വീട് പെയിന്റു ചെയ്യുമ്പോൾ അകം (ഇന്റീരിയർ) ചുവരുകൾക്കും പുറം ചുവരുകൾക്കും (എക്സ്റ്റീരിയർ) പ്രത്യേകം പെയിന്റുകൾ തന്നെ ഉപയോഗിക്കുക.
ഇമൽഷൻ പെയിന്റുകൾ ഉപയോഗിച്ചാൽ കൂടുതൽ ഫിനിഷിങ്ങ് ലഭിക്കുമെന്നു മാത്രമല്ല കൂടുതൽക്കാലം ചുവരുകൾക്കു തിളക്കം നഷ്ടപ്പെടാതെ സൂക്ഷിക്കുകയും ചെയ്യാം. അഴുക്കു പറ്റിയാൽ കഴുകി വൃത്തിയാക്കാമെന്ന മെച്ചവുമുണ്ട്.
സിമന്റ് പെയിന്റുകൾക്കു വില കുറവാണെങ്കിലും ഇമൽഷൻ പെയിന്റുകൾക്കുള്ളത്ര ഫിനിഷിങ്ങും ഈടുനിൽപ്പും ലഭിക്കില്ല. ചുവരിലെ ഈർപ്പം പൂർണമായും അകറ്റിയ ശേഷം മാത്രമേ പെയിന്റിങ് ചെയ്യാവൂ. ഇല്ലെങ്കിൽ ഫിനിഷിങ്ങും ഈടും കുറയും. രണ്ടു കോട്ട് പെയിന്റ് ചെയ്താൽ മാത്രമേ ശരിയായ ഫിനിഷിങ്ങ് ലഭിക്കുകയുള്ളൂ.
ആദ്യകോട്ട് അടിച്ചു കഴിഞ്ഞു അതു പൂർണമായും ഉണങ്ങിപ്പിടിച്ചതിനു ശേഷം രണ്ടാമത്തെ കോട്ട് പെയിന്റു ചെയ്യുക. വീടിനു ഉൾവശം പെയിന്റു ചെയ്യുമ്പോൾ ആദ്യം വാട്ടർ പ്രൂഫിങ്ങ് ചെയ്ത ശേഷമേ പ്രൈമറും പുട്ടിയും ഉപയോഗിക്കാവൂ.
ചുവരുകളിൽ ഉപയോഗിക്കുന്ന പെയിന്റുകൾ എല്ലാം വെള്ളം ചേർത്തു ഉപയോഗിക്കുന്നതാണ്. ഓരോ കമ്പനിയുടേയും പെയിന്റ് ബോട്ടിലുകൾക്കു പുറത്തു പെയിന്റിൽ ചേർക്കേണ്ട വെള്ളത്തിന്റെ അനുപാതം നിർദേശിച്ചിരിക്കും. ഇതു പൂർണമായും പാലിച്ചാൽ മാത്രമേ ഉദ്ദേശിച്ച ഗുണം ലഭിക്കുകയുള്ളൂ.
ഇരുണ്ട നിറങ്ങൾ കൂടുതൽ ചൂട് ആഗിരണം ചെയ്യുമെന്നതിനാൽ പുറം ചുവരുകൾക്കു പരമാവധി ഇളംനിറങ്ങൾ ഉപയോഗിക്കുക. ഉൾവശത്ത് കിടപ്പുമുറി, പഠനമുറി, പൂജാമുറി, അടുക്കള തുടങ്ങി ഓരോ ഭാഗത്തിന്റേയും പ്രാധാന്യം അറിഞ്ഞുള്ള നിറങ്ങള്‍ അനുസരിച്ചു വേണം പെയിന്റുകൾ തിരഞ്ഞെടുക്കാൻ. ഓരോ മുറിക്കും അനുയോജ്യമായ ഷെയിഡുകൾ കമ്പനികൾ പുറത്തിറക്കിയിട്ടുള്ള ഷെയിഡ് കാർഡുകളിൽ നിന്നും തിരഞ്ഞെടുക്കാം.
അടുക്കള പോലെ ചുവരിൽ അഴുക്കു കൂടുതൽ പറ്റാൻ സാധ്യതയുള്ള സ്ഥാനങ്ങളിൽ ഇളം നിറങ്ങൾക്കു പകരം കടുത്ത നിറങ്ങൾ ഉപയോഗിക്കാം. ചൂടിനെ പ്രതിരോധിക്കാൻ ശേഷിയുള്ള തരം പെയിന്റുകൾ വേണം അടുക്കളയ്ക്കു വേണ്ടി തിരഞ്ഞെടുക്കാൻ.
ചുവരില്‍ ചെറിയ തോതിൽ അഴുക്ക് കണ്ടാൽ പോലും ഉടൻ കഴുകി വൃത്തിയാക്കുന്നതാണു ഉത്തമം. കഴുകാൻ സോപ്പോ ഡിറ്റർജന്റോ കലർത്തിയ വെള്ളം നേർപ്പിച്ച് ഉപയോഗിക്കാം.
പെയിന്റു ചെയ്യാനായി ബ്രഷുകൾക്കു പകരം റോളറുകൾ ഉപയോഗിച്ചാൽ ഫിനിഷിങ്ങ് വർദ്ധിക്കും. മാത്രമല്ല പെയിന്റു ഉപയോഗവും പണിക്കൂലിയും ഗണ്യമായി കുറക്കാം. റീ പെയിന്റു ചെയ്യുമ്പോൾ ചുവരിൽ നിന്നും പഴയ പെയിന്റിന്റെ അംശങ്ങൾ പരമാവധി നീക്കം ചെയ്ത ശേഷം മാത്രം പുതിയ പെയിന്റു ചെയ്യണം.
അംഗീകൃത ഷോപ്പുകളിൽ നിന്നു മാത്രം പെയിന്റ് വാങ്ങുക. ഗ്യാരന്റി ഉൾപ്പെടെയുള്ള ആനുകൂല്യങ്ങൾ കിട്ടും.