വരൂ സാന്റാ, ഞങ്ങളുടെ വീട്ടിലേക്ക്

അകത്തളങ്ങളുടെ ഓരോ കോണിലും ക്രിസ്മസ് മൂഡ് നിറയ്ക്കാൻ പുതുവഴികൾ..

ക്രിസ്മസ് അടുക്കുമ്പോൾ ഒരു പുൽക്കൂടും ട്രീയും തട്ടിക്കൂട്ടിയിരുന്ന കഥയൊന്നും ഇനി പറയല്ലേ. വീടു മാത്രമല്ല, ആകാശവും പ്രകൃതിയും കൂടി അലങ്കരിക്കാനായാൽ അത്രയും നല്ലത് എന്നതാണ് പുതിയ തിയറി. 

അലമാര തുറന്നോളൂ, വെള്ളയും ചുവപ്പും കർട്ടനുകളും കിടക്കവിരികളും ക്രിസ്മസ് അലങ്കാരങ്ങളുമെല്ലാം മുറികളിൽ നിറയട്ടെ. വീടിന്റെ അകത്തളങ്ങളെ ക്രിസ്മസ് തീമിൽ ഒരുക്കിയെടുക്കാൻ ഇതാ ചില പുതിയ പാഠങ്ങൾ. 

കർട്ടനുകളിലാകട്ടെ ആദ്യ മാറ്റം

ഏറ്റവും എളുപ്പത്തിൽ ഇന്റീരിയറിന്റെ ലുക്ക് മാറ്റാൻ കഴിയുന്നത് കർട്ടനിൽ വരുത്തുന്ന വ്യത്യാസങ്ങളിലൂടെയാണ്. ഒപ്പം ബെഡ് ലിനനിലും സോഫാ ബാക്കുകളിലും മാറ്റങ്ങൾ കൊണ്ടു വരാം. 

ഷിയർ കർട്ടൻ അഥവാ നേർത്ത കർട്ടൻ പ്യൂർ വൈറ്റ് ആക്കിയ ശേഷം മെയിൻ കർട്ടൻ അഥവാ കട്ടികൂടിയ പുറം കർട്ടൻന് മെറ്റാലിക്, ഗോൾഡോ സിൽവറോ നൽകാം. കർട്ടനുകൾ ഒതുക്കി ടൈ ചെയ്യുന്നിടത്ത് ഗ്രീൻ അല്ലെങ്കിൽ റെഡ് നോട്ടുകളോ റെഡ് ബോയോ കൊടുക്കാം. ബെഡ് ലിനൻ, ടേബിൾ ഷീറ്റ്സ് എന്നിവ വൈറ്റ് ആകുന്നതാണ് നല്ലത്. ചുവപ്പു പൂക്കൾ തുന്നിയ എവറി നിറമുള്ള ബെഡ് ലിനൻ ഇത്തവണ വേണ്ട. പകരം, സിൽവർ ട്രൈപ്പ്ഡ്, സിൽവർ പ്രിന്റഡ് ബെഡ് ലിനൻ പരീക്ഷിക്കാം. 

ലാംപ് ഷെയ്ഡ്സ് തിളങ്ങട്ടെ

ക്രിസ്മസ് മൂഡ് ക്ലാസി ആക്കുന്നതിൽ ലാംപ് ഷെയ്ഡ്സിന്റെ പങ്ക് ചെറുതല്ല. സിൽവർ അല്ലെങ്കിൽ ഗോൾഡൻ നിറങ്ങളിൽ ത്രെഡ് ഫിനിഷുള്ള ലാംപ് ഷെയ്ഡുകൾ വീട്ടിലെത്തുന്നവരുടെ കണ്ണുകളെ പിടിച്ചുനിറുത്തും. ലൈറ്റ്, വാം ഷെയ്ഡിലുള്ളവയായിരിക്കും നല്ലത്. അലങ്കാരത്തിനായി ഉപയോഗിക്കുന്ന ബൾബുകളിലും വാം കളേർസ് ആണ് ഇപ്പോൾ ട്രെൻഡ്. പഴയ ഫിലമെന്റ് ബൾബുകളുെട മഞ്ഞ വെളിച്ചം വ്യത്യസ്തമായ ഫീൽ തരും. ചുവപ്പു നിറമുള്ള ചൈന പേപ്പർ കൊണ്ടുള്ള വിളക്കുകൾ വീടിനകത്ത് പലയിടത്തായി തൂക്കിയിടുന്നത് അകത്തളത്തിന് ക്രിസ്മസ് സ്പിരിറ്റ് സമ്മാനിക്കും.

ഇതാണ് മോഡേൺ കളർ പാലറ്റ്

ചുവപ്പും പച്ചയും നിറങ്ങളിലുള്ള അലങ്കാരങ്ങളാണ് ക്രിസ്മസ് ശേഖരത്തിലുള്ളതെങ്കിൽ അവ ഇനി അൽപം മാത്രം മതി. മോഡേൺ കളർ പാലറ്റ് പ്രകാരം ക്ലാസിക് ലുക് ആണ് ക്രിസ്മസിനെ കിടിലനാക്കുന്നത്. ചുവപ്പും പച്ചയും തീർത്തും ഉപേക്ഷിക്കരുത്. മിനിമൽ ആയി മാത്രം ഇവ വേണം. ഗോൾഡ്, സിൽവർ, ബ്ലാക്ക്, മെറ്റാലിക് റെഡ് എന്നിവയാണ് പുത്തൻ കളർ പാലറ്റിലെ സ്വീകാര്യമായ നിറങ്ങൾ.  

ഇന്റീരിയർ പെയിന്റിങ് തൂവെള്ള തന്നെ വേണം. മറ്റൊരു നിറത്തിനും ഇത്രയും ക്രിസ്മസ് ഫീൽ നൽകാനാകില്ല. ക്രിസ്മസ് അലങ്കാരങ്ങൾ വയ്ക്കുന്ന ഇടങ്ങളിലെ ചുവരുകൾക്ക് നിറം നൽകുന്നെങ്കിൽ അതു വെള്ളതന്നെ ആകട്ടെ.

ഫെയ്സ് ഓഫ് ഫർണിച്ചർ 

ഫർണിച്ചറുകളുടെ മുഖം ഒന്ന് മാറ്റി നോക്കൂ. വീട് അതിവേഗം ക്രിസ്മസ് തീമിലേക്ക് മാറി വരും. വൈറ്റ്, ഗോൾഡ് അല്ലെങ്കിൽ സിൽവർ സ്റ്റോക്കിങ്സുകൾക്കകത്ത് ചെറിയ ഗിഫ്റ്റുകൾ പായ്ക്ക് ചെയ്ത് നിക്ഷേപിച്ച് ഫർണിച്ചറുകളുടെ കോർണറുകളിൽ തൂക്കിയിടുന്നത് വീടിന്റെ ഇന്റീരിയറിന് ക്യൂട്ട് ആന്റ് ക്ലാസി ലുക്ക് തരും. മേശകളുടെ വശങ്ങൾ കസേരകളുടെ കൈകൾ എന്നിവിടങ്ങളിലെല്ലാം ഇത്തരത്തിലുള്ള ഗിഫ്റ്റ് സ്റ്റോക്കിങ്സ് വയ്ക്കാം.

മുറിയുടെ ഒരു വശത്ത് ഹോളിഡേ ടേബിൾ സെറ്റ് ചെയ്യാം. ക്രിസ്മസ് ഗിഫ്റ്റുകൾ കൂട്ടി വച്ചിരിക്കുന്ന ടേബിളാണ് ഹോളിഡേ ടേബിൾ. ഇത്തവണ വീട്ടിലെ പ്രധാന ആകർഷണമാകട്ടെ ഹോളിഡേ ടേബിൾ. അതിഥികൾക്ക് സമ്മാനിക്കാവുന്ന ഗിഫ്റ്റുകൾ ഗോൾഡൻ, സിൽവർ പേപ്പറുകളിൽ പൊതിഞ്ഞ് ലേസ് കൊണ്ടോ ചെറിയ റിബൺ കൊണ്ടോ കെട്ടി അലങ്കരിച്ച് ഹോളി ഡേ ടേബിളിൽ വയ്ക്കാം.

ഫർണിഷിങ്ങിൽ വേണം ഡിസംബർ മിസ്റ്റ്

നാപ്കിൻസ്, നാപ്കിൻ ഹോൾഡേഴ്സ്, ഫ്രിഡ്ജ് സ്റ്റിക്കേർസ് എന്നിവയും ക്രിസ്മസ് തീമിലാക്കുന്നത് നന്നായിരിക്കും. ഡൈനിങ് ടേബിളിൽ ഗോൾഡ് അല്ലെങ്കിൽ സിൽവർ മെറ്റാലിക് ഫിനിഷ് ഉള്ള റണ്ണർ ഉപയോഗിക്കാം. ടേബിളിലെ പൂപ്പാത്രത്തിൽ വൈറ്റ് ഹൈഡ്രാഞ്ചിയ വയ്ക്കുന്നത് ക്രിസ്മസ് ഫീൽ പെർഫെക്ട് ആക്കും. വ്യത്യസ്തതയ്ക്കായി നൽകണമെങ്കിൽ വെളുത്ത നിറമുള്ള പൂപ്പാത്രത്തിൽ ലൈറ്റ് പിങ്ക് നിറമുള്ള കാർനേഷൻസ് വയ്ക്കാം. 

ക്രിസ്മസ് പൈൻ ട്രീയുടെ  തണ്ടുകൾ  ഭംഗിയായി മുറി ച്ച് പൂപ്പാത്രത്തിൽ വയ്ക്കുന്നത് പുതിയ ലുക്ക് തരും. ബെഡ് സൈഡ് ടേബിൾ, കോർണർ ടേബിൾ എന്നിവയിൽ പോഴ്സലൈൻ ബേർഡ് ഇമേജ്, ഗ്രീൻ ലീഫി ബൊക്കെ ഇവയെല്ലാം ഒരുക്കിവയ്ക്കാം. 

ഹാർട്ട് ഓഫ് ക്രിസ്മസ്

മുറിയുടെ കോർണറിലെ ക്രിസ്മസ് ട്രീ, ക്രിസ്മസ് ഇന്റീരിയറിലെ പ്രധാന ആകർഷണമാണ്. പച്ച പുതച്ച ക്രിസ്മസ് മരം പഴയതായില്ലേ?. ക്ലാസി ലുക്ക് നൽകുന്ന സിൽവർ ക്രിസ്മസ് ട്രീ ആയിരിക്കും സ്റ്റൈലിഷ് ഇന്റീരിയറിന് ഇണങ്ങുക. 

ഗോൾഡ്, സിൽവർ, കളേർഡ് ബോൾസ്, കളേർ‍ഡ് ക്രിസ്മസ് ഓർണമെന്റ്സ് ഇവ ട്രീയിൽ നിറയെ തൂക്കല്ലേ. ഒരുപാട് നിറങ്ങളിലുള്ള ക്രിസ്മസ് ഓർണമെന്റ്സ് ഇടകലർത്തി ഇടാതെ ഒരൊറ്റ നിറം മാത്രമുള്ളവ നൽകാം.  ക്രിസ്മസ് ട്രീയ്ക്ക് താഴെ വെള്ള ട്രീ സ്കർട്ട്സ് വിരിച്ച് ഗിഫ്റ്റ് പായ്ക്കറ്റുകൾ വയ്ക്കാം. ഹോളിഡേ ടേബിളിലെ ഗിഫ്റ്റ് പായ്ക്കറ്റിന്റെ കളർ തീം തന്നെ നൽകണം. 

കാൻഡ്രേലയെന്ന സുന്ദരി 

അതിമനോഹരമായ കാൻഡിൽ സ്റ്റാൻഡ് ആണ് കാൻഡ്രേല. ചിത്രപ്പണികളുള്ള മനോഹരമായ കാൻഡ്രേല മുറികളുടെ മൂലകൾക്ക് അലങ്കാരമാണ്. ക്രിസ്മസ് മൂഡ് പകരാനായി ഇവ ചിത്രപ്പണികൾ ചെയ്ത വെളുത്ത വിരിയിട്ട ചെറിയ ടേബിളുകളിലും മറ്റും ഒരുക്കി വയ്ക്കാം. ബെഡ് ടേബിളുകളുടെയും ഡ്രസിങ് ടേബിളുകളുടെയും കോർണറുകളിൽ വയ്ക്കുന്ന കാൻഡ്രേല നല്ല ഷോ പീസ് ആയിരിക്കും.

 

വാതിലിന് ക്രിസ്മസ് റീത്ത്

റെഡിമെയ്ഡ് ക്രിസ്മസ് റീത്തുകൾ വാങ്ങി വാതിലുകൾഅലങ്കരിക്കുന്നതിനു പകരം വുഡൺ റീത്ത് വാങ്ങി സിൽവർ റിബൺ ചുറ്റി തയ്യാറാക്കൂ. ഇന്റീരിയറിൽ നമ്മുടെ ക്രിയേറ്റിവിറ്റിയുടെ സ്പർശം ലഭിക്കുന്നതോടൊപ്പം വ്യത്യസ്തമായ അലങ്കാരം ആകുകയും ചെയ്യും. ഡ്രൈഡ് വുഡൺ ടിഗ്സ് റീത്തുകൾ വാതിലുകൾക്ക് ഇണങ്ങും. ഇല്ലെങ്കിൽ വലിയൊരു സ്റ്റോക്കിങ്സ്  ഗിഫ്റ്റ് നിറച്ച് വാതിലിൽ തൂക്കിയിടാം.

ട്വിങ്ക്ളിങ് ക്രിസ്മസ് സ്റ്റാർ

സിറ്റൗട്ടിലും മരങ്ങളിലും മറ്റും ലൈറ്റ് ഇടുമ്പോൾ നീല, പച്ച, ചുവപ്പ് നിറങ്ങളിലെ ബൾബുകൾ കൊണ്ട് അലങ്കരിക്കുന്നത് പഴയഞ്ചനായി. ഇത്തവണ പഴയ ബൾബിന്റെ വെളിച്ചത്തെ ഒാർമിപ്പിക്കുന്ന വാം മഞ്ഞ നിറത്തിലുള്ള ലൈറ്റിങ് ആകാം. 

പേപ്പർ കൊണ്ടുള്ള ക്രിസ്മസ് സ്റ്റാറിനു പകരം തടികൊണ്ടോ ചൂരൽ കൊണ്ടോ സ്റ്റാർ ഉണ്ടാക്കി അതിൽ മാല ബൾബു ചുറ്റാം. നൂൽക്കമ്പി കൊണ്ട് ഭംഗിയുള്ള വാൽ നക്ഷത്രം നിർമിക്കാം. മറ്റാർക്കുമില്ലാത്ത അലങ്കാരങ്ങളുടെ ക്രിസ്മസ് ആകട്ടെ ഇത്തവണ.

വിവരങ്ങൾക്ക് കടപ്പാട്

തോമസ്.കെ.ജോർജ്

ജിബു & തോമസ് ആർക്കിെടക്റ്റ്സ്

പനമ്പിള്ളിനഗർ, കൊച്ചി