ഹുരുഡീസ് ബ്ലോക്കും സ്റ്റീൽ പൈപ്പും ഇതുരണ്ടും മാത്രം മതി വീടിന്റെ സ്ട്രക്ചർ പൂർത്തിയാക്കാൻ. ആകെ വേണ്ടത് നാലോ അഞ്ചോ പണിക്കാർ മാത്രം. ആഞ്ഞുപിടിച്ചാൽ മൂന്നുമാസത്തിനുള്ളിൽത്തന്നെ വീട് നിർമിക്കാം. 1500 ചതുരശ്രയടി വലുപ്പമുള്ള വീടിന്റെ സ്ട്രക്ചർ പൂർത്തിയാക്കാൻ വേണ്ടി വരുന്ന തുക 10 ലക്ഷം രൂപയിൽ താഴെ മാത്രം. സമയത്തിന്റെയും പണത്തിന്റെയും വെല്ലുവിളികളെ മറികടക്കുന്ന സവിശേഷതകളുടെ നീണ്ടനിരയാണ് ഹുരുഡീസ് വീടിന്റെ ഹൈലൈറ്റ്.
സാധാരണ വീടുകളുടേതുപോലെയുള്ള അടിത്തറയും കട്ടകെട്ടിയ ചുമരുകളും കോൺക്രീറ്റ് മേൽക്കൂരയുമൊന്നും ഹുരുഡീസ് വീടുകളിലില്ല. സ്റ്റീൽ ഫ്രെയിമിൽ ഹുരുഡീസ് ബ്ലോക്ക് ഉറപ്പിച്ചാണ് വീടിന്റെ തറയും ഭിത്തിയും മേൽക്കൂരയുമെല്ലാം തയാറാക്കുന്നത്.
ഇരുമ്പ് പൈപ്പുകൊണ്ടുള്ള പില്ലറുകളാണ് വീടിന്റെ അടിത്തറ. ഇതിനു മുകളിൽ തറ നിരപ്പിൽ നിന്ന് ഒരടി മുതൽ ഒരു മീറ്റർ വരെ പൊക്കത്തിൽ ജിഐ ഫ്രെയിം പിടിപ്പിച്ച് അതിൽ ഹുരുഡീസ് ബ്ലോക്ക് ഉറപ്പിച്ചാണ് തറ തയാറാക്കുന്നത്. വീടിന്റെ തറയ്ക്കും ഭൂമിക്കുമിടയിലുള്ള സ്ഥലം ഒഴിച്ചിട്ടിരിക്കുന്നതിനാൽ കുന്നിൻ ചരിവുകളിലും മറ്റും സ്വാഭാവിക നീരൊഴുക്ക് തടസ്സപ്പെടാതിരിക്കും. വെള്ളം പൊങ്ങാൻ സാധ്യതയുള്ള ഇടങ്ങളിൽ പില്ലറിന്റെ ഉയരം കൂട്ടി വീട് സുരക്ഷിതമാക്കുകയും ചെയ്യാം.
4x4 ഇഞ്ച് അളവിലുള്ള എംഎസ് സ്ക്വയർ പൈപ്പുകളാണ് പില്ലർ ആയി ഉപയോഗിക്കാൻ ഉത്തമം. ഇതിൽ 2x4 ഇഞ്ച് അളവിലുള്ള ജിഐ പൈപ്പിന്റെ ഫ്രെയിം പിടിപ്പിച്ചാണ് തറ നിർമിക്കുന്നത്. പില്ലറുകളെ പരസ്പരം ബന്ധിപ്പിച്ച് ടി സെക്ഷൻ രൂപത്തിൽ എൽ ആംഗിൾ നൽകി ഇതിനിടയിലേക്ക് ഹുരുഡീസ് ബ്ലോക്ക് അടുക്കിയ ശേഷം ജി ക്ലാമ്പ് ഉപയോഗിച്ച് മുറുക്കിയാണ് ഭിത്തിയുടെ നിർമാണം. ജിഐ ട്രസിൽ പഴയ ഓടുമേഞ്ഞ് മേൽക്കൂരയും നിർമിക്കാം. ആദ്യം തന്നെ മേൽക്കൂര പൂർത്തിയാക്കുന്ന രീതിയാണ് ഇവിടെ പിന്തുടരേണ്ടത്. അതിനാൽ ബാക്കി ജോലികളെല്ലാം സുഗമമായി നടക്കും.
വേണമെങ്കിൽ ഹുരുഡീസ് ബ്ലോക്കിന് പകരം ഫൈബർ സിമന്റ് ബോർഡ് പിടിപ്പിച്ചും തറയും ചുമരും നിർമിക്കാം.
വീടുനിർമാണത്തിനുപയോഗിക്കുന്ന മുഴുവൻ വസ്തുക്കളും പുനരുപയോഗിക്കാനാകുമെന്നതാണ് മറ്റൊരു സവിശേഷത. ഓരോന്നായി അഴിച്ചെടുത്ത് മറ്റൊരു സ്ഥലത്ത് വീടു പുനർനിർമിക്കാം.
മേന്മകൾ ഒറ്റനോട്ടത്തിൽ
∙ പ്ലോട്ടിന്റെ സ്വാഭാവിക ഘടനയ്ക്ക് മാറ്റം വരുന്നില്ല. നീരൊഴുക്ക് തടസ്സപ്പെടുന്നില്ല. പെട്ടെന്ന് വെള്ളം കയറില്ല.
∙ മുഴുവൻ സാധനങ്ങളും പുനരുപയോഗിക്കാം. വീട് അപ്പാടെ മറ്റൊരിടത്തേക്ക് മാറ്റാം.
∙ ചതുരശ്രയടിക്ക് 750 രൂപയ്ക്കടുത്തു മാത്രമാണ് നിർമാണച്ചെലവ്.
∙ ഹുരുഡീസിന്റെ ഉള്ള് പൊള്ളയായതിനാൽ വീടിനുള്ളിലെ ചൂട് കുറയും.