അനിശ്ചിതത്വങ്ങൾക്കൊടുവിൽ കൊച്ചി തുറമുഖം വഴി വിദേശത്തുനിന്ന് ആറ്റുമണൽ എത്തിത്തുടങ്ങി. ഇതുവരെ കൊച്ചി തുറമുഖം വഴി നാലു ലക്ഷം ടൺ വിദേശ മണൽ എത്തിയതായാണു കണക്ക്. ഇതിൽ മൂന്നിൽ ഒന്നും ഈ ഒരു മാസത്തിനിടെ. വിദേശ മണലുമായി ബന്ധപ്പെട്ടുള്ള ആശങ്കകളും ആശയക്കുഴപ്പങ്ങളും ഇപ്പോഴാണ് ഒഴിവായത്. കസ്റ്റംസ് ഉദ്യോഗസ്ഥരും സംസ്ഥാന സർക്കാരിന്റെ മൈനിങ് ആൻഡ് ജിയോളജി വകുപ്പും വിദേശ മണൽ ഇറക്കുമതിയുമായി ബന്ധപ്പെട്ട നടപടികൾ വേഗത്തിലാക്കിയിട്ടുണ്ട്. തമിഴ്നാട്ടിൽ നിന്നുള്ള എംആർഎം രാമയ്യ എന്റർപ്രൈസസ് എന്ന കമ്പനിയാണ് വിദേശ മണൽ ഇപ്പോൾ കേരളത്തിൽ എത്തിക്കുന്നത്.
ഒരു ടണ്ണിന് 2300 രൂപ വിലയ്ക്കാണു തുറമുഖത്തുനിന്നു മണൽ വിൽപന നടത്തുന്നത്. കേരളത്തിൽ ലഭിക്കുന്ന മികച്ച ആറ്റുമണൽ ഒരടിക്ക് 100–110 രൂപയാണു വില. ഏകദേശം 35 ക്യുബിക് അടിയാണ് ഒരു ടൺ. ഫലത്തിൽ ടണ്ണിന് 3500 രൂപ വിലയുള്ള മണലാണ് 2300 രൂപയ്ക്കു ലഭിക്കുന്നത്. എന്നാൽ കെട്ടിടനിർമാണത്തിന് ആറ്റുമണൽ ഉപയോഗിക്കുന്ന രീതി നന്നേ കുറഞ്ഞിട്ടുണ്ട്. മിക്കവാറും നിർമാണ ജോലികൾക്ക് ഉപയോഗിക്കുന്നത് എം സാൻഡാണ്. മികച്ച മണൽ ലഭിക്കാതെ വന്നതോടെയാണു പലരും എം സാൻഡിനെ ആശ്രയിച്ചുതുടങ്ങിയത്. ഇപ്പോഴത്തെ അവസ്ഥയിൽ ടണ്ണിന് 2500 രൂപ നിരക്കിൽ, ഉയർന്ന ഗുണമേന്മയുള്ള എം സാൻഡ് ലഭ്യമാണ്. ജില്ലയിലെ ഒട്ടേറെ പാറമടകൾ ചില നിയമ പ്രശ്നത്തിന്റെ പേരിൽ അടഞ്ഞു കിടക്കുകയാണ്. അവ കൂടി തുറക്കാൻ അനുമതി ലഭിച്ചാൽ എം സാൻഡ് വില കുറയും. ഫലത്തിൽ വിദേശമണലും എം സാൻഡും തമ്മിലാണ് ഇപ്പോൾ വിപണിയിൽ മൽസരം.
Read more on Msand