ഇൻഷുറൻസ്; വീടു വൃത്തിയാക്കും മുൻപ് ശ്രദ്ധിക്കുക...

പ്രളയത്തിൽ വീടു നശിച്ചവരുണ്ടെങ്കിൽ വീടു വൃത്തിയാക്കുന്നതിനു മുൻപുതന്നെ ഇൻഷുറൻസ് കമ്പനിയെ അറിയിക്കണം.

ഇൻഷുറൻസ് എടുത്തിട്ടുണ്ടെങ്കിൽ പ്രളയത്തിൽ മുങ്ങിയ വീടിനും വീട്ടുസാധനങ്ങൾക്കും നഷ്ടപരിഹാരം ലഭിക്കും. പ്രളയമായതിനാൽ നശിച്ചുപോയ വീട്ടുപകരണങ്ങൾക്കു പൊലീസ് റിപ്പോർട്ട് വേണ്ട. ഹൗസ് ഹോൾഡേഴ്സ് പോളിസി എന്നാണിതിനു പറയുക. വീട്, വീട്ടുസാധനങ്ങൾ, ഫർണിച്ചർ, ഇലക്ട്രോണിക് സാധനങ്ങൾ, വസ്ത്രങ്ങൾ, കംപ്യൂട്ടർ, പമ്പ് സെറ്റ്, സൈക്കിൾ, ആഭരണങ്ങൾ തുടങ്ങിയവയ്ക്ക് ഇൻഷുറൻസ് എടുക്കാം.

വീട്ടുസാധനങ്ങളുടെ പട്ടിക കൊടുക്കണം. ബ്രാൻഡ്, വില, വാങ്ങിയ വർഷം എന്നിങ്ങനെയുള്ള വിവരങ്ങൾ വേണം. ഒരു വർഷം വീതമാണ് ഇൻഷുറൻസ്. പ്രളയത്തിൽ വീടു നശിച്ചവരുണ്ടെങ്കിൽ വീടു വൃത്തിയാക്കുന്നതിനു മുൻപുതന്നെ ഇൻഷുറൻസ് കമ്പനിയെ അറിയിക്കണം. സർവേയർ എത്തി നഷ്ടം കണക്കാക്കി പടങ്ങളെടുക്കും. പോളിസിയിൽ കവർ ചെയ്തിട്ടുള്ള സാധനങ്ങളാണോ നശിച്ചതെന്നു പരിശോധിക്കും. അവയുടെ പഴക്കവും അതുമൂലമുള്ള വിലയിടിവും കണക്കാക്കി നഷ്ടപരിഹാരത്തുക നൽകും. 

വെള്ളത്തിനടിയിലായ വീടുകൾ അവയുടെ കാലപ്പഴക്കം നോക്കി പുതുക്കിപ്പണിയാനും ഇൻഷുറൻസ് തുക കിട്ടും. 

വിവരങ്ങൾക്കു കടപ്പാട്:

∙ കെ.ഗോപിനാഥ്

സീനിയർ മാനേജർ (റിട്ട.)

ന്യൂ ഇന്ത്യ അഷുറൻസ്.