കാശു ലാഭിച്ചുകൊണ്ട് ഗമ കാണിക്കാൻ വഴിയുണ്ട്!

ജീവിതം തന്നെ ഡിജിറ്റലായ അവസ്ഥയിലാണ് മനുഷ്യരിപ്പോൾ. പിന്നെ ടൈലിന്റെ കാര്യം പറയണോ.. കാശ് കീശയിൽ കിടന്നുകൊണ്ട്തന്നെ, ഗമ കാണിക്കാൻ ഡിജിറ്റൽ ടൈലിനെ പിടിച്ചാൽ മതി.

ഫ്ലോറിങ്ങിൽ വിപ്ലവം അകങ്ങേറുമ്പോൾ ഏറ്റവും കൂടുതൽ ജനപ്രീതിയുളളത് ടൈലിനാണെന്ന് പറയാതെ വയ്യ. ആളുകളുടെ വലുപ്പം മനസ്സിലാക്കാൻ ടൈലിന്റെ വലുപ്പവും കുറച്ച് കൂടിയിരിക്കട്ടെ എന്നതാണ് ഇപ്പോൾ മലയാളികളുടെ മനസ്സിലിരിപ്പ്. നാല് അടി നീളവും രണ്ട് അടി വീതിയുമൊക്കെ വേണം ടൈലിന്. എന്നാൽ വലിയ തിളക്കത്തോട് പ്രതിപത്തിയില്ല. ‘സെമി മാറ്റ്’, ‘സാറ്റിൻ ’ എന്നു വിശേഷണമുളള തിളക്കം കുറഞ്ഞവയോടാണ് ചായ്‍വ്. തെന്നി വീഴാനുളള സാധ്യത കുറയുമല്ലോ.

ജീവിതം തന്നെ ഡിജിറ്റലായ അവസ്ഥയിലാണ് മനുഷ്യരിപ്പോൾ. പിന്നെ ടൈലിന്റെ കാര്യം പറയണോ.. കാശ് കീശയിൽ കിടന്നുകൊണ്ട്തന്നെ, ഗമ കാണിക്കാൻ ഡിജിറ്റൽ ടൈലിനെ പിടിച്ചാൽ മതി. മാർബിളിന് കാശു മുടക്കണമെങ്കിൽ അല്പം പുളിക്കും. എന്നാല്‍, അതേ ഡിസൈനും പാറ്റേണുമൊക്കെ വേണമെങ്കിൽ, ഡിജിറ്റൽ ടൈലിൽ കാര്യം നടക്കും. 110 രൂപ മുതൽ ചതുരശ്രയടിക്ക് ടൈൽ കിട്ടും. 600 രൂപയുടെ ഇറ്റാലിയൻ മാർബിൾ ഇഷ്ടപ്പെട്ട വീട്ടുകാരൻ 75 രൂപയ്ക്ക് അതേ ഡിസൈനുളള ഡിജിറ്റൽ ടൈൽ കണ്ടപ്പോൾ ചുവടുമാറ്റം നടത്തിയാൽ കുറ്റം പറയാനില്ല. ‘‘കണ്ടാൽ പോലും തിരിച്ചറിയാൻ പറ്റാത്ത വിധത്തിലുളള വിപ്ലവമാണ് ഡിജിറ്റൽ ടൈൽ രംഗത്തു നടക്കുന്നത്. അതുകൊണ്ട് കൂടുതൽ ആളുകളുടെ ചോയ്സും ഈ വഴിക്കുതന്നെ .‌’’ ആർക്കിടെക്ട് സനിൽ ചാക്കോ പറയുന്നു.

ടൈൽ വാങ്ങുന്നതിൽ മാത്രമല്ല കാര്യം, നന്നായി വിരിക്കാനും വേണം ഒരു യോഗം. അതിനാണ് ‘സ്പേസറുകൾ’ ജന്മം കൊണ്ടിരിക്കുന്നത്. ഒരിത്തിരി ഗ്യാപ് ഉണ്ടാക്കാൻ കക്ഷി മിടുക്കനാണ്. അത്ര മുട്ടി മുട്ടി ഇരിക്കണ്ട എന്നു സാരം. സൂക്ഷിച്ചാൽ ദുഃഖിക്കേണ്ടല്ലോ... ടൈലുകള്‍ പൊങ്ങി വന്ന് മാറ്റേണ്ടി വന്നവർക്ക് അറിയാം അതിന്റെ ചെലവ്. നാല് എംഎം, അഞ്ച് എംഎം, ആറ് എംഎം എന്നിങ്ങനെ പല വലുപ്പത്തിൽ  T ആകൃതിയിൽ സംഭവം ലഭ്യമാണ്. സ്പേസറിന് വെറൈറ്റി പോര എന്നു പരിഭവപ്പെടുന്നവർക്ക് കളർഷേഡുകള്‍ വരെ കമ്പനിക്കാർ ഇറക്കിയിട്ടുണ്ട്. പെയിന്റടിക്കാൻ കളർഷേഡ് പരതുന്നതുപോലെ, ടൈലിന് മാച്ച് ചെയ്യുന്ന സ്പേസറുകൾ ചുമ്മാ സെലക്ട് ചെയ്യാമെന്നേ.. മിന്നും തറകൾക്ക് ഗ്ലിറ്ററിങ് ഉളള സ്പേസറുകള്‍ വരെ ഉണ്ടത്രെ. ആക്സസറികളും ഫർണിഷിങ്ങും കളർഫുള്‍ ആവുമ്പോൾ ഫ്ലോർ ‘ന്യൂട്രൽ’ ആയി നില്‍ക്കട്ടെ. അല്ലേ?

വുഡൻ ലാമിനേറ്റ്

സോളിഡ് വുഡ് തറകൾക്ക് വില കൂടുതലാണ്. മെയിന്റനൻസിന്റെ കാര്യത്തിലും ശ്രദ്ധ കൂടുതൽ വേണമെന്നതിനാലാവണം വുഡൻ ലാമിനേറ്റഡ് ഫ്ലോറുകൾക്ക് നല്ല ഡിമാന്‍ഡുളളത്. ചൈനീസ് ഉൽപന്നങ്ങളും ഈ ശ്രേണിയിൽ ലഭ്യമാണ്.

വുഡൻ ഡിസൈൻ ടൈലിന് ബെസ്റ്റ് ടൈം

ഒാരോന്നിനും ഒാരോ സമയം എന്നു പറഞ്ഞപോലെ, ഇപ്പോൾ വുഡൻ ടൈലുകളുടെ രാശി തെളിഞ്ഞിരിക്കുകയാണെന്നു പറയേണ്ടിവരും. ചൂടപ്പം പോലെ വിറ്റുപോവുകയാണ് തടിയുടെ ഫിനിഷിലുളള ടൈലുകൾ. ബെഡ്റൂമുകളിലൊക്കെ വുഡൻ ടൈലുകളാണ് താരം. വുഡൻ ലാമിനേറ്റ് ഫ്ലോറിനും ഏതാണ്ടിതേ ചാര്‍ജ് തന്നെ വരും. ചതുരശ്രയടിക്ക് 60 രൂപ മുതൽ വില വരുന്ന ചൈനീസ് അവതാരങ്ങളും ലഭിക്കും.

കാശു മുടക്കാൻ ഗ്രാനൈറ്റ്

ജിഎസ്ടിക്കു നന്ദി പറയണം, എവിടെ നിന്നു വേണമെങ്കിലും സാധനം വാങ്ങാമെന്നതിനാൽ ബെംഗളുരുവിനു വണ്ടി പിടിച്ച് ഗ്രാനൈറ്റ് വാങ്ങുന്നവരുടെ എണ്ണവും കൂടിയത്രെ. ‘‘ഇരുണ്ട ഷേഡിലുളള ഗ്രാനൈറ്റാണ് കൂടുതൽ നല്ലത്. ഇളംഷേഡുകൾ നോക്കി ശ്രദ്ധയോടെ വാങ്ങിയില്ലെങ്കിൽ ഭാവിയിൽ പാടുകൾ വരാൻ സാധ്യതയുണ്ടെന്ന്’’ ഒാർമിപ്പിക്കുന്നു ഇന്റീരിയർ ഡിസൈനറായ സോണിയ ലിജേഷ്. ഗ്രാനൈറ്റ് വാങ്ങുമ്പോൾ സ്ലാബിന്റെ വലുപ്പവും കനവും പ്രധാനമാണ്. സ്വാഭാവികമായും ചെറിയ സ്ലാബിനാണ് വിലക്കുറവ്.

ഇൻ ഡിമാൻഡ്

വ്യത്യസ്തതയും മിനിമലിസവും ആഗ്രഹിക്കുന്നവർ സിമന്റ് ടൈലുകൾ, ഒാക്സൈഡ് ഫ്ലോർ തുടങ്ങിയവ കൂടുതലായി ഉപയോഗിക്കുന്ന ട്രെൻഡും വിപണിയിൽ ദൃശ്യമാണ്. കോട്ട, കടപ്പ സ്റ്റോണുകൾ മിനിമലിസ്റ്റിക് വീടുകളിൽ കാണാം.

റേറ്റിങ്ങിൽ മുമ്പനാണ് നാച്വറൽ

‘നാച്വറൽ’ എന്ന വാക്ക് ഉണ്ടായാൽ മതി, ഡിമാൻഡ് കൂടും. പല തരത്തിലുളള നാച്വറൽ സ്റ്റോണുകൾ ട്രെൻഡ് മുതലെടുക്കാൻ രംഗപ്രവേശം ചെയ്യുന്നുണ്ടെന്ന് ഡിസൈനർമാർ പറയുന്നു. കോട്ട, കടപ്പ, സിമന്റ് പോളിഷ്ഡ്, ആത്തംകുടി മുതലായവയ്ക്ക് ഒരു പൈതൃകസ്വഭാവം കൂടിയുണ്ട്. പരമ്പരാഗത സ്റ്റൈലിലുളള വീടുകൾക്ക് ഇവ നന്നായി ചേരും.

ഇറ്റാലിയൻ മാർബിളോളം വരുമോ?

ഫ്ലോറിങ്ങിന്റെ അവസാനവാക്ക് എന്നു വിശേഷിപ്പിക്കാൻ അന്നും ഇന്നും ഒന്നേയുളളൂ– ഇറ്റാലിയൻ മാർബിൾ. 3000 ചതുരശ്രയടിക്ക് മുകളിലുളള വലിയ വീടുകൾ പണിയുന്നവർ ഇറ്റാലിയൻ മാർബിളിനു തന്നെയാണ് മുൻഗണന കൊടുക്കുന്നത്. ‘‘ഡൈന എന്നൊരു വെറൈറ്റി ആയിരുന്നു ഇറ്റാലിയൻ മാർബിളിൽ കൂടുതൽ ഉപയോഗിച്ചുകൊണ്ടിരുന്നത്. വെറൈറ്റിക്കുവേണ്ടി ഇപ്പോൾ ഗ്രേ, യെല്ലോ, ബ്ലൂ തുടങ്ങിയ നിറങ്ങളിലേക്ക് ആളുകൾ ചുവടുമാറ്റം നടത്തുന്നു’’ണ്ടെന്നാണ് കോഴിക്കോട് 360 ഡിഗ്രി ഇന്റീരിയറിന് ചുക്കാൻ പിടിക്കുന്ന ഡോ. ജാനിസ് നഹയുടെ അഭിപ്രായം.

തയാറാക്കിയത്- സോന തമ്പി

Read more on Flooring Trends Flooring Materials