Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഒരു സെന്റിലുമാകാം മഴക്കുഴി

dripping-roof ഒരു സെന്റിൽ പെയ്യുന്ന മഴയെയും ഭൂമിയിലേക്കു താഴ്ത്തി കിണർ റീചാർജ് ചെയ്യാം.

കേരളത്തിലെ വലിയൊരു ശതമാനം ആളുകൾക്കും പത്തോ പന്ത്രണ്ടോ സെന്റോ അതിൽ കുറവോ സ്ഥലമേ കാണൂ. വീടിരിക്കുന്ന സ്ഥലം കഴിഞ്ഞാൽ പിന്നെ പറയത്തക്ക പറമ്പും ഉണ്ടാകില്ല. പെയ്യുന്ന മഴയെ മുഴുവനായി ഭൂമിയിലേക്കു താഴ്ത്തുകയെന്നതാണ് കുടിവെളളക്ഷാമം ഇല്ലാതാക്കാനുളള ഏറ്റവും നല്ല മാർഗം. ഒരു സെന്റിലാണ് വീടുണ്ടാക്കുന്നതെങ്കിൽ മഴവെളളം ഭൂമിയിൽ താഴ്ത്താനും അതുവഴി കിണറിലെ ഉറവകൾ ശക്തിപ്പെടുത്താനും സാധിക്കും. മഴവെളളം ഭൂമിയിലേക്ക് ഇറക്കിവിടുന്നതോടെ വെളളക്കെട്ട് ഒഴിവാക്കുകയും ചെയ്യും. തീരദേശങ്ങളിലും താഴ്ന്ന പ്രദേശങ്ങളിലും വെളളക്കെട്ടുണ്ടാക്കുമെന്നതിനാൽ അത്തരം പരീക്ഷണങ്ങൾ പറ്റില്ല.

അഞ്ച് സെന്റിൽ താഴെ

അഞ്ച് സെന്റോ അതിൽ താഴെയോ സ്ഥലമുളളവർക്കും മഴവെളളം പൂർണമായും പ്രയോജനപ്പെടുത്താൻ സാധിക്കും.

∙ മേൽക്കൂരയിൽ വീഴുന്ന മഴവെളളം അരിച്ച് കിണറ്റിലെത്തിക്കുന്ന മാർഗമാണ് ഏറ്റവും എളുപ്പവും പെട്ടെന്നുതന്നെ ഫലം ലഭിക്കുന്നതും. ഈ മാർഗത്തിന് ചെലവും വളരെ കുറവാണ്. അരിക്കാനുളള സംവിധാനത്തിന്റെയും പൈപ്പുകളുടെയും ചെലവേ ഇതിനാകൂ.

rain-roof കന്റംപ്രറി വീടുകൾക്ക് അനുയോജ്യമായ ചതുരാകൃതിയിലുള്ള പാത്തികൾ ഇപ്പോൾ ലഭ്യമാണ്.

∙ മുറ്റത്ത് വണ്ടിപോകുന്ന സ്ഥലത്തു മാത്രം ഗ്രാനൈറ്റോ ഇഷ്ടികയോ വിരിച്ച് ഉറപ്പുളളതാക്കി ബാക്കി ഭാഗമെല്ലാം പുൽത്തകിടിയാക്കുക. നാട്ടിലെ കാലാവസ്ഥയോടു യോജിക്കാത്ത പുല്ലാണെങ്കിൽ വേനൽക്കാലത്ത് കൂടുതൽ വെള്ളം വലിച്ചെടുക്കാൻ സാധ്യതയുളളതിനാൽ നാടൻ പുല്ല് ഉപയോഗിക്കാം. പുല്ലിനു പകരം കൂട്ടമായി നടുന്ന കുറ്റിച്ചെടികളുമാകാം. പുല്ലിലോ ചെടികളുടെ ചുവട്ടിലോ വെള്ളം തങ്ങിനിന്ന് പതിയേ ഭൂമിയിലേക്ക് ഇറങ്ങും.

∙ സ്ലാബും ഗ്രില്ലും ഉപയോഗിച്ച് വെള്ളം ഭൂമിയുടെ അടിയിലേക്കു കടത്തിവിടുന്ന മാർഗവും നഗരങ്ങളിൽ പ്രാവർത്തികമാക്കാം. വെള്ളക്കെട്ട് ഒഴിവാക്കാനും ഇത് ഫലപ്രദമാണ്. ഒന്നോ രണ്ടോ സ്ലാബുകളാണ് ഇതിന് പ്രധാനമായും വേണ്ടത്. എട്ട് ഇഞ്ച് വ്യാസമുളള, ഒരടി നീളമുളള പൈപ്പുകൾ ഈ സ്ലാബിൽ സ്ഥാപിക്കണം. സ്റ്റീൽ അരിപ്പയുമുണ്ടെങ്കില്‍ വെള്ളം മാത്രം ഭൂമിക്കടിയിലേക്കെത്തും. സ്ലാബിന്റെ നീളവും വീതിയും നോക്കി കുറഞ്ഞത് ഒരടിയെങ്കിലും താഴ്ചയുളള കുഴിയെടുക്കുക. മണ്ണ് ഇടിയാതിരിക്കാൻ വശങ്ങളിൽ ഇഷ്ടിക അടുക്കി മുകൾ ഭാഗത്ത് സിമന്റിട്ട് ഉറപ്പിക്കണം. അടിയിൽ ഒന്നും ചെയ്യേണ്ടതില്ല. കുഴിയുടെ മുകളിൽ സ്ലാബിട്ട് വെള്ളം അതിലേക്കു കടത്തിവിടാം.

rain-pits കുഴൽക്കിണറിനു ചുറ്റും മഴക്കുഴിയുണ്ടാക്കി റീചാർജ് ചെയ്യാം.

∙ കാർപോർച്ചിനടിയിലെ സ്ഥലം വെറുതെ കളയാതെ അവിടെ ഇത്തരം മഴക്കുഴികൾ ഉണ്ടാക്കാം. ചതുരാകൃതിയിലുളള കുഴിയുണ്ടാക്കി മുകളിൽ സ്ലാബിട്ട് കാർപോർച്ച് നിർമിക്കാം. ഈ സ്ലാബിലെ മാൻഹോളിലൂടെ വെള്ളം താഴേക്ക് ഇറക്കി വിടുന്നതാണ് രീതി. സ്ഥലം എത്ര കുറവാണെങ്കിലും ഇത് വളരെ ഫലപ്രദമാണ്. കനം കൂടിയ സ്ലാബ് നിർമിക്കണമെന്നതുമാത്രമാണ് കൂടുതൽ ചെലവ്. വീടുപണികഴിഞ്ഞ് ബാക്കിയായ ഇഷ്ടികയും മെറ്റലുമെല്ലാം ഈ കുഴിയിലിട്ട് വെള്ളം താഴ്ത്താൻ സഹായിക്കും.

∙ ബോർ വെൽ ഉണ്ടെങ്കിൽ ചുറ്റും കുഴിയെടുത്ത് വെള്ളം താഴ്ത്തി റീചാർജ് ചെയ്തെടുക്കാം.

പത്ത് സെന്റ് ഉണ്ടെങ്കിൽ

∙ പുരപ്പുറത്തെ വെള്ളം പ്രയോജനപ്പെടുത്താൻ ഏതു സ്ഥലത്തും സാധിക്കും. കൂടുതൽ സ്ഥലമുണ്ടെങ്കിൽ അരിപ്പയിലൂടെ വെള്ളം കടത്തി വിടുന്നതിനു പകരം മറ്റൊരു സംവിധാനം പരീക്ഷിക്കാം. കിണറിനോടു ചേർന്നുതന്നെ ഒരു കുഴിയെടുത്ത് മഴവെള്ളം അതിലൂടെ കിണറ്റിലെത്തിക്കുകയാണിത്. ടെറസ്സിലെ വെള്ളമെല്ലാം ഒരു പൈപ്പിലേക്ക് ഏകോപിപ്പിച്ച് മഴക്കുഴിയിലേക്ക് വിടുക. മഴക്കുഴിയിൽ മെറ്റലോ, ഇഷ്ടികയുടെയോ ഒാടിന്റെയോ കഷണങ്ങളോ ഇട്ട് വെളളത്തെ പതിയെപ്പതിയെ ഭൂമിയിലേക്കിറക്കാം. ഉറച്ച മണ്ണാണെങ്കിൽ മാത്രമേ ഇതു നടക്കൂ എന്നതോർക്കണം. മണ്ണിന് ഉറപ്പു കുറവാണെങ്കിൽ കിണറുതന്നെ ഇടിയാൻ സാധ്യതയുണ്ട്.

mazhakkuzhi തെങ്ങിന് തടമെടുക്കുന്നതും പച്ചിലകൾ ഇടുന്നതുമെല്ലാം മഴക്കുഴിയുടെ അതേ ഫലം ചെയ്യും.

∙ ചെടികളുടെയും വൃക്ഷങ്ങളുടെയും ചുവട്ടിൽ തടമുണ്ടാക്കി അതിലൂടെ വെള്ളം ഭൂമിയിലേക്കു താഴ്ത്താം. പത്ത് സെന്റ് ഉണ്ടെങ്കില്‍ രണ്ട് തെങ്ങോ മാവോ വയ്ക്കാത്തവരുണ്ടാകുമോ? തെങ്ങിൻ കുഴിയിലോ തടത്തിലോ ഒഴുകിയെത്തുന്ന വെള്ളം കെട്ടിക്കിടന്ന് ഭൂമിയിലേക്ക് താഴും. വലിയ തെങ്ങുകൾ ഉണ്ടെങ്കിൽ മഴക്കാലം തുടങ്ങുന്നതിനു മുമ്പ് അവയ്ക്കു തടമെടുത്ത് പച്ചിലകളും ചാണകവുമെല്ലാമിട്ടു കൊടുക്കാറുണ്ട്. ഈ തെങ്ങിൻ തടങ്ങളും വെള്ളം ഭൂമിയിലേക്ക് ഇറങ്ങാനുളള മാർഗങ്ങളാണ്.

Soakage-Pit

∙ ഏതു വീടിനും ഒരു കൊച്ചുപൂന്തോട്ടമുണ്ടാകുമല്ലോ! പുൽത്തകിടി ഉണ്ടെങ്കിൽ അതിലൂടെ കുറേവെള്ളം ഭൂമിയിലേക്കെത്തും. പുൽത്തകിടി ഇല്ലെങ്കിൽപ്പോലും കുറ്റിച്ചെടികളും ചെറിയ ചെടികളുമെല്ലാം വെള്ളത്തെ തടഞ്ഞു നിർത്തി ഭൂമിയിലേക്ക് താഴ്ത്താൻ സഹായിക്കാം. പരമാവധി ചെടികൾ നടുക മാത്രമാണ് നമ്മുടെ കടമ.

∙ കരിയിലകൾ കൂടിക്കിടന്നാൽ അതും വെള്ളം ഭൂമിയിലേക്കു താഴ്ത്തുന്നതിനും ഭൂമിയുടെ മുകളിൽ ഒരു ആവരണം പോലെ കിടക്കുന്നതിനും സഹായിക്കും. ചകിരി, വാഴപ്പിണ്ടി ഇവയെല്ലാം വെളളത്തിന്റെ ഒലിച്ചുപോക്ക് നിയന്ത്രിച്ച് വെള്ളം താഴാൻ സഹായിക്കും.

∙ വീടു കഴിഞ്ഞ് കുറച്ചധികം സ്ഥലമുണ്ടെങ്കില്‍ മൂന്നോ നാലോ ഇടങ്ങളിലായി മഴക്കുഴിയിൽ നിർമിക്കാം. ഏറ്റവും കുറഞ്ഞത് ഒരു മീറ്റർ ക്യൂബ് എങ്കിലും വലുപ്പം വേണം മഴക്കുഴിക്ക്. മഴക്കുഴിയിൽ ബേബി മെറ്റലോ പൊട്ടിയ ഇഷ്ടികകളോ പൊട്ടിയ ഒാടിൻ കഷണങ്ങളോ വച്ച് വെള്ളം പതുക്കെ താഴാൻ അനുവദിക്കാം.

x-default

∙ പറമ്പിൽ രാമച്ചം പോലുളള ചെടികൾ വച്ചു പിടിപ്പിക്കുന്നത് നല്ലതാണ്. മഴവെളളം ഒഴുക്കിക്കളയാതെ തിരിച്ചു ഭൂമിയിലേക്കിറക്കും. ആദ്യം ഒരു മഴക്കുഴിയെടുത്ത് അതിലൂടെ വെള്ളം ശരിയായി താഴുന്നുണ്ടെന്ന് ഉറപ്പാക്കിയശേഷം മാത്രം കൂടുതൽ മഴക്കുഴികൾ നിർമിച്ചാൽ മതി. രണ്ട് കുഴികൾ സമാന്തരമായി കുഴിച്ച് അവയ്ക്കു നടുവിൽ താഴെയായി വേണം അടുത്ത കുഴിയെടുക്കാൻ. വെള്ളം ഏറ്റവും ഫലപ്രദമായി താഴാനാണിത്.

കടപ്പാട്

ഡോ. സുഭാഷ് ചന്ദ്രബോസ്, മുൻ മേധാവി, സിസിഡിയു, തിരുവനന്തപുരം

ജോസ് റാഫേൽ, മേധാവി, ജില്ലാ മഴവെളളസംരക്ഷണ മിഷൻ, മഴപ്പൊലിമ, തൃശൂർ

Read more- Solar house Rainwater Harvesting