നഗരത്തിനു സമീപം സ്വച്ഛമായ ജീവിതം ലഭിക്കുന്ന വീട് വേണം. വീട് പണിയുമ്പോൾ ഉടമസ്ഥ ടെസി ജോസിനുള്ള പ്രധാന ഡിമാൻഡ് ഇതായിരുന്നു. എത്ര മനോഹരമായ നടക്കാത്ത സ്വപ്നം എന്നേ ആർക്കും ആദ്യം തോന്നുകയുള്ളൂ. കാരണം തിരക്കേറിയ അങ്കമാലി എംസി റോഡിനു സമീപമാണ് പ്ലോട്ട്.
എന്നാൽ കുറച്ചു മാസങ്ങൾക്കുശേഷം 40 സെന്റിൽ 4110 ചതുരശ്രയടിയിൽ സുന്ദരമായ ഒരു വീട് ഇവിടെ ഉയർന്നു. വീടിനകത്തേക്ക് കയറുമ്പോൾ ആ സ്വപ്നത്തിന്റെ വ്യാപ്തി എത്രത്തോളം യാഥാർഥ്യമാക്കിയിരിക്കുന്നു എന്നു മനസ്സിലാകും. നഗരത്തിനു നടുവിൽ നിശബ്ദതയുടെ കൂടാരം എന്നൊക്കെ വിശേഷിപ്പിക്കാവുന്ന വിധം ബെഥേൽ എന്ന വീട് സ്വച്ഛസുന്ദരമായി ശയിക്കുന്നു.
റോഡ് നിരപ്പിൽ നിന്നും ഉയർന്നുനിൽക്കുന്ന പ്ലോട്ടാണ്. പുറത്തെ തിരക്കുകളും ശബ്ദവും ഒന്നും അകത്തേക്ക് അനുഭവപ്പെടാത്ത വിധത്തിലാണ് വീട് ഡിസൈൻ ചെയ്തിരിക്കുന്നത്.
ഗെയ്റ്റ് മുതൽ പോർച്ച് വരെയുള്ള ഡ്രൈവ് വേ ഇന്റർലോക്ക് വിരിച്ചു. വശങ്ങളിൽ പുൽത്തകിടിയും ഉദ്യാനവും മനോഹരമായി ഒരുക്കി. ഉദ്യാനത്തിന്റെ വശത്തായി ഗസീബോയും നൽകിയിട്ടുണ്ട്. ചുറ്റുമതിൽ ഉയർത്തിയാണ് പണിതത്. ഇതും ശബ്ദത്തെ പ്രതിരോധിക്കുന്നു. ഇടങ്ങളുടെ ക്രമീകരണമാണ് വീടിന്റെ സവിശേഷത. ഒരു ആൽമരത്തിന്റെ വേരുകൾ പോലെ പടർന്നു പന്തലിച്ചു കിടക്കുകയാണ് ഇടങ്ങൾ.
സ്ലോപ് റൂഫിന് മുകളിൽ ഓടുവിരിച്ചു. ന്യൂട്രൽ നിറങ്ങളാണ് അകത്തും പുറത്തും കൂടുതലായി നൽകിയിരിക്കുന്നത്. പ്രൈവറ്റ്, സെമി പ്രൈവറ്റ്, പബ്ലിക് എന്നിങ്ങനെ ഇടങ്ങളെ മൂന്നായി തിരിച്ചു. ഓരോ ഇടങ്ങളെയും പരസ്പരം ബന്ധിച്ചു കൊണ്ട് നീണ്ട ഇടനാഴികളും കാണാം. ഫോർമൽ ലിവിങ്, ഫാമിലി ലിവിങ്, ഡൈനിങ്, കിച്ചൻ, അഞ്ചു കിടപ്പുമുറികൾ, കോർട്യാർഡ്, ഹോം തിയറ്റർ എന്നിവയാണ് പ്രധാനമായും ഇവിടെ ഒരുക്കിയിരിക്കുന്നത്.
കാറ്റും വെളിച്ചവും പച്ചപ്പും യഥേഷ്ടം അകത്തളങ്ങളിൽ പരിലസിക്കുംവിധമാണ് ഇടങ്ങളുടെ ക്രമീകരണം. ഇറ്റാലിയൻ മാർബിൾ, ഗ്രാനൈറ്റ്, വുഡൻ ഫ്ളോറിങ് എന്നിവയാണ് നിലത്തു വിരിച്ചിരിക്കുന്നത്.
കോർട്യാർഡുകളാണ് വീടിനെ ജീവസുറ്റതാക്കി മാറ്റുന്നത്. അകത്തെ ചൂട് വായുവിനെ പുറംതള്ളി വെന്റിലേഷൻ സുഗമമാക്കുന്നതിൽ ഇത് പ്രധാന പങ്കുവഹിക്കുന്നുണ്ട്. വീടിന്റെ മുൻവശത്തായി ഒരു കോർട്യാർഡ് കാണാം. ഇതിനു ചുറ്റും സ്വീകരണമുറിയും ഇടനാഴികളും വരുംവിധമാണ് ക്രമീകരണം. നടുക്ക് വെള്ളാരംകല്ലുകൾ വിരിച്ചു ഭംഗിയാക്കി. ചെടികളും നൽകി. വീടിന്റെ പിൻഭാഗത്തെ മതിലിനോടുചേർന്നു കോർട്യാർഡ് നൽകിയിരിക്കുന്നു. മതിലിൽ ചെങ്കല്ല് പാകി ഹൈലൈറ്റ് ചെയ്തു.
ക്യൂരിയോകളും പെയിന്റിങ്ങുകളും ഭിത്തികൾ അലങ്കരിക്കുന്നു. വാം ടോൺ ലൈറ്റിങ്ങിന്റെ മനോഹാരിതയാണ് ഊണുമുറിയിൽ നിറയുന്നത്. ഊണുമേശയുടെ ഡിസൈനും കണ്ണുകളെ ആകർഷിക്കുംവിധമാണ്.
കിടപ്പുമുറികൾ സ്വകാര്യത ലഭിക്കാനായി അകത്തേക്ക് മാറ്റി ക്രമീകരിച്ചു. സ്‌റ്റോറേജിന് പ്രാധാന്യം നൽകിയാണ് കിടപ്പുമുറികൾ. വോൾ ടു സീലിങ് വാഡ്രോബുകൾ നൽകിയിരിക്കുന്നു. ജാലകങ്ങൾക്കരികിൽ ഇരിപ്പിടങ്ങൾ നൽകി സ്ഥലം ഉപയുക്തമാക്കിയിരിക്കുന്നു. കിടക്കയുടെ അതേ വീതിയിൽ എതിർവശത്തെ ഭിത്തിയിൽ കണ്ണാടി നൽകിയിരിക്കുന്നത് ശ്രദ്ധേയമാണ്
വൈറ്റ് ഗ്ലോസി ലാമിനേറ്റ് ഫിനിഷിലാണ് കിച്ചൻ. നാനോവൈറ്റാണ് കൗണ്ടറിൽ വിരിച്ചിരിക്കുന്നത്. ചെറിയൊരു ബ്രേക്ഫാസ്റ്റ് കൗണ്ടറും ഇവിടെ നൽകി.
രാത്രിയിൽ സ്പോട് ലൈറ്റുകൾ കൂടി കൺതുറക്കുന്നതോടെ വീടിന്റെ ഭംഗി വീണ്ടും വർധിക്കുന്നു.
Project Facts
Location- Angamaly, Ernakulam
Area- 4110 SFT
Plot- 40 cents
Owner- Tessy Jose
Architects- Collin Jose Thomas, Josu Sebastian
McTerra Architects & Designers, Kakkanad
Mob- 7356995456
Completion year- 2017