിയിരുന്നതെങ്കിൽ ഇപ്പോൾ നാട്ടിൻപുറങ്ങളിൽപോലും റെഡിമെയ്ഡ് പുൽക്കൂടുകൾക്കാണു ഡിമാൻഡ്. പള്ളികളുടെയും ഭക്തസംഘടനകളുടെയും ആഭിമുഖ്യത്തിൽ ഒരുക്കുന്ന പുൽക്കൂടുകൾ പരമ്പരാഗത രീതിയിലുള്ളവ തന്നെയാണ്. ചൂരലുകൊണ്ടുള്ള പുൽക്കൂടിന് 450–850 രൂപയും തടികൊണ്ടുള്ളതിനു 300–750 രൂപയുമാണു വില.
ഇൻസ്റ്റന്റ് പുൽക്കൂടുകൾ കൊണ്ടുപോയാൽ അൽപം അലങ്കാര പണികൾ കൂടി നടത്തിയാൽ വലിയ ആയാസമില്ലാതെ തന്നെ പുൽക്കൂടുകൾ തയാറാക്കാൻ സാധിക്കും എന്നതാണു മേന്മ. പുൽക്കൂടുകളിൽ വയ്‌ക്കുന്നതിനുള്ള ക്രിബ് സെറ്റുകളും അലങ്കാര വസ്‌തുക്കളുമെല്ലാം കടകളിൽ വിൽപനയ്‌ക്കുണ്ട്. ഉണ്ണിയേശുവിന്റേതടക്കം വിവിധ രൂപങ്ങളുള്ള ക്രിബ് സെറ്റിനു 180 രൂപ മുതൽ 1200 രൂപവരെയാണു വില. 175 രൂപ മുതൽ 3,000 രൂപ വരെ വിലയുള്ള ക്രിസ്മസ് ട്രീകളും വിപണിയിൽ ലഭ്യമാണ്.
ക്രിസ്മസ് ട്രീ അലങ്കരിക്കാൻ സാന്താക്ലോസിന്റെ ചെറിയ രൂപം, പല നിറത്തിലുള്ള ബോളുകൾ, ഗിഫ്റ്റ് ബോക്സിന്റെ ചെറിയ രൂപങ്ങൾ തുടങ്ങി വിവിധതരം അലങ്കാര വസ്തുക്കളും കടകളിലുണ്ട്. 45 രൂപ മുതൽ 1,200 രൂപ വരെയുള്ള മാലബൾബുകളും വിൽപനയ്ക്കുണ്ട്. കച്ചവട സ്ഥാപനങ്ങളും കട അലങ്കരിച്ചു ക്രിസ്മസ് വിപണിയെ വർണാഭമാക്കുകയാണ്.