പൂക്കും മെട്രോത്തൂണുകൾ

കൊച്ചി മെട്രോയുടെ ഓരോ ആറാമത്തെ തൂണിലും ഒരു പൂന്തോട്ടമുണ്ടാകും.

തിരക്കുള്ള റോഡിലൂടെ സഞ്ചിക്കുമ്പോൾ വഴിവക്കിൽ കാണുന്ന ഒരു ചെറിയ മരം നൽകുന്ന സന്തോഷം എത്രയാണെന്നറിയാം. നിറയെ പച്ചപിടിച്ചു കിടക്കുന്ന മീഡിയനുള്ള റോഡ് ആണെങ്കിലോ? റോഡ് മീഡിയനുകളിൽ കണ്ണിനു കുളിർമയേകാൻ പൂച്ചെടികളും ഇലച്ചെടികളും വച്ചുപിടിപ്പിക്കണമെന്നതു നിയമം തന്നെയാണ്. അത് അപകടങ്ങൾ കുറയ്ക്കും, ഡ്രൈവറുടെ കണ്ണിന്റെ ആയാസം കുറയ്ക്കും, അന്തരീക്ഷത്തിലെ കാർബണിന്റെ അളവു കുറയ്ക്കും. 

ഇതൊക്കെ റോഡ് യാത്രയുടെ കാര്യമെന്നു പറഞ്ഞു കൊച്ചി മെട്രോ മാറിനിൽക്കില്ല.  തൂണുകൾക്കു മുകളിലൂടെ മെട്രോ ഓടുമ്പോൾ ആ തൂണുകളിലും മീഡിയനിലും ചെടികൾ വച്ചുപിടിപ്പിക്കുകയാണു കൊച്ചി മെട്രോ. കൊച്ചി മെട്രോയുടെ ഓരോ ആറാമത്തെ തൂണിലും ഒരു പൂന്തോട്ടമുണ്ടാകും. അങ്ങിങ്ങായി തൂക്കിയിട്ട, പേരിനൊരു വെർട്ടിക്കൽ ഗാർഡൻ അല്ല. നല്ല അസൽ പൂന്തോട്ടം. ചെടികളും പൂക്കളും തിങ്ങി വളരുന്ന ‘തിക് ഗാർഡൻ’. 

കോൺക്രീറ്റ് തൂണിൽ എങ്ങനെയാണു ചെടി വച്ചുപിടിപ്പിക്കുന്നത്? 

വെർട്ടിക്കൽ ഗാർഡൻ വാർത്ത പുറത്തുവന്ന അന്നുമുതൽ ആളുകളുടെ മനസ്സിലുള്ള ചോദ്യം ഇതാണ്.  വെർട്ടിക്കൽ ഗാർഡൻ കൊച്ചിയുടെ മാത്രം സ്വന്തമല്ല, ബെംഗളൂരു മെട്രോയിലും അതുണ്ട്. തൂണിനു ചുറ്റും സ്റ്റീൽ ചട്ടക്കൂടു നിർമിച്ച്, പ്ലാസ്റ്റിക് ട്രേകളിൽ ചെടികൾ വച്ചുപിടിപ്പിച്ച്, എല്ലാ ദിവസവും നനച്ചു പരിപാലിക്കുന്ന പൂന്തോട്ടം. മെട്രോയിൽ മാത്രമല്ല, ലോകത്തെങ്ങും ഉയരമുള്ള ഭിത്തികളിലും മറ്റുമായി പരിപാലിച്ചിരിക്കുന്ന വെർട്ടിക്കൽ ഗാർഡൻ ഇങ്ങനെയാണ്.

എന്നാൽ കൊച്ചിയിൽ അങ്ങനെയല്ല.

മണ്ണില്ലാതെ, സ്റ്റീൽ ചട്ടക്കൂടോ, പ്ലാസ്റ്റിക് ട്രേകളോ ഇല്ലാതെ മെട്രോ തൂണിനെ പൊതിയുന്ന ഹരിതാവരണം. ഓർക്കിഡ് പൂക്കളും ആന്തൂറിയവും ഇലച്ചെടികളും കൊച്ചിയുടെ രാജവീഥികളിൽ നിറഞ്ഞുനിൽക്കുമ്പോൾ നമുക്ക് അഭിമാനിക്കാം, ഇത്തരമൊരു വിദ്യ ആദ്യമായി പരീക്ഷിക്കുന്നതു കൊച്ചിയിലാണെന്നതിൽ.

തൂണുകളിലും മെട്രോ പാളത്തിന് അടിയിലെ മീഡിയനിലും പൂച്ചെടികൾ നട്ടുപിടിപ്പിക്കുന്നു എന്നു മാത്രമല്ല ഇതിന്റെ പ്രത്യേകത. കൊച്ചി നഗരത്തിലെ ജൈവമാലിന്യ സംസ്കരണത്തിനു ഒരു പ്രതിവിധി കൂടിയാവുകയാണ് ഇൗ ജൈവ പൂന്തോട്ടം. കേന്ദ്ര സർക്കാരിന്റെ സ്വഛ് ഭാരത് മിഷൻ പദ്ധതിയിൽ ഉൾപ്പെടുത്തി പരീക്ഷണ പദ്ധതി എന്ന നിലയിൽ കൊച്ചി മെട്രോയുടെ ഏതാനും തൂണുകളിൽ അധികം വൈകാതെതന്നെ ഇൗ വെർട്ടിക്കൽ ഗാൻഡൻ യാഥാർഥ്യമാകും. പരീക്ഷണം വിജയമെന്നു കണ്ടാൽ മെട്രോയുടെ എല്ലാ തൂണുകളിലേക്കും ഇതു വ്യാപിപ്പിക്കും.

ശുചിത്വ മിഷൻ വഴി സ്വഛ് ഭാരത് മിഷനിലേക്കു കൊച്ചി മെട്രോ പദ്ധതി സമർപ്പിച്ചു കഴിഞ്ഞു. പദ്ധതി അംഗീകരിച്ചാൽ കൊച്ചി മെട്രോയിൽ കുറച്ചു ഭാഗത്തു പരീക്ഷണാടിസ്ഥാനത്തിൽ നടപ്പാക്കും. പിന്നീടു  കൊച്ചി മെട്രോ പൂർണമായും, അതിനു ശേഷം രാജ്യത്തെ എല്ലാ മെട്രോയിലും ഇൗ രീതി പകർത്തും. ചേർത്തലയിലെ പെലിക്കൺ ബയോടെക് ആണു നൂതനമായ ഇൗ രീതി വികസിപ്പിച്ചെടുത്തത്. ഇവർ തന്നെയാണു പദ്ധതി നടപ്പാക്കുന്നതും. തൂണുകളിൽ വെർട്ടിക്കൽ ഗാർഡൻ നിർമിക്കുന്നതിനു കൊച്ചി മെട്രോയ്ക്കു സാമ്പത്തിക ബാധ്യതയില്ലെന്നതും പ്രത്യേകതയാണ്.