വെള്ളപ്പൊക്കത്തിൽ വീടിന്റെ താഴത്തെ നില മുങ്ങുന്ന സാഹചര്യമുണ്ടായാൽ ഒന്നാം നിലയിൽ അഭയം പ്രാപിക്കാൻ ശ്രമിക്കാതെ സുരക്ഷിതമായ സ്ഥാനത്തേക്കു മാറണമെന്നാണു സുരക്ഷാ ഉദ്യോഗസ്ഥരുടെ നിർദേശം. വെള്ളം ഉയർന്നു സമീപവാസികളെല്ലാം ദുരിതാശ്വാസ കേന്ദ്രങ്ങളിലേക്കും ബന്ധു വീടുകളിലേക്കും മാറുന്നതോടെ രണ്ടാം നിലയിൽ താമസിക്കുന്നവർ ഒറ്റപ്പെടും. എല്ലാവരും സുരക്ഷിത സ്ഥാനങ്ങളിലേക്കു മാറിയെന്ന തെറ്റിദ്ധാരണയിൽ നാട്ടുകാരുടെയും ഉദ്യോഗസ്ഥരുടെയും ശ്രദ്ധ ലഭിക്കാതെ പോവും. വൈദ്യുതി ബന്ധം നിലയ്ക്കുന്നതോടെ മൊബൈൽ ഫോൺ അടക്കമുള്ള ആശയവിനിമയ സംവിധാനങ്ങളും വെളിച്ചവും ഇല്ലാതാവും. അപ്പോഴേക്കും വീടിനു പുറത്തു രണ്ടാൾ പൊക്കത്തിൽ വെള്ളമുണ്ടാവും. ഇപ്പോഴത്തെ സാഹചര്യത്തിൽ വെള്ളം കയറിയാൽ ഇറങ്ങാൻ ഒരാഴ്ച സമയമെടുക്കാൻ സാധ്യതയുണ്ട്. ആവശ്യത്തിനുള്ള കുടിവെള്ളം ശേഖരിക്കേണ്ടതു പ്രധാനമാണ്.
പരമ്പരാഗത രീതിയിൽ മഴവെള്ളം പിടിക്കാൻ, തുണി കൊണ്ടു ‘വല’ കെട്ടുന്നതാണ് പ്രായോഗികം. വീടിന്റെ ടെറസിൽ ഇത്തരത്തിൽ ശുദ്ധമായ മഴവെള്ളം ശേഖരിക്കാൻ കഴിയും. വാവട്ടമുള്ള വലിയ പാത്രങ്ങൾ മഴയത്തു തുറന്നു വച്ചും ആവശ്യത്തിനു ശുദ്ധജലം ശേഖരിക്കാൻ കഴിയും. ഓടിട്ട വീടുകളുടെ പാത്തിയിൽ നിന്നു വെള്ളം ശേഖരിക്കാം.
വീടിന്റെ രണ്ടാം നിലയിൽ അകപ്പെട്ടു പോവുന്നവർ ഏറ്റവും കുറഞ്ഞതു താഴത്തെ നിലയിലെ സ്റ്റൗ, ഗ്യാസ് സിലിണ്ടർ, ആവശ്യത്തിന് അരി, തേങ്ങ, അവൽ, തേയില, പഞ്ചസാര, ഉപ്പ് എന്നിവ കരുതാൻ ശ്രമിക്കുക. പയർ, പരിപ്പ് എന്നിവയും ലഭ്യമാണെങ്കിൽ ശേഖരിക്കുക.
∙ വെള്ളം മുങ്ങിക്കിടക്കുന്ന ഇടങ്ങളിൽ പ്രായമായവർ, ഗർഭിണികൾ, കുഞ്ഞുങ്ങൾ എന്നിവരെ രക്ഷപ്പെടുത്താൻ വഞ്ചി ലഭ്യമല്ലെങ്കിൽ വലിയ ലോഹപ്പാത്രങ്ങൾ അവശ്യഘട്ടത്തിൽ ഉപയോഗപ്പെടുത്താം. ഇത്തരം പാത്രങ്ങളിൽ ഇരുന്നു തുഴഞ്ഞു നീങ്ങാൻ ശ്രമിക്കരുത് പകരം മറ്റാരെങ്കിലും മൂന്നുവശങ്ങളിലും നിന്നു പാത്രം മറിയാതെ വെള്ളത്തിലൂടെ ഇവരെ വലിച്ചു കൊണ്ടു നീങ്ങണം.
∙ വെള്ളം കയറിത്തുടങ്ങിയാൽ റോഡിലെ ഓടകളിൽ കാലുതെന്നി വീഴാതിരിക്കാൻ, അപകടമില്ലാത്ത വഴി വ്യക്തമാവും വിധം വടം, പ്ലാസ്റ്റിക്ക് കയർ എന്നിവ കെട്ടി അതിലൂടെ പിടിച്ചു വേണം നടക്കാൻ. നെഞ്ചിനു മുകളിൽ വെള്ളമെത്തിയ സ്ഥലങ്ങളിൽ നടന്നു നീങ്ങാതെ ചെറുവഞ്ചികൾക്കു ശ്രമിക്കുക.