വീടിനകത്ത് ഒരുക്കാം വെർട്ടിക്കൽ ഗാർഡൻ, ഗുണങ്ങൾ നിരവധി!

വീടിനുചുറ്റും ചെടികളും പച്ചപ്പും വേണമെന്നു മാനംമുട്ടെ ആഗ്രഹം. എന്നാൽ, സ്ഥലമൊട്ടുമില്ല. അല്ലെങ്കിൽ സമയം അത്രയ്ക്കില്ല. നേരെചൊവ്വേ വളരുന്ന ചെടികളെ കുത്തനെയുള്ള ഭിത്തികളിലേക്കു മാറ്റിസ്ഥാപിച്ച് ആഗ്രഹം പൂവണിയിച്ചാലോ ? പരിചയപ്പെടാം വെർട്ടിക്കൽ ഗാർഡൻ രീതിയെക്കുറിച്ച്...

വെർട്ടിക്കൽ ഗാർഡൻ, ഹരിത ഭിത്തി (green wall), ലിവിങ് വാൾ എന്നൊക്കെ വിളിക്കുന്ന രീതി ഏതാനും വർഷങ്ങളായി ട്രെൻഡ് തന്നെയാണ്. ഹോട്ടലുകളുടെയും ഓഫിസുകളുടെയും വ്യാപാര കേന്ദ്രങ്ങളുടെയും വമ്പൻ വീടുകളുടെയുമൊക്കെ ഭിത്തികളിൽനിന്നു സാധാരണ വീടുകളുടെ ചുമരുകളിലേക്കും ഈ പച്ചപ്പ് പടർന്നുതുടങ്ങി. 

കുത്തനെയുള്ള പൂന്തോട്ടം 

ഭിത്തിയിൽ പ്രത്യേകം ഒരുക്കിയ ഫ്രെയിമുകളിലോ അല്ലെങ്കിൽ ചുമരിൽതന്നെ പ്രതലം ഒരുക്കിയോ ചെടികൾ ഇതിൽ നടുന്നു. വീടിന്റെ പുറംചുവരുകളിൽ മാത്രമല്ല, അകത്തെ ഭിത്തികളും ‘ഹരിതാഭമാക്കി’ ഭംഗികൂട്ടാൻ ഈ രീതി പ്രയോജനപ്പെടുത്തുന്നു. 

മൊഡ്യൂളുകളായാണ് പ്രതലം ഒരുക്കുന്നത്. വ്യത്യസ്ത പ്ലാസ്‌റ്റിക് ചട്ടികൾ ചേർന്നതാണ് മൊഡ്യൂളുകൾ. ഫ്രെയിമും ചെടിച്ചട്ടികളും പുറത്തേക്കു കാണാത്തവിധമായിരിക്കും ഒരുക്കുന്നത്. ചകിരിച്ചോറ്, വെർമികുലേറ്റ്, പെർലൈറ്റ് എന്നിവയൊക്കെ മീഡിയങ്ങളായി ഉപയോഗിക്കാറുണ്ട്. രാസവളം ഒഴിവാക്കുന്നതാണ് നല്ലത്. ചെടിയും മീഡിയവും ചട്ടിയും എല്ലാം ചേരുമ്പോൾ ഒരു മൊഡ്യൂളിന് ശരാശരി 500 രൂപയാകും. മൊഡ്യൂളുകളും ഇളക്കിമാറ്റാവുന്നതുകൊണ്ട് ഇഷ്‌ടമുള്ള ഡിസൈനുകളിൽ വെർട്ടിക്കൽ ഗാർഡൻ തയാറാക്കാം. 

അൽപം കലാബോധമൊക്കെയുണ്ടെങ്കിൽ വീടിന്റെ ഏതുഭാഗത്തും വെർട്ടിക്കൽ ഗാർഡൻ ഒരുക്കാമെന്ന് ഇക്കോഫാംസ് എന്ന സ്ഥാപനം നടത്തുന്ന ജലീഷ് പറയുന്നു. ഭിത്തികൾ, ഗോവണിയുടെ താഴെയുള്ള ഭാഗം, ലിവിങ് – ഡൈനിങ് ഭാഗങ്ങൾ വേർതിരിക്കാൻ, വീടിനകത്തെ തുറന്ന മറ്റു ഭാഗങ്ങൾ വേർതിരിക്കാൻ, ബാൽക്കണി എന്നിവിടങ്ങളിലൊക്കെ പരീക്ഷിക്കാവുന്നതാണ്. ഭിത്തികളിൽ ഹൈലൈറ്ററായും ഉപയോഗിക്കാം.

കയ്യിൽകിട്ടുന്ന എല്ലാ ചെടികളും ഇങ്ങനെ ‘ഭിത്തിയിൽ പിടിപ്പിക്കാമോ’ ? എല്ലാ ചെടികളെയും നമ്മുടെ വഴിക്കു കൊണ്ടുവരാൻ ശ്രമിക്കണ്ട. വളർന്നു കാടുകയറുന്ന ചെടികളെ നോക്കുകയേ വേണ്ട. പതുക്കെ വളരുന്ന ചെടികൾ തിരഞ്ഞെടുക്കാം. വളർന്നു ഭാരംകൂടി ഭിത്തി പൊളിക്കുന്ന ചെടികളും ഒഴിവാക്കാം. എന്നാൽ, നമ്മുടെ കാലാവസ്ഥയ്ക്കു ചേരുന്ന സമൃദ്ധമായി ഇലകളുള്ള ചെടികൾ വേണം. പലതരം ചെടികൾ ഇടകലർത്തി ഡിസൈൻ ഒരുക്കാം. പല നിറങ്ങളിലുള്ള ചെടികൾ വ്യത്യസ്ത പാറ്റേണുകളിൽ വളർത്തുന്നതാണ് ഭംഗി. വീടുകളിൽ പരമാവധി 7–8 അടി വരെയൊക്കെ ഉയരത്തിലാണ് ഒരുക്കുന്നത്.  

കൂടുതൽ ഉപയോഗിക്കുന്നത് ക്രിപ്‌റ്റാന്തസ്, സിങ്കോണിയം തുടങ്ങിയ ചെടികളാണ്. സിങ്കോണിയത്തിൽ വർണവൈവിധ്യമേറെ. റിബൺ പ്ലാന്റ് എന്നറിയപ്പെടുന്ന ക്ലോറോഫൈറ്റം, ശതാവരി (അസ്‌പരാഗസ്), വ്യത്യസ്തതരം ഫേണുകൾ, മിനി ആന്തൂറിയം, ഫിലോഡെൻഡ്രോൺ എന്നിവയെല്ലാം ഉപയോഗിക്കുന്നു. അകത്തളങ്ങളിൽ അഗ‌്‌ലോനെമ പോലുള്ള ചെടികൾ തിരഞ്ഞെടുക്കാം. ചെടികൾ നനയ്ക്കാനുള്ള സൗകര്യത്തിന് ഡ്രിപ് ലൈൻ ഓട്ടമേറ്റഡ് സംവിധാനം ഏർപ്പെടുത്താം. ഇത് ഫ്രെയിമുകളിൽതന്നെ ഘടിപ്പിക്കാം. 

വെറുതെയല്ല...

വീട് ഭംഗിയോടെ ഒരുക്കിവയ്ക്കാം എന്നതിനപ്പുറം വെർട്ടിക്കൽ ഗാർഡന്റെ മറ്റു പ്രത്യേകതകൾ എന്തെല്ലാമാണ് ? വീടിനകത്തെ ചൂട് ഒരു പരിധിവരെ നിയന്ത്രിക്കുമെന്നും ഹരിത ഭിത്തികൾ സൗണ്ട് പ്രൂഫ് ആയി പ്രവർത്തിക്കുമെന്നും ഈ രംഗത്തെ വിദഗ്ധർ പറയുന്നു. ടെൻഷനടിച്ചു വീട്ടിലേക്ക് എത്തുമ്പോൾ നമ്മുടെ മനസ്സിനെ ഒന്നു തണുപ്പിക്കാൻ, കോൺക്രീറ്റ് ഭിത്തിക്കിപ്പുറം ചെറുപൂവുകളും ഇലകളും തൊട്ടടുത്തുള്ളതു നല്ലതല്ലേ...