സ്വപ്‌നഭവനം പണിയുമ്പോള്‍ അതിലെ ഓരോ ഘടകത്തിലും അതീവശ്രദ്ധ പതിപ്പിക്കേണ്ടതുണ്ട്. നമ്മളില്‍ മിക്കവരും അതില്‍ ശ്രദ്ധാലുക്കളുമായിരിക്കും. എന്നാല്‍ വീടിനുള്ളിലെ റൂമുകളുടെ നിറത്തിലൊന്നും നമ്മള്‍ അത്രയ്ക്കങ്ങ് ശ്രദ്ധ വെക്കാറുണ്ടോയെന്നത് സംശയമാണ്. ഇനി ശ്രദ്ധ വെക്കുന്നുണ്ടെങ്കില്‍ തന്നെ ഏത് നിറം ഏതെല്ലാം റൂമുകള്‍ക്ക് നല്‍കണം എന്ന കാര്യത്തിലൊന്നും വലിയ പിടിത്തമുണ്ടാകില്ല.
ഏതൊരു മനുഷ്യനെ സംബന്ധിച്ചും ജീവിതത്തിന്റെ എല്ലാ ദിവസത്തിലും സുപ്രധാനമായ ഒന്നാണ് ഉറക്കം. നന്നായി ഉറങ്ങാന്‍ സാധിച്ചില്ലെങ്കില്‍ പിന്നെന്തു കാര്യം. അടുത്ത ദിവസത്തെ കാര്യം മുഴുവന്‍ കുളമാകും. ഉറക്കം പല ഘടകങ്ങളെ ആശ്രയിച്ചിരിക്കുമെങ്കിലും നിങ്ങളുടെ ബെഡ്‌റൂമിന് അതില്‍ വലിയ പങ്കുണ്ട്. പ്രത്യേകിച്ചും ബെഡ്‌റൂമിന്റെ നിറത്തിന്.
ബെഡ്‌റൂം ഒരു പ്രത്യേക നിറത്തില്‍ പെയ്ന്റ് ചെയ്താല്‍ അത്യാവശ്യം നന്നായി ഉറങ്ങാനുള്ള മാനസികാവസ്ഥ നമുക്ക് വരുമത്രെ. എട്ട് മണിക്കൂറും സുഖനിദ്രയില്‍ ആഴ്ന്നിറങ്ങാം.
നിരവധി പഠനങ്ങളുടെ അടിസ്ഥാനത്തില്‍ കണ്ടെത്തിയിട്ടുള്ളത് ബെഡ്‌റൂമുകള്‍ക്ക് നല്‍കേണ്ടത് നീല, മഞ്ഞ, പച്ച, സില്‍വര്‍ അല്ലെങ്കില്‍ ഓറഞ്ച് നിറങ്ങളില്‍ ഏതെങ്കിലുമാണെന്നാണ്.
ഇതാണ് കാരണങ്ങള്‍
ശാന്തതയും ആശ്വാസവുമാണല്ലോ ഉറക്കത്തിന്റെ അടയാളങ്ങള്‍. നീല നിറം അത്തരം കാര്യങ്ങള്‍ മനസിന് പ്രദാനം ചെയ്യാന്‍ ശേഷിയുള്ളതാണ്. രക്ത സമ്മര്‍ദ്ദം കുറയ്ക്കുന്നതിനും ഹൃദയത്തിന് കുളിര്‍മ പകരുന്നതിനു അത് സഹായകമാകുമത്രെ. അതുകൊണ്ട് നീല നിറത്തില്‍ ബെഡ്‌റൂം ഡിസൈന്‍ ചെയ്യുന്നതാണ് ഏറ്റവും നല്ലത്.
മഞ്ഞ ആണ് നീല കഴിഞ്ഞാല്‍ അഭികാമ്യം. ഏഴ് മണിക്കൂര്‍ 40 മിനുറ്റ് സമയം വരെ ഉറക്കം നല്‍കാന്‍ മഞ്ഞ ബെഡ്‌റൂമുകള്‍ക്ക് കഴിയുമത്രെ. പച്ച ആണെങ്കില്‍ ഉറക്കത്തിന്റെ ദൈര്‍ഘ്യം ഏഴ് മണിക്കൂര്‍ 36 മിനുറ്റുകള്‍ വരെയാണ്.
ഇനി നിങ്ങളുടെ ബെഡ്‌റൂം സില്‍വര്‍ ആണെങ്കില്‍ ഏഴ് മണിക്കൂര്‍ 33 മിനുറ്റാണ് ഉറക്കത്തിന്റെ ദൈര്‍ഘ്യം. ഓറഞ്ച് കളര്‍ ബെഡ്‌റൂമില്‍ കിടക്കുന്നവര്‍ക്ക് ഏഴ് മണിക്കൂര്‍ 28 മിനുറ്റ് ദൈര്‍ഘ്യമുള്ള ഉറക്കം ലഭിക്കും.
ബെഡ്‌റൂം എങ്ങാനും പര്‍പ്പിള്‍ കളറിലാണെങ്കില്‍ സൂക്ഷിച്ചോളൂ..ഉറക്കം ലഭിക്കുന്ന സമയം അഞ്ച് മണിക്കൂര്‍ 56 മിനുറ്റ് മാത്രമാകും. അപ്പോള്‍ ഇതില്‍ നിങ്ങള്‍ക്കിഷ്ടമുള്ള നിറത്തിലാകട്ടെ ബെഡ്‌റൂമുകള്‍ പെയ്ന്റ് ചെയ്യുന്നത്. നീല നിറത്തിലുള്ള ബെഡ്‌റൂമില്‍ ഉറങ്ങുന്നവര്‍ എണീക്കുന്നത് അതീവ സന്തോഷത്തോടെയായിരിക്കുമെന്നാണ് പല പഠനങ്ങളും സാക്ഷ്യപ്പെടുത്തിയിരിക്കുന്നത്.
Read more on : Home Decoration, Magazine Malayalam