മലയാളികളുടെ പോറ്റമ്മയാണ് ഗൾഫ് നാടുകൾ. കേരളത്തിന്റെ സാമ്പത്തിക മേഖലയെ സജീവമാക്കി നിർത്തുന്നതും ഗൾഫ് പണമാണ്. എന്നാൽ എണ്ണയുടെ മേൽ കെട്ടിപ്പൊക്കിയ ഗൾഫ് വിപണിയുടെ പോക്ക് ശുഭകരമല്ല എന്നാണ് പുതിയ സാമ്പത്തിക അവലോകന റിപ്പോർട്ട് പറയുന്നത്.
റിയൽ എസ്റ്റേറ്റ് സ്വർഗമായ ദുബായിൽ പോലും 2018 ന്റെ രണ്ടാം പാദം നഷ്ടത്തിലാണ് അവസാനിച്ചത് എന്നാണ് റിപ്പോർട്ടുകൾ. 12 മുതൽ 15% വരെ റിയൽ എസറ്റേറ്റ് മേഖല വാർഷിക ഇടിവ് രേഖപ്പെടുത്തി.
എന്നാൽ വാടകയിനത്തിൽ 3 മുതൽ 5 % വരെ ഇടിവു വന്നത് മലയാളികൾക്ക് ചെറിയ ആശ്വാസം നൽകും എന്നാണ് റിപ്പോർട്ട്. ദുബായിലെ റിയൽ എസ്റ്റേറ്റ് സ്വർഗമായ പാം ജുമേരയിൽ സ്ഥിതി ചെയ്യുന്ന പ്രമുഖ റിയൽ എസ്റേററ്റ് ഡവലപ്പർമാർക്ക് വില്ല വിൽപ്പനയിൽ 5 മുതൽ 10% ഇടിവു രേഖപ്പെടുത്തിയത്രേ.
നിക്ഷേപകരെ ആകർഷിക്കാനും സാമ്പത്തിക മേഖലയിലെ ഇടിവു നികത്താനും സർക്കാർ പുതിയ പദ്ധതികൾ ആവിഷ്കരിച്ചു വരികയാണ്. നിക്ഷേപകർക്ക് 10 വർഷത്തെ റെസിഡന്റ് വിസ, വൻകിട പദ്ധതികളിൽ സർക്കാർ നിയന്ത്രണം കുറച്ചു കമ്പനികൾക്ക് കൂടുതൽ സ്വാതന്ത്ര്യം അനുവദിക്കുക തുടങ്ങിയ നയങ്ങൾ നടപ്പാക്കി തുടങ്ങി.
യുഎഇയിലെ ഏതാണ്ടെല്ലാ എമിരേറ്റുകളിലും റിയൽ എസ്‌റ്റേറ്റ് മാന്ദ്യം പ്രകടമാണ് എന്നു പുതിയ റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. വാടകനിരക്കുകൾ കുറഞ്ഞതിനാൽ കുറച്ചു കൂടി മെച്ചപ്പെട്ട പാർപ്പിട സൗകര്യം അന്വേഷിക്കുന്ന മലയാളികൾക്ക് ഇത് നല്ല അവസരമാണ് എന്നാണ് വിലയിരുത്തൽ. എന്നാൽ കെട്ടിട നിർമാണ മേഖലയിൽ തൊഴിലെടുക്കുന്ന അനേകം മലയാളികൾക്ക് നിർമാണ മേഖലയിലെ മാന്ദ്യം അത്ര സന്തോഷകരമായിരിക്കില്ല...എന്തായാലും ഫലപ്രദമായ നയമാറ്റത്തിലൂടെ താൽക്കാലിക ഇടിവു പരിഹരിച്ച് മുന്നേറാം എന്ന ആത്മവിശ്വാസത്തിലാണ് ഗൾഫ് ലോകം