Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

സുധിയുടെ സൂപ്പർഹിറ്റ് സിനിമാവീട്!

bamsuri-kannur സിനിമാ സംവിധായകനും ചിത്രകാരനും എഴുത്തുകാരനുമായ സുധി അന്നയുടെ പുതിയ വീട്.

ചിത്രം: ബാംസുരി

സംവിധാനം: സുധി അന്ന

കഥ, തിരക്കഥ: സുധി അന്ന, എ.കെ. ബിന്ദു

കലാസംവിധാനം: ബിജു തോമസ്, എം. സൂരജ് (റിയൽ ഹോംസ്)

അഭിനേതാക്കൾ: സുധി അന്ന, എ.കെ. ബിന്ദു, അന്ന നോറ

ലൊക്കേഷൻ: കണ്ണൂർ–എടൂർ–വെമ്പുഴ പുഴയോരം

“ഭാര്യ വിളിച്ചാൽ ഞാൻ വരണമെന്നില്ല. പക്ഷേ, ‘ബാംസുരി’ വിളിച്ചാൽ വരാതിരിക്കാനാവില്ല.” ഹല്ലേലുയ്യ എന്ന സിനിമയുടെ സംവിധായകൻ സുധി അന്ന പറയുന്നതു കേട്ട് തെറ്റിദ്ധരിക്കേണ്ട.

ഗസൽ സംഗീതം ഉതിരുന്ന... കാപ്പിയുടെ നറുമണം തുളുമ്പുന്ന... മുളകളുടെയും കൈതക്കാടിന്റെയും പച്ചപ്പ് പൊതിയുന്ന... പുഴയുടെ കളകളനാദം നിറയുന്ന... രാത്രിയേറെ വൈകുംവരെ പ്രകൃത്യായുള്ള പ്രകാശം കൊണ്ട് മുഖരിതമാകുന്ന... നനുത്ത തണുപ്പിന്റെ മൂടുപടം പുതച്ചുനിൽക്കുന്ന... ‘ബാംസുരി’. സിനിമാ സംവിധായകനും ചിത്രകാരനും എഴുത്തുകാരനുമായ സുധി അന്നയുടെ പുതിയ വീട്.

sudhi-anna

“ജോലി, ഇഷ്ടങ്ങൾ, സിനിമ, സുഹൃത്തുക്കൾ... എല്ലാം ചേർത്തുവച്ച ഒരു വീട്. വരയും രചനയും വായനയുമൊക്കെയായി രാത്രിയേറെ വൈകുംവരെ ഞാനിങ്ങനെയിരിക്കും.” സുധി പറയുന്നു.

വാതിലുകൾ പൂട്ടാതെ

മൺവീട് പണിയണമെന്ന് ആഗ്രഹമുണ്ടായിരുന്നു സുധിക്ക്. അതിനായി അത്തരം വീടുകൾ പോയി കാണുകയും ചെയ്തു. പിന്നീട് പല കാരണങ്ങൾ കൊണ്ട് ആ ശ്രമം ഉപേക്ഷിക്കേണ്ടി വന്നു. ‘ഓപൻ’ ആശയത്തിലുള്ള ‘വാതിലുകൾ പൂട്ടാത്ത വീട്’ എന്ന ആശയം മനസ്സിൽ രൂപപ്പെട്ടു. ഡിസൈനർമാരായ ബിജുവും സൂരജും സ്വപ്നങ്ങൾക്ക് കലാസംവിധാനമൊരുക്കി.

bamsuri-kannur-yard

സ്വീകരണമുറി, ടിവി ഏരിയ, ഡൈനിങ്, കിച്ചൻ എന്നിവയ്ക്കിടയിൽ ഭിത്തികളില്ല. എന്നാൽ കൃത്യമായ വേർതിരിവ് ഉണ്ടുതാനും. സ്വീകരണമുറിയിൽ നിന്ന് ഒരു പടി പൊക്കത്തിലാണ് ടിവി ഏരിയ–ഡൈനിങ്–കിച്ചൻ.

bamsuri-kannur-hall

‘പ്ലസ് (+)’ ആകൃതിയിലുള്ള വീടിന്റെ മൂന്ന് അഗ്രത്തോടും ചേർന്ന് മൂന്നു ബെഡ്റൂമുകളാണുള്ളത്. വലതുഭാഗത്തെ ‘പ്ലസ്’ അഗ്രത്തിലാണ് കിച്ചൻ. മൊത്തം 1625 ചതുരശ്രയടിയാണ് വീടിന്റെ വലുപ്പം.

“ബാംസുരിയിലെത്തുന്നവർ പ്രകൃതിയുടെ ഭാഗമാകണം. വീട്ടുകാർക്കിടയിലെ ഒരംഗമാവണം. അപരിചിതത്വം തോന്നരുത്. ഭാര്യ അടുക്കളയിലാണെങ്കിലും സ്വീകരണമുറിയിലുള്ള അതിഥികളുമായി സംസാരിക്കാം.” സുധി പറയുന്നു.

ഭാവനാലോകം

“സുധിയുടെ കലാഹൃദയം വീടിന്റെ സമ്പൂർണമായ ഒരു രൂപം മെനഞ്ഞെടുത്തിരുന്നു. മേൽക്കൂരയ്ക്ക് ഡബിൾഹൈറ്റ് വേണമെന്നതായിരുന്നു ഒരാവശ്യം. ലിവിങ് ഏരിയയിലും ബെഡ്റൂമുകളിലും ഡബിൾഹൈറ്റ് കൊടുത്തു. ലിവിങ്ങിലെ ഡബിൾഹൈറ്റ് ഒരു മെസനിൻ ഫ്ലോർ പോലെയാക്കി ഏറുമാടം പോലെ സെറ്റ് ചെയ്യാനാണ് പ്ലാൻ.” ഡിസൈനർ ബിജു തോമസിന് തന്റെ ക്ലയന്റിനെക്കുറിച്ചും ബാംസുരിയെക്കുറിച്ചും പറയാൻ നൂറ് നാവ്.

bamsuri-hall

തടി പരമാവധി ഒഴിവാക്കിയുള്ള നിർമിതിയാണ് ബാംസുരി. മേൽക്കൂരയ്ക്ക് ഇരുമ്പ് സ്ക്വയർ പൈപ്പുകൾകൊണ്ട് ചട്ടക്കൂട് ഉണ്ടാക്കി. മേൽക്കൂരയിൽ മാംഗ്ലൂർ ടൈലും താഴെ സീലിങ് ഓടും പതിച്ചു ചെലവ് ചുരുക്കി. പ്രധാന വാതിലിനും മറ്റൊന്നിനും മാത്രമാണ് തടി ഉപയോഗിച്ചത്. ടിവി ഏരിയയുടെ ചുറ്റും മുറികളാണ്. ഇവിടെ ജനലുകളില്ല. സീലിങ്ങിലെ വൃത്താകൃതിയിലുള്ള പർഗോള ഓപനിങ് ഇവിടേക്ക് പ്രകാശമെത്തിക്കുന്നു. ചെറിയ ഓപനിങ്ങുകള്‍ ആണെന്നത് സുരക്ഷയോടൊപ്പം നൂതനമായ ഡിസൈൻ ട്രെൻഡും കൂടിയാണ്. ടിവി ഏരിയയും കിച്ചനും മാത്രമാണ് വീട്ടിലെ ഫ്ലാറ്റ് ഏരിയ.

രുചിക്കൂട്ടുകൾ

സുധിയുടെ സൗഹൃദങ്ങളുടെയെല്ലാം കേന്ദ്രബിന്ദുവാണ് കാപ്പി. ഇന്തൊനീഷ്യ, ജർമനി, ഇറ്റലി, തായ്‌ലൻഡ്, ഫിലിപ്പീൻസ് എന്നിവിടങ്ങളിൽ നിന്നെല്ലാമുള്ള കാപ്പിപ്പൊടികളും കണ്ടെയ്നറുകളുമല്ലാം ഇവിടെ അടുക്കിവച്ചിരിക്കുന്നു.

ഗസൽ സംഗീതമൊഴുകുന്ന അജ്മീർ ഗ്രാമഫോൺ, ഷിക്കാഗോ ഫോൺ, മിലിട്ടറി ടെലിസ്കോപ്പ്, ക്യാമറകൾ, ബൈനോക്കുലറുകൾ, റാന്തലുകൾ, ചെമ്പ് ഉരുളി, കാൽപ്പെട്ടി തുടങ്ങിയവയെല്ലാം ഇന്റീരിയറിന്റെ ഹൈലൈറ്റ് ആയി മാറുന്നു. സെൻ തീമിലുള്ള ചുമർ ചിത്രങ്ങളും മൺപാത്രങ്ങളും ചൂരൽ കൊണ്ടുള്ള വീട്ടുപകരണങ്ങളും മുറികളിലെ ഫ്രെയിമുകൾ മനോഹരമാക്കി മാറ്റുന്നു.

bamsuri-kannur-library

“ബുദ്ധിസ്റ്റ് ആശയങ്ങളോടാണ് ഞങ്ങൾക്കു മമത. ടിവി ഏരിയയിലെ നീഷിലുള്ള ബുദ്ധന്റെ ചെറുരൂപവും ആർട്ടിഫിഷ്യൽ ഗ്രാസ് നിരത്തി പെബിൾസ് വിരിച്ച് ഒരുക്കിയ പെബിൾ ഗാർഡനുമെല്ലാം ഇതിനനുരൂപമായി ഒരുക്കിയതാണ്. ടിവി കാണാൻ പായിട്ട് നിലത്തിരിക്കുകയാണ് പതിവ്. മറ്റു ഫർണിച്ചറൊന്നും അവിടെയില്ല.” സുധി പറയുന്നു.

ലൈറ്റ്സ് ഓൺ

bamsuri-kannur-courtyard

ഏതു മുറിയിൽ നിന്നു നോക്കിയാലും പ്രകൃതി സൗന്ദര്യം കാണുന്ന രീതിയിലാണ് ജനലുകളുടെ സ്ഥാനം. ‘ലൈറ്റ്സ് ഓൺ’ എന്ന സംവിധായക നിര്‍ദേശത്തിനു കാത്തുനിൽക്കാതെ രാത്രിയേറെ വൈകുംവരെ വീട്ടകം മുഴുവനും പ്രകാശ പൂരിതമാക്കുന്ന വലിയ ജനലുകൾ. ഏഴടി പൊക്കമുള്ള അലുമിനിയം ഫാബ്രിക്കേറ്റഡ് സ്ലൈഡിങ് ജനലുകൾ നിർമാണ ചെലവ് ഗണ്യമായിക്കുറച്ചു. ജനൽക്കമ്പിയായി ഇരുമ്പ് സ്ക്വയർപൈപ്പുകൾ ഉപയോഗിച്ചിരിക്കുന്നതും ചെലവിനെ കൈപ്പിടിയിലൊതുക്കി.

bamsuri-kannur-library

ചെലവ് നിയന്ത്രിച്ച രീതിയിൽ ആയിരുന്നു വീടിന്റെ ഡിസൈൻ എന്നു കരുതി വൈറ്റ് – ഗ്രേ – വുഡ് ഫിനിഷിലുള്ള തീമിൽ ഒട്ടും വിട്ടുവീഴ്ച ചെയ്തിട്ടില്ല. കബോർഡുകൾക്കായി വി ബോർഡും ഷട്ടറുകൾക്ക് ഹൈലം ഷീറ്റും ഉപയോഗിച്ചു. ഗ്രേ കളറിലുള്ള ഹൈലം ഷീറ്റുകൾ ലഭ്യമായിരുന്നു. വുഡ് ഫിനിഷിലും ഗ്രേ നിറത്തിലുമുള്ളതായ വിട്രിഫൈഡ് ടൈലുകളാണ് ഉപയോഗിച്ചത്.

bamsuri-kannur-kitchen

സ്വീകരണമുറിയുടെ ഇടതുവശത്തെ വാതിൽ വഴിയും അകത്തേക്കു കടക്കാം. പഴയ വീടുകളിലേതിനു സമാനമായി ചെറിയൊരു വാതിലാണിത്. ഒരു പടി കൂടെയുണ്ടതിന്. കാൽ അൽപം പൊക്കി, തല അൽപം കുനിച്ചുവേണം വീടിനകത്തേക്കു കയറാനെന്നു ചുരുക്കം. “കുറച്ചു കഴിയുമ്പോൾ ഇത് പ്രധാന വാതിൽ ആക്കി മാറ്റും. ഈ ഭാഗത്ത് ഞാനൊരു മുല്ലപ്പന്തൽ ഒരുക്കുന്നുണ്ട്.” വളർന്ന് മുകളിലേക്ക് കയറി തുടങ്ങിയ മുല്ലവള്ളി ചൂണ്ടിക്കാട്ടി സുധി പറഞ്ഞു. 10 സെന്റേ ഉള്ളൂവെങ്കിലും 15 ഇനം മുളകളും ഫലവൃക്ഷങ്ങളും വീടിനു ചുറ്റും വളർന്നുവരുന്നു. മുളകളുടെ സാന്നിധ്യമാണ് ബാംസുരി എന്ന പേരിന് നിദാനം. മുല്ലപ്പന്തൽ വീടിന്റെ ഭാഗമാക്കി മാറ്റാനാണ് പ്ലാൻ. സ്വീകരണമുറിയുടെ മറ്റൊരു എക്സ്റ്റൻഷൻ എന്നു വേണമെങ്കിൽ പറയാം. സൗഹൃദം പങ്കുവയ്ക്കാനും കാപ്പി നുണയാനും പറ്റിയ ഇടം.