ഉത്സവപ്രതീതിയാണ് ഡിസംബറിന്റെ മുഖമുദ്ര. ക്രിസ്മസ് മാത്രമല്ല, മഞ്ഞും, തണുപ്പും ഇളം വെയിലുമെല്ലാം പ്രകൃതിയിൽത്തന്നെ ഉത്സവമൊരുക്കുന്നു. അതിമനോഹരമായ ഈ അന്തരീക്ഷത്തിൽ ഇന്റീരിയറിൽ ചെറിയ ചില മാറ്റങ്ങൾ വരുത്തിയാൽ മറക്കാനാവാത്ത ഒരു ഡിസംബർ ആഘോഷിക്കാം.
∙ ഇത്തവണ ഗന്ധവും ശബ്ദവുമുപയോഗിച്ച് ഉത്സവപ്രതീതി സൃഷ്ടിക്കാം. സുഗന്ധമുള്ള മെഴുകുതിരികൾ, സുഗന്ധ എണ്ണകൾ എന്നിവ കത്തിച്ചുവച്ച് അകത്തളം സുഗന്ധപൂരിതമാക്കാം. എല്ലാ തവണയും ചെയ്യുന്നതുപോലെ ലിവിങ് റൂമിലും ഡൈനിങ് റൂമിലും മാത്രമല്ല, ബാത്റൂമിൽപോലും റിഫ്രഷറിനു പകരം ഇത്തരത്തിൽ സുഗന്ധം നിറയ്ക്കാം.
∙ നല്ലവണ്ണം കാറ്റുള്ള ഒരിടത്ത് പെട്ടെന്ന് കണ്ണിൽപ്പെടാത്ത രീതിയിൽ വിൻഡ്ചൈം സ്ഥാപിക്കാം. ശബ്ദത്തിലൂടെ ഉത്സവപ്രതീതി സൃഷ്ടിക്കാൻ ഈ വിൻഡ്ചൈം സൂത്രം സഹായിക്കും.
∙ ബാത്റൂമിനു ചില മാറ്റങ്ങൾ വരുത്താം. ബാത്റൂമിൽ ഇന്റീരിയർ പോട്ടഡ് പ്ലാന്റ് വയ്ക്കാം. അല്ലെങ്കിൽ കടൽ കക്കയോ ശംഖോ ഉപയോഗിച്ച് ബാത്റൂം അലങ്കരിക്കാം. ബാത്റൂമിലെ നിഷിലും മറ്റും കക്കയോ ശംഖോ വയ്ക്കുക. ഗ്ലാസ് പാത്രത്തിൽ ചെറിയ കക്കകൾ നിറച്ച് ബാത്റൂമിൽ വയ്ക്കുന്നതും വ്യത്യസ്തതയേകും.
∙ ക്രിസ്മസ് ആയതിനാൽ ചുവപ്പോ ഇളം സ്വർണ നിറവും ചോക്ലേറ്റ് നിറവും ചേർന്ന കോംബിനേഷനോ ഇന്റീരിയറിന്റെ തീം ആയി തിരഞ്ഞെടുക്കാം. ടൈബാക്കുകൾ, കുഷനുകൾ, ഡൈനിങ് ടേബിളിലെയും ടീപോയ്‌യിലെയും റണ്ണർ, ഡ്രൈ ഫ്ലവേഴ്സ്, പോട്ട്പുരി എന്നിവ ഈ കളർ തീം ഉപയോഗിച്ച് അലങ്കരിക്കാം. തിരഞ്ഞെടുക്കുന്ന നിറത്തിലുള്ള റിബൺ വാങ്ങി കർട്ടന് ടൈബാക്കായോ ചെറിയ പൂക്കളുണ്ടാക്കിയോ ഇന്റീരിയർ ഭംഗിയാക്കാം. സ്വർണനിറമടിച്ച പൈൻകോൺസ് ഈ സീസണിൽ യോജിക്കും.
∙ മെട്രോ നഗരങ്ങളിൽ ക്രിസ്മസ് മോട്ടിഫുകൾ പതിച്ച ടിഷ്യുപേപ്പറുകൾ ലഭിക്കും. അവ ഉപയോഗിക്കാൻ പറ്റിയ അവസരമാണ്.