ഫ്ലാറ്റുകളിലെ ‘ഠ’ വട്ടത്തിലും ഇനി പച്ചക്കറി തോട്ടമൊരുക്കാം!

ഫ്ലാറ്റുകളിലെ ‘ഠ’ വട്ടത്തിലാണ് താമസമെങ്കിലും ചെറുതായൊന്നു കൃഷി ചെയ്തേക്കാം എന്നു തോന്നിയാൽ എന്തു ചെയ്യും ? ഇവിടെയാണ് ഹൈഡ്രോപോണിക്സ് കൃഷിരീതി ഉപകാരപ്പെടുന്നത്. കൃഷി ചെയ്യാൻ മണ്ണും ചകിരിച്ചോറും മറ്റും ഉപയോഗിക്കാൻ സാധിക്കാത്തവർക്കു വെള്ളം മാത്രം ഉപയോഗിച്ചു കൃഷി ചെയ്യാം. മണ്ണില്ലെങ്കിലും ചെടികൾക്കുവേണ്ട പോഷകങ്ങളെല്ലാം ലഭിക്കണമല്ലോ... അതു വെള്ളത്തിലൂടെ നൽകുന്നു. മണ്ണിൽ കൃഷി ചെയ്യുമ്പോൾ വേണ്ട പല ജോലികളും ഈ കൃഷിരീതിയിൽ ആവശ്യമില്ല. മണ്ണൊരുക്കുക, കളകൾ നീക്കുക തുടങ്ങിയ പരിപാടിയൊന്നും വേണ്ടെന്നു ചുരുക്കം. ഹൈഡ്രോപോണിക്സ് സിസ്റ്റം ആദ്യഘട്ടത്തിൽ ഒരുക്കിക്കഴിഞ്ഞാൽ അധ്വാനം അധികം വേണ്ടാത്തതിനാൽ , മനസ്സുവച്ചാൽ കുട്ടികൾക്കുപോലും പരിപാലിക്കാം. 

 ജൈവരീതിയിലും വെള്ളത്തിൽ അലിയുന്ന വളങ്ങൾ ഉപയോഗിച്ചും ഹൈഡ്രോപോണിക്സ് രീതിയിൽ കൃഷി ചെയ്യാം. സാധാരണ വേണ്ടതിന്റെ 5 മുതൽ 10 ശതമാനം വെള്ളം മാത്രമാണ് ഈ രീതിയിൽ വേണ്ടിവരുന്നത്. ചീര, പയർ, പുതിന, തക്കാളി, സാലഡ് വെള്ളരി, കാബേജ്, മുളക്, വെണ്ട തുടങ്ങിയവയെല്ലാം ഈ രീതിയിൽ കൃഷി ചെയ്യാം. 

ചെടികൾ വളർത്താൻ ന്യൂട്രിയന്റ് ഫിലിം ടെക്നിക് (എൻഎഫ്ടി) ഉപയോഗിച്ചുള്ള ബഡ്സ് സിസ്റ്റം, ഡീപ് വാട്ടർ കൾചർ സിസ്റ്റം, ഡച്ച് ബക്കറ്റ് സിസ്റ്റം തുടങ്ങിയ രീതികൾ ഉപയോഗിക്കാം. 

ഹൈഡ്രോപോണിക്സ് സിസ്റ്റത്തിൽ ടാങ്കിൽനിന്നു വെള്ളം ചെടികൾ വളർത്തുന്ന ബഡ്ഡുകളിലേക്കും തിരിച്ചു ടാങ്കുകളിലേക്കും പമ്പ് ചെയ്യാൻ പമ്പ് സെറ്റ് വേണം. വളലായനി പരിചംക്രമണം ചെയ്യുന്നതിനാൽ വെള്ളവും വളവും നഷ്ടപ്പെടാതെ പരമാവധി ഉപയോഗിക്കാം. വെള്ളത്തിലെ ഓക്സിജന്റെ അളവിന് സ്ഥിരത വേണം. വെള്ളത്തിൽ ഓക്സിജൻ ലയിപ്പിക്കാൻ എയറേറ്റിങ് സംവിധാനവും വേണം. 

നമ്മുടെ നാട്ടിൽ ഈ രീതിക്ക് പ്രചാരം കിട്ടിവരുന്നതേയുള്ളൂ. അതിനാൽ സാധാരണ കൃഷിരീതിയേക്കാൾ മുതൽമുടക്ക് അൽപം കൂടുതലാകും. 2 സ്റ്റാൻഡിൽ 10 ചെടികളും അനുബന്ധ ഉപകരണങ്ങളും വസ്തുക്കളും ഉൾപ്പെടുന്ന യൂണിറ്റിന് ശരാശരി ചെലവ് 8000 രൂപ. 

വെള്ളത്തിലെ പിഎച്ച്, താപനില, വെള്ളത്തിൽ ലയിച്ചിരിക്കുന്ന ഓക്സിജന്റെ അളവ് എന്നിവയെല്ലാം ചെടികൾക്ക് അനുകൂലമായ സാഹചര്യത്തിൽ നിലനിർത്താൻ ശ്രദ്ധവേണം. അൽപം ക്ഷമയും ഈ കൃഷിരീതിയെക്കുറിച്ച് സാമാന്യ പരിജ്ഞാനവും വേണ്ടിവരും.