Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

പ്രളയം മലയാളിയെ പഠിപ്പിക്കുന്ന കാര്യങ്ങൾ

future-house ഇനി കേരളത്തിൽ നിർമിക്കുന്ന ഓരോ വീടും ഇത്തവണത്തെ ‘ഫ്ലഡ് ലെവൽ’ വച്ച് പ്ലാൻ ചെയ്തവയാകണം.

ഒരായുസ്സിന്റെ സമ്പാദ്യം കൊണ്ട് നിർമിച്ച വീടുകൾ പ്രളയത്തിൽ തകരുന്ന കണ്ണീർക്കാഴ്ചകളാണ് കഴിഞ്ഞ മാസം കേരളം കണ്ടത്. സ്വപ്നവീടുകൾ പണിതുയർത്തുമ്പോൾ അപ്രതീക്ഷിതമായി ഉണ്ടാകാവുന്ന പ്രകൃതിദുരന്തങ്ങളെ നേരിടാൻ പര്യാപ്തമാണെന്നു ഇനിയെങ്കിലും ഓരോ മലയാളിയും ഉറപ്പ് വരുത്തണം. 

ഓർമയിൽ സൂക്ഷിക്കാൻ ചില തിരിച്ചറിവുകൾ 

പ്ലാനിങ്ങിന്റെ ആദ്യഘട്ടത്തിൽ തന്നെ ഒരു സ്ട്രക്ച്ചറൽ കൺസൾട്ടന്റിന്റെ സേവനം തേടണം. വീട് പണിയാൻ ഉദ്ദേശിക്കുന്ന സ്ഥലത്തെ മണ്ണ് പരിശോധന നടത്തി നിർമാണത്തിന് അനുയോജ്യമാണോ എന്നുറപ്പു വരുത്തണം. ഓരോ മേഖലയിലെയും മണ്ണിന്റെ ഘടനയ്ക്കനുസരിച്ചുള്ള രീതിയിൽ വീടിന്റെ ഫൗണ്ടേഷൻ ചെയ്യണം. 

പ്രളയജലത്തിന്റെ കുത്തൊഴുക്കിൽ പല വീടുകളുടെയും അടിത്തറ തന്നെ ഒലിച്ചു പോയ കാഴ്ചകൾ കാണാമായിരുന്നു. വെള്ളത്തെ പ്രതിരോധിക്കാനുള്ള ശക്തി പുഴയോരങ്ങളിലെയും താഴ്ന്ന പ്രദേശങ്ങളിലെയും വീടുകൾക്കും കെട്ടിടങ്ങൾക്കും മാത്രമല്ല വേണ്ടതെന്ന പാഠവും ഈ പ്രളയം നമ്മെ പഠിപ്പിക്കുന്നുണ്ട്. ഇനി കേരളത്തിൽ നിർമിക്കുന്ന ഓരോ വീടും ഇത്തവണത്തെ ‘ഫ്ലഡ് ലെവൽ’ വച്ച് പ്ലാൻ ചെയ്തവയാകണം.

പ്രളയത്തിന് രണ്ടാഴ്ച ശേഷവും കുട്ടനാട് പോലുള്ള താഴ്ന്ന പ്രദേശങ്ങളിലെ വീടുകൾ വെള്ളത്തിലാണ്. രണ്ടാഴ്ചയിൽ കൂടുതൽ വെള്ളം തങ്ങി നിൽക്കുന്ന കോൺക്രീറ്റ് ഭിത്തികളുള്ള വീടുകൾക്ക് ബലക്ഷയം ഉണ്ടാകും. ഭൂനിരപ്പിൽ നിന്നും ഉയർത്തി വീടുകൾ നിർമിക്കുക എന്നതാണ് ഇവിടെ ഒരു പ്രതിവിധി. 

ഭിത്തി കെട്ടാനുള്ള നിർമാണസാമഗ്രികൾ തിരഞ്ഞെടുക്കുന്നതിൽ ശ്രദ്ധവേണം. ഫൈബർ സിമന്റ് ബോർഡ്, ജിപ്സം പാനൽ തുടങ്ങിയ നിർമാണവസ്തുക്കൾ ഇപ്പോൾ ലഭ്യമാണ്. ഭാരം കുറവ്, ചെലവ് കുറവ്, ഈർപ്പം തങ്ങി നിൽക്കില്ല തുടങ്ങിയ ഗുണങ്ങളുമുണ്ട്. 

തീരപ്രദേശത്തും കടൽക്ഷോഭം മൂലമുള്ള നാശനഷ്ടങ്ങൾ തുടർക്കഥയാണ്. ഭൂനിരപ്പിൽ നിന്നും ഉയർത്തി പണിയുന്ന എലിവേറ്റഡ് സ്ട്രക്ച്ചറുകൾ ഇവിടെയും പ്രസക്തമാണ്. 

മൂന്നാറും വയനാടും പോലെയുള്ള മേഖലകളിൽ മണ്ണിടിച്ചിലും ഉരുൾപൊട്ടലും കാരണം നിരവധി വീടുകൾ തകർന്നു. ഉയർന്ന പ്ലോട്ട് സ്വന്തമായ പലരും മണ്ണെടുത്ത് വിറ്റുകാശാക്കി കുഴിയിലാണ് വീട് വയ്ക്കുക. സ്വാഭാവിക ഭൂപ്രകൃതിക്ക് ഉണ്ടാക്കുന്ന മാറ്റങ്ങളാണ് പിന്നീട് മണ്ണൊലിപ്പിനും മറ്റു കാരണമാകുന്നത്. പരിസ്ഥിതി ലോല പ്രദേശങ്ങളിൽ ഇത്രയധികം നാശനഷ്ടം ഉണ്ടായത് ഈ മാനദണ്ഡങ്ങൾ പാലിക്കാതെ നിർമിച്ച കെട്ടിടങ്ങൾ കാരണമാണ്. ഈ കാര്യങ്ങളിൽ സർക്കാരിന്റെ ഭാഗത്തുനിന്ന് കർശനമായ ഇടപെടലുകൾ ഉണ്ടാകണം.