ചരക്ക്, സേവന നികുതി(ജിഎസ്ടി)യിൽ വരുത്തിയ 10% കുറവ് ഉപയോക്താക്കൾക്കു കൈമാറാൻ ഗൃഹോപകരണ നിർമാതാക്കളും പെയിന്റ് കമ്പനികളും തയാറായതോടെ വിലക്കുറവിന്റെ ആനുകൂല്യം ജനങ്ങളിലേക്ക് എത്തിത്തുടങ്ങി.തിരുവനന്തപുരം, കൊച്ചി, കോഴിക്കോട് വിപണികളിൽ 25, 26 തീയതികളിലും ഇന്നലെയും നടത്തിയ അന്വേഷണത്തിൽനിന്ന്:
നികുതിയിളവിന്റെ നിറം
മൂന്നു വിപണികളിലും പെയിന്റിനു വില കുറഞ്ഞു. 10 ശതമാനം നികുതിയൊഴിവിന് (28% ആയിരുന്നത് 18% ആയി) ആനുപാതികമായ കുറവ് മൂന്നു നഗരങ്ങളിലെയും പെയിന്റ് വ്യാപാരികൾ നൽകി. ഏഷ്യൻ പെയ്ന്റിന്റെ ആപ്കോലൈറ്റ് പ്രീമിയം ഇനാമൽ 50 മില്ലി ലീറ്റർ പായ്ക്കിന് 25 രൂപയായിരുന്നു ബുധനാഴ്ചത്തെ വില. 10 ശതമാനം നികുതി കുറഞ്ഞപ്പോൾ വില 23 രൂപയിലേക്കു കുറച്ചിട്ടുണ്ട്.
തിരുവനന്തപുരത്തു രണ്ടു ഷോപ്പുകളിൽനിന്നു പെയിന്റ് വാങ്ങിയപ്പോഴും നികുതി 28 ശതമാനത്തിൽ നിന്നു 18 ശതമാനത്തിലേക്കു താഴ്ത്തിയിട്ടുണ്ട്. നികുതി കുറയ്ക്കുമ്പോൾ അടിസ്ഥാന വില കൂട്ടുന്ന തട്ടിപ്പുരീതിക്കു പെയിന്റ് വിൽപനക്കാർ ശ്രമിച്ചിട്ടില്ല. 26ന് മൂന്നിനം പെയിന്റ് 810 രൂപയ്ക്കു വാങ്ങിയത് ഇന്നലെ 759 രൂപയ്ക്കു കിട്ടി. കോഴിക്കോട്ടും പുതുക്കിയ നികുതിയിലാണ് (18%) ഇന്നലെ സാധനം കിട്ടിയത്.
ഇലക്ട്രോണിക്സ് ഉൽപന്നങ്ങൾക്കു 10% വരെ കുറഞ്ഞു
ഇലക്ട്രോണിക്സ് ഉൽപന്നങ്ങളുടെ വിലയിൽ ഇന്നലെത്തന്നെ കുറവുണ്ടായി. സംസ്ഥാനത്തെ എല്ലാ പ്രമുഖ ഡീലർമാരും ഫ്രിജ്, വാഷിങ് മെഷീൻ, മിക്സി, ഗ്രൈൻഡർ തുടങ്ങിയ ഉപകരണങ്ങൾക്ക് എട്ടു മുതൽ 10 ശതമാനം വരെ വിലക്കുറവു നൽകി. ഇന്നലെ രാവിലെ മുതൽ പുതിയ ജിഎസ്ടി ബിൽ നൽകിത്തുടങ്ങി. ഓണം സീസണു മുന്നോടിയായി ലഭിച്ച വിലക്കുറവു കൂടുതൽ ഉപയോക്താക്കളെ ആകർഷിക്കുമെന്ന് കച്ചവടക്കാർ പറഞ്ഞു. മിക്ക നിർമാതാക്കളും നികുതിയിളവു പൂർണമായി ഉപയോക്താക്കൾക്കു കൈമാറി. 10% നികുതി കുറയുമ്പോൾ ചില്ലറവിലയിൽ 8ശതമാനത്തിനടുത്തു കുറവാണു വരുക.
ടിവിക്ക് നികുതി 28ൽ നിന്ന് 18 ശതമാനമായി കുറഞ്ഞെങ്കിലും 27 ഇഞ്ചിനു താഴെയുള്ള ടിവിക്കു മാത്രമാണു നികുതിയിളവു ബാധകമാകുന്നത്. കേരളത്തിലെ വിപണിയിൽ 32 ഇഞ്ചിനു മുകളിലുള്ള ടിവികളാണ് 90 ശതമാനത്തിലധികം വിറ്റുപോകുന്നത്. അതിനാൽ ടിവി വിപണിയിൽ വലിയ മാറ്റമില്ല.