നല്ല മണ്ണു കിട്ടാനുള്ള ബുദ്ധിമുട്ട് ഇഷ്ടികയുടെ ലഭ്യതയെയും ഗുണനിലവാരത്തെയും വിലയെയും സാരമായി ബാധിക്കുന്നുണ്ട്. ഈ സാഹചര്യത്തിലാണു ബദൽ മാർഗങ്ങളായി ഇന്റർലോക്ക് കട്ടകൾ വിപണിയിൽ സജീവമായിത്തുടങ്ങിയത്. ഇന്റർലോക്ക് കട്ടകളുടെ പ്രത്യേകതകളെ പരിശോധിക്കാം.
ഇന്റർലോക്ക് മഡ് കട്ടകൾ
പ്രകൃതിക്ക് ഇണങ്ങുന്നതും ഭിത്തികൾക്കു നല്ല ഉറപ്പും ഭംഗിയും നൽകുന്നവയുമാണു ഇന്റർലോക്ക് മഡ് കട്ടകൾ. ഈ കട്ടകൾ ഉപയോഗിച്ചു ഭിത്തി കെട്ടാൻ സിമന്റ് ചാന്തിന്റെ ആവശ്യമില്ല. ഓരോ കട്ടയും ലോക്ക് ചെയ്ത് ലെവലാക്കിയെടുക്കുകയാണ് ചെയ്യുന്നത്.വെട്ടുകല്ലിന്റെ പൊടി, സിമന്റ് എന്നിവ 10:1 എന്ന അനുപാതത്തിൽ ചേർത്താണ് ഇവ നിർമിക്കുന്നത്. ഓട്ടമാറ്റിക് ഹൈഡ്രോളിക് മെഷിനുകളിലാണു കട്ട നിർമാണം. കട്ട നിർമാണ
സമയത്തു ചിതൽ പിടിക്കാതിരിക്കാനുള്ളള ചില രാസവസ്തുക്കളും നിറത്തിനു വേണ്ടി ചില ഡൈകളും ഉപയോഗിക്കുന്നുണ്ട്. 8”x 5”x 10”, 6”x 5”x 10”, 5”x 5”x 10” എന്നീ അളവുകളിൽ ഇവ ലഭ്യമാണ്. ഇവയ്ക്കും ചാന്തു ചേർക്കേണ്ട ആവശ്യമില്ല. ഒരു സിമന്റ് കട്ട അഞ്ച് ഇഷ്ടികകൾക്കു സമം ആയിരിക്കും. 10”, 8”, 5”, 10”, 6”, 5” എന്നീ അളവുകളിൽ സിമന്റ് കട്ടകൾ ലഭ്യമാണ്. ഭിത്തി കെട്ടുമ്പോൾ രണ്ടു കട്ടകൾ ലോക്ക് ചെയ്ത് കോർത്തെടുക്കാവുന്നതാണ്. രണ്ടുതരം കട്ടകളും പെരുമ്പാവൂർ ഭാഗത്ത് ലഭ്യമാകുന്നു.
മേന്മകൾ
● ഭിത്തിയുടെ നിർമാണച്ചെലവിൽ ഇരുപതു ശതമാനം വരെ കുറവ്.
● സിമന്റ് ചാന്ത് ആവശ്യമില്ല.
● ഭംഗിയും ഫിനിഷിങ്ങും കിട്ടും.
● കെട്ടിടത്തിനുള്ളിൽ നല്ല തണുപ്പ് നിലനിർത്തുന്നു.
● നിർമാണം വേഗത്തിൽ പൂർത്തിയാകുന്നു.
● ഭിത്തി പ്ലാസ്റ്റർ ചെയ്യേണ്ട ആവശ്യം വരുന്നില്ല.
● ഊർജക്ഷമത കൂടുതൽ.
● പ്രത്യേക വൈദഗ്ധ്യമുള്ള തൊഴിലാളികൾ വേണമെന്നില്ല.
● പ്രകൃതിയോടിണങ്ങി നിൽക്കുന്നു.
ന്യൂനതകൾ
● ചിതൽ ശല്യം ഒഴിവാക്കൻ നിർമാണ സമയത്തു ചേർക്കുന്ന രാസവസ്തുക്കൾ ദോഷം ചെയ്തേക്കാം.
● ജോയിന്റുകൾ വരുന്ന ഭാഗത്ത് കൂടുതൽ ശ്രദ്ധ ആവശ്യമായി വരുന്നു.
● ഇന്റർലോക്ക് സിമന്റ് ഇഷ്ടികയെക്കാൾ ബലം കുറവ്.
● സാധാരണ ഇന്റർലോക്ക് മഡ് കട്ടകൾക്ക് ഇരുപത്തഞ്ചു മുതൽ മുപ്പതു രൂപ വരെ വിലയുണ്ട്.
ഇന്റർലോക്ക് സിമന്റ് കട്ടകൾ
പാറപ്പൊടി, 6 എംഎം ഗ്രാവൽ, സിമന്റ് എന്നിവയാണ് ഈ കട്ടകളുടെ ചേരുവകൾ.
മേന്മകൾ
● ഇന്റർലോക്ക് മൺകട്ടകളെക്കാൾ ബലം കൂടുതലാണ്.
● മുറിയിലെ ചൂടു കുറയ്ക്കുന്നു.
● പെട്ടെന്നു പഠിച്ചെടുക്കാവുന്ന ലോക്കിങ് വിദ്യ.
● ഭിത്തി തേപ്പ് ഒഴിവാക്കാം.
● പണിക്കൂലി കുറവ്.
● വേഗം പണി പൂർത്തിയാക്കാം.
● മണൽ, സിമന്റ് ഇവ കുറവായതിനാൽ ചെലവ് ഇരുപത്തഞ്ചു ശതമാനത്തോളം കുറയുന്നു.
ന്യൂനതകൾ
● മൺകട്ടകളെ അപേക്ഷിച്ചു മുറിയിൽ ചൂടു കൂടുതൽ.
● ഊർജക്ഷമത കുറവ്.
● മൺ ഇന്റർലോക്ക് കട്ടകളെക്കാൾ ഭാരം കൂടുതൽ.
● ഒരു കട്ടയ്ക്ക് മുപ്പതു മുതൽ മുപ്പത്തിനാൽ രൂപ വരെയാകും
● ഗ്രാവൽ, സിമന്റ് ഇവ ചേർക്കുന്നതിനാൽ ഇക്കോ ഫ്രണ്ട്്ലി അല്ല.