Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഇവിടേക്ക് ഇറങ്ങുകയേ വേണ്ടൂ, ടെൻഷൻ പമ്പ കടക്കും!

mango-shade-garden ദൂരെനിന്ന് നോക്കിക്കാണാനല്ല, പഞ്ചേന്ദ്രിയങ്ങൾകൊണ്ടും അനുഭവിക്കാൻ കഴിയുന്നതാകണം പൂന്തോട്ടം.

പൂന്തോട്ടം കാണാൻ മാത്രമുള്ളതല്ല എന്നാണ് അനീഷിന്റെയും സൗമ്യയുടെയും പക്ഷം. ഇവരുടെ, കൊല്ലം രണ്ടാംകുറ്റിയിലെ വീട്ടിലെ പൂന്തോട്ടത്തിൽ പൂച്ചെടികൾ അധികമില്ല. മുറ്റത്തുണ്ടായിരുന്ന മാവും വേപ്പും നാടൻ ചെടികളുമൊക്കെ ചേരുന്നതാണ് പൂന്തോട്ടം. തണൽകുടയുമായാണ് അത് ഏവരെയും വരവേൽക്കുക. ഇളംതണുപ്പിന്റെ സൂചിമുനകളിലേക്കമർത്തിയുള്ള ആലിംഗനമാണ് അത് നൽകുന്ന സമ്മാനം.

anish-soumya

തോമസ് ചർച്ചിന്റെ ‘ഗാർഡൻസ് ആർ ഫോർ പീപ്പിൾ’ (gardens are for people) എന്ന ആശയമാണ് ഈ പൂന്തോട്ടത്തിന്റെ കാതൽ. ഇരുപതാം നൂറ്റാണ്ടിലെ വിഖ്യാതനായ ലാൻഡ്സ്കേപ് ആർക്കിടെക്ട് ആയിരുന്നു തോമസ് ചർച്ച്. വേലിക്കെട്ടിനപ്പുറം നിന്ന് നോക്കിക്കാണുകയല്ലാതെ ഉള്ളിലേക്ക് ഇറങ്ങിച്ചെന്ന് ആസ്വദിക്കത്തക്ക രീതിയിലാണ് പൂന്തോട്ടത്തിന്റെ രൂപഘടന. ഏതു പ്രായത്തിലുള്ളവർക്കും ഏതു സമയത്തും പൂന്തോട്ടത്തിലിറങ്ങാം. കുട്ടികൾക്കും പ്രായമായവർക്കും ഒരുപോലെ ഇണങ്ങുംവിധമാണ് ക്രമീകരണങ്ങൾ. പകൽ മാത്രമല്ല, രാത്രിയിലും പൂന്തോട്ടം ആസ്വദിക്കാം.

garden-sitting-space

മുറ്റത്തുള്ള നാട്ടുമാവിനെ കേന്ദ്രീകരിച്ചാണ് പൂന്തോട്ടത്തിന്റെ ഡിസൈൻ രൂപപ്പെട്ടത്. മാവും അതില്‍ പടർന്ന കുരുമുളക് വള്ളികളും അതേപോലെ നിലനിർത്തി ചുറ്റും തറകെട്ടി. മാവ് ഒരു വശത്തേക്ക് ചരിഞ്ഞു നിൽക്കുകയാണ്. അത് ബാലൻസ് ചെയ്യാനായി എതിർവശത്ത് കെട്ടിന്റെ നീളം കൂട്ടി. ഇവിടെ ഗ്രാനൈറ്റ് പാളികൾ വിരിച്ചതോടെ ഇരിക്കാനും കിടക്കാനുമൊക്കെയുള്ള ഇടമായി. പള്ളികളിൽ മാമോദീസാ തൊട്ടിയായി ഉപയോഗിക്കുന്ന വലിയ കരിങ്കൽപാത്രത്തിലൊന്ന് ഇവിടെ സ്ഥാനം പിടിച്ചു. അതിൽ താമര വിരിഞ്ഞു നിൽക്കുന്നുണ്ട്.

garden-fish

മാവിനു ചുറ്റുമായാണ് കരിങ്കൽപ്പാളികൾ വിരിച്ച നടപ്പാത. പ്രഭാത സവാരിക്കും കുട്ടികൾക്ക് സൈക്കിൾ ചവിട്ടാനുമെല്ലാം ഇവിടം പ്രയോജനപ്പെടും. നടപ്പാതയുടെ കുറച്ചു ഭാഗത്ത് പന്തലുണ്ടാക്കി അതിൽ പാഷൻ ഫ്രൂട്ട് പടർത്തിയിട്ടുണ്ട്. വെയിലുള്ളപ്പോൾ ഇതിലേ നടക്കാം.

mango-shade-garden

മാവിന് തൊട്ടടുത്തായുള്ള അലങ്കാരക്കുളത്തിലെ മീനുകള്‍ക്കു കൂട്ടായി ചെന്താമരക്കൂട്ടവുമുണ്ട്. കുട്ടികളുള്ളതിനാൽ ജലനിരപ്പിന് തൊട്ടുതാഴെ ഇരുമ്പുവല പിടിപ്പിച്ചു സുരക്ഷയൊരുക്കി. കുട്ടികൾക്ക് ഇതിലൂടെ നടക്കാം. ഇടയ്ക്കിടെ വെള്ളം മാറ്റേണ്ടതില്ലാത്ത, സുസ്ഥിര ജലോദ്യാന മാതൃകയിലാണ് കുളം ഒരുക്കിയിട്ടുള്ളത്. ലാൻഡ്സ്കേപ്പ് ആർക്കിടെക്ടുമാരായ ഹരികൃഷ്ണനും നീനു എലിസബത്തുമാണ് ഇതിനു സഹായിച്ചത്.

garden-shade

പെട്ടെന്നു ശ്രദ്ധ പിടിച്ചു പറ്റുന്ന രീതിയിലാണ് കുളത്തിനടുത്തായി ഇരിപ്പിടം ഒരുക്കിയിരിക്കുന്നത്. സ്റ്റീൽ ഫ്രെയിമിൽ മൾട്ടിവുഡ് പിടിപ്പിച്ച് തയാറാക്കിയ ഇരിപ്പിടത്തിന് കടുംമഞ്ഞനിറമാണ്. ഇതിനു താഴെ വിരിച്ചിരിക്കുന്ന ടൈലിന് നീലനിറവും.

garden-lights

തുളസി, നന്ത്യാർവട്ടം, തെച്ചി തുടങ്ങി നാടൻ ചെടികളും പൂന്തോട്ടത്തിലുണ്ട്. ഒരു ചെടിക്കു പോലും കീടനാശിനിയോ രാസവളമോ നൽകാറില്ല. തോട്ടത്തിലെ വേലിച്ചെടികളും നിലത്ത് പടരുന്നവയും വളരെക്കുറച്ച് പരിചരണം ആവശ്യമുള്ള ഇനങ്ങൾതന്നെ. അതുകാരണം പൂന്തോട്ടത്തെയോർത്ത് വീട്ടുകാർക്ക് ടെൻഷനേയില്ല. ഇനി എന്തെങ്കിലും ടെൻഷനുണ്ടെങ്കിൽ പൂന്തോട്ടത്തിലേക്ക് ഇറങ്ങുകയേ വേണ്ടൂ. ടെൻഷൻ പമ്പ കടക്കും.