മഴയുടെ ശക്തി കുറഞ്ഞതോടെ, വെള്ളം പതുക്കെ ഇറങ്ങിത്തുടങ്ങുകയാണ്. ഉടൻ വെള്ളപ്പൊക്കം വരുന്നില്ല എന്ന് ഉറപ്പുവരുത്തിയശേഷം വീട്ടിലേക്കു പോകുന്നതാണ് ഉചിതം. പക്ഷേ, ഏറെപ്പേരും ഈ ഉപദേശം സ്വീകരിക്കാൻ വഴിയില്ല.
ഇക്കാര്യത്തിൽ കുറച്ചു പ്രായോഗിക നിർദേശങ്ങൾ.
∙ ഒറ്റയ്ക്കു വീട്ടിലേക്കു മടങ്ങരുത്. മുതിർന്നവർ രണ്ടോ അതിലധികമോ പേർ ഒരുമിച്ചു പോകണം. എന്തെങ്കിലും കുഴപ്പമുണ്ടായാൽ പരസ്പരം സഹായിക്കാൻ പറ്റുമല്ലോ.
∙ വീടിനകത്തും പുറത്തും ഇഴജന്തുക്കളെ പ്രതീക്ഷിക്കണം.
∙ ആദ്യമായി വീട്ടിലേക്കു മടങ്ങുമ്പോൾ കുട്ടികളെ കൊണ്ടുപോകരുത്.
∙ ഒരു കാരണവശാലും രാത്രി വീട്ടിലേക്കു ചെല്ലരുത്. വീടിനകത്തു പാമ്പുമുതൽ പാചകവാതക ചോർച്ചവരെ ഉണ്ടാകും.
∙ വീട്ടുമതിലുള്ളവർ ശ്രദ്ധിക്കണം. ഗേറ്റ് ശക്തമായി തള്ളിത്തുറക്കുമ്പോൾ മതിലിടിഞ്ഞ് അപകടമുണ്ടാകാം.
∙ ചെളിയിൽ തെന്നി വീഴാതെ നോക്കണം. ഒരു മാസ്ക് ഉപയോഗിക്കണം; അല്ലെങ്കിൽ ഒരു തോർത്ത് മൂക്കിനു മുകളിലൂടെ ചുറ്റിക്കെട്ടണം. കട്ടിയുള്ള കയ്യുറകൾ ഉണ്ടെങ്കിൽ നല്ലത്.
∙ ഒരു കാരണവശാലും വീടിനകത്ത് തീ ഉപയോഗിക്കരുത്. സിഗരറ്റോ മെഴുകുതിരിയോ കത്തിക്കരുത്.
∙ വീട്ടുവളപ്പിൽ മനുഷ്യരുടെയോ മൃഗങ്ങളുടെയോ മൃതദേഹം കണ്ടാൽ കൈകൊണ്ടു തൊടരുത്.
∙ വീടിന്റെ ഭിത്തിയിൽ പ്രളയജലം എത്ര ഉയർന്നു എന്നതിന്റെ അടയാളം ചോക്കുകൊണ്ടോ പെയിന്റ് കൊണ്ടോ രേഖപ്പെടുത്തുക. 1924ൽ ഉണ്ടായതുപോലെ വൻപ്രളയമാണിത്. അന്നത്തെ പ്രളയം രേഖപ്പെടുത്തിവയ്ക്കാത്തതിനാലാണ് പ്രളയസാധ്യതയുള്ള നദീതീരങ്ങൾ ജനവാസകേന്ദ്രമായത്.
∙ വീടിന്റെ നാലു ഭാഗത്തുനിന്നും ധാരാളം ചിത്രങ്ങൾ എടുത്തുവയ്ക്കണം. വെള്ളം എവിടെവരെ എത്തി എന്ന അടയാളം ഉൾപ്പെടെ.
∙ ജനാലകൾ തുറന്നിട്ട് കുറച്ചുസമയം കഴിഞ്ഞുവേണം അകത്തു പ്രവേശിക്കാൻ.
∙ വീട്ടിൽ പ്രവേശിക്കുന്നതിനു മുൻപ് മെയിൻ സ്വിച്ച് ഓഫ് ചെയ്യണം. പൈപ്പ് വഴിയാണ് ഗ്യാസ് എത്തുന്നതെങ്കിൽ, അഥവാ സിലിണ്ടർ വീടിനു വെളിയിലാണെങ്കിൽ അത് ഓഫ് ചെയ്യണം.
∙ വാതിൽ തുറക്കുക ശ്രമകരമായേക്കും, ബലം പ്രയോഗിക്കേണ്ടി വരും. പഴയ വീടാണെങ്കിൽ ഭിത്തിയോ മേൽക്കൂരയോ തകരാറിലായേക്കാം.
∙ ഏതെങ്കിലും തരത്തിലുള്ള അസ്വാഭാവിക ഗന്ധം തോന്നിയാൽ വാതിൽ തുറന്ന് നല്ല വായുസഞ്ചാരമുണ്ടായിട്ട് അകത്തുകയറിയാൽ മതി.
∙ റഫ്രിജറേറ്ററിലെ ഭക്ഷ്യപദാർഥങ്ങൾ കേടായിട്ടുണ്ടാകും. വലിയ ഫ്രീസർ ആണെങ്കിൽ മത്സ്യമാംസാദികൾ അഴുകി മീഥേൻ ഗ്യാസ് ഉണ്ടാകാൻ വഴിയുണ്ട്. ഫ്രീസർ തുറക്കുമ്പോൾ ഈ ഗ്യാസ് ശക്തിയായി പുറത്തേക്കടിച്ചേക്കാം.
∙ നഷ്ടംപറ്റിയ ഓരോ വസ്തുവിന്റെയും കണക്കെടുക്കുക, ഫോട്ടോ എടുക്കുക.
∙ വീട്ടിൽ ഫ്ലഷും പൈപ്പും പരിശോധിക്കുക. വരുന്നതു ശുദ്ധജലമാണോ മലിനജലമാണോ എന്നു ശ്രദ്ധിക്കുക.
∙ വാതിലും ജനാലയും വെയിലുള്ളപ്പോൾ തുറന്നിടുക; ശുദ്ധമായ വായു പ്രവഹിക്കട്ടെ.
∙ വീടു വൃത്തിയാക്കും മുൻപേ മണ്ണുകയറി നാശമായ വസ്തുക്കൾ എവിടെ കൊണ്ടുപോയി കളയാം എന്ന് അറിയണം. ഇക്കാര്യത്തെപ്പറ്റി പുതിയ ലഘുലേഖ തയാറാകുന്നുണ്ട്.