ഹൃദയവേദനയായി കുട്ടനാട്ടിൽ ‘തകർന്നുവീഴുന്ന വീടുകൾ’

മഴ പെയ്തശേഷം മരം പെയ്യുന്നതുപോലെയാണു കുട്ടനാട്ടിലെ വീടുകളുടെ അവസ്ഥ. കനത്ത പ്രളയത്തിൽ തകർന്നു വീണ വീടുകൾക്കു പുറമെ, പ്രളയത്തിൽ ബലക്ഷയമുണ്ടായ വീടുകൾ തുടർച്ചയായി തകർന്നു വീഴുകയാണു കുട്ടനാട്ടിൽ. ക്യാംപുകളിൽ നിന്നെത്തിയശേഷം വീടുകളിൽ ജീവിതം വീണ്ടും തുടങ്ങാന‍ുള്ള മോഹവുമായെത്തിയ കുട്ടനാട്ടുകാർക്ക് ഇപ്പോൾ ആശങ്കയുടെ പ്രളയമാണ്.

രണ്ടു മാസത്തോളം വെള്ളത്തിലായിരുന്നു കൈനകരി നാലാം വാർഡ് പുറക്കോലിത്തറ വീട്. ഗൃഹനാഥൻ സ്വാമിലാലും കുടുംബവും ആദ്യത്തെ പ്രളയത്തിൽ തന്നെ വീടുവിട്ടു. വാടകവീട്ടിലും ക്യാംപിലുമായി കഴിഞ്ഞ ഇവർ തിരിച്ചെത്തുമ്പോൾ വീട‍ു നിന്നിടത്ത് അടിത്തറ മാത്രം ബാക്കി. പ്രളയം ബാക്കിവച്ച ജനൽ വീടിനരികിൽ നിന്നു പൊക്കി മാറ്റുകയാണിവർ.

കുട്ടനാട്ടിലെ ഭൂരിഭാഗം വീടുകളും ഇക്കുറി രണ്ടു മാസത്തിലധികം വെള്ളത്തിലായിരുന്നു. നിരന്തരം വെള്ളം കെട്ടി നിന്നതിനാൽ അടിത്തറയും ഭിത്തികളും കുതിർന്നു ബലം ക്ഷയിച്ച അവസ്ഥയിലാണ്. നൂറുകണക്കിനു വീടുകളുടെ മേൽക്കൂര തകരുകയും ഭിത്തി പൊളിയുകയും ചെയ്തിട്ടുണ്ട്. വാതിലുകളും ജനലുകളും ഇളകുന്ന അവസ്ഥയിലുള്ള വീടുകളുണ്ട്. വീടുകളുടെ നാശനഷ്ടം സംബന്ധിച്ച വിവരശേഖരണം കഴിഞ്ഞശേഷം തകർന്ന വീടുകളുമുണ്ട്.

പുളിങ്കുന്ന് പഞ്ചായത്ത് 15–ാം വാർഡിൽ അഞ്ചിൽച്ചിറ വീട്ടിൽ അപ്പച്ചന്റെ വീട് പ്രളയത്തിലാണു തകർന്നത്. കൈനകരി പഞ്ചായത്ത് നാലാം വാർഡ് പുറക്കോലിത്തറ സ്വാമിലാലിന്റെ വീടും പ്രളയത്തിലാണു തകർന്നത്. ഇത്തരത്തിൽ ആയിരത്തോളം വീടുകൾ ഇതിനകം പൂർണമായി തകർന്നിട്ടുണ്ട്. പതിനായിരത്തിലധികം വീടുകൾക്കു ഭാഗികമായി നാശം സംഭവിച്ച‍ു. ആയിരത്തോളം വീടുകൾ അടിത്തറയിടിഞ്ഞു‍ം ഭിത്തി പിളർന്നും തകർന്നു വീഴാറായി നിൽക്കുന്നു.