Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

മനം കവരും സൗന്ദര്യം...ഇനി വീടിനു അഴകായി ഈ ചെടികൾ ഒരുക്കാം

morning-glory ഉദ്യാനത്തിന്റെ ഭംഗിക്കു മാറ്റുകൂട്ടുന്ന ചില വള്ളിച്ചെടികളെ പരിചയപ്പെടാം.

ഓർണമെന്റൽ പാഷൻഫ്രൂട്ട് (Ornamental Passion Fruit)

ornamental-passion-fruit

പാഷൻ ഫ്രൂട്ടിന്റെ കുടുംബത്തിൽപെട്ട അലങ്കാരയിനമാണിത്. വയലറ്റ്, ചുവപ്പ്, പിങ്ക് നിറമുള്ള പൂക്കളുണ്ടാകുന്ന ഇനങ്ങളുണ്ട്. തേനുള്ള പൂക്കൾ കിളികളെ ആകർഷിക്കും. ഇരുണ്ടനിറമാണ് വള്ളിക്കും ഇലകൾക്കും. സൂര്യപ്രകാശം കൂടുതൽ ലഭിക്കുന്ന കോർട്‌യാർഡുകളിലും മേൽക്കൂരയിലുമെല്ലാം ഇത് നന്നായി വളരും.

ബ്ലാക്ക് ഐഡ് സൂസൻ (Black-eyed Susan)

black-eyed-susan

കൂടുതൽ പരിചരണം കൊടുക്കാതെത്തന്നെ മനോഹരമായ പൂക്കൾ ഉണ്ടാകുന്ന വള്ളിച്ചെടിയാണ് ബ്ലാക്ക് ഐഡ് സൂസൻ. പരുപരുത്ത ഇലകൾക്കിടയിൽ വിടർന്നു നിൽക്കുന്ന മഞ്ഞയോ ഓറഞ്ചോ ഇതളുകളുള്ള പൂവുകൾ ആകർഷകമാണ്. ഫെൻസിങ്ങിനും പർഗോളയിൽ പടർത്താനും ഉപയോഗിക്കാമെങ്കിലും ചട്ടിയിൽ തൂക്കിയിടാനാണ് കൂടുതല്‍ നല്ലത്. നല്ല വെയിൽ കിട്ടിയാൽ കൂടുതൽ പൂക്കളുണ്ടാകും. തൈകളാണ് പുതിയ ചെടികൾ ഉണ്ടാക്കാൻ ഉപയോഗിക്കുന്നത്.

മാൻഡിവില്ല (Mandivilla)

mandivilla

മഞ്ഞ, വെള്ള, ചുവപ്പ് നിറമുള്ള, കോളാമ്പിയുടെ ആകൃതിയിലുള്ള പൂക്കളാണ് മാന്‍ഡിവില്ലയുടെ ആകർഷണം. ചട്ടിയിൽ നട്ട് ലോഹ സ്റ്റാൻഡുകളിൽ പടർത്തിയാണ് മാന്‍ഡിവില്ല വളർത്തുന്നത്. താങ്ങുവേണമെന്നത് പ്രത്യേകം ശ്രദ്ധിക്കണം. സൂര്യപ്രകാശം കിട്ടുന്നയിടത്തും ചെറിയ ഷേഡുള്ള സ്ഥലത്തും മാൻഡിവില്ല നന്നായി വളരും. ഇടയ്ക്കിടെ തലപ്പ് നുള്ളിക്കൊടുക്കുന്നത് കൂടുതൽ മുകുളങ്ങൾ വരാൻ സഹായകരമാണ്.

ആന്റിഗൻ (Antigone)

antigone

കോറൽ വെയ്ൻ എന്ന ഓമനപ്പേരുള്ള ആന്റിഗൻ മലയാളികൾക്ക് സുപരിചിതമാണ്. പിങ്ക്, വെള്ള നിറമുള്ള പൂക്കളുണ്ടാകുന്ന ചെടികൾ കേരളത്തിൽ എല്ലായിടത്തും കാണാം. പർഗോളയിലും ആർച്ചുകളിലും വളർത്താം. പരിചരണം കുറവുമതി. രോഗകീടബാധകൾ കുറവാണ് എന്നിവയെല്ലാമാണ് മേന്മകൾ. സൂര്യപ്രകാശം ധാരാളം വേണം. എന്നാൽ വരൾച്ചയെ അതിജീവിക്കും. എളുപ്പത്തിൽ നട്ടുവളർത്താം.

വൈൽഡ് അലമാൻഡ (Wild Allamanda)

wild-allamanda

നിയോൺ മഞ്ഞ നിറമുള്ള, ആകർഷകമായ പൂക്കളാണ് വൈൽഡ് അലമാൻഡയുടെ പ്രധാന ആകർഷണം. കുറ്റിച്ചെടിയുടെ വലുപ്പത്തില്‍ പടർന്നു നിൽക്കുന്ന ഈ ചെടി പ്രായം കൂടിയാൽ ഉറച്ച തണ്ടുള്ളതായി മാറും. മരതകപ്പച്ച നിറമുള്ള ഇലകളും മഞ്ഞപ്പൂക്കളും വർഷത്തിൽ എല്ലാകാലത്തും പൂന്തോട്ടത്തെ സുന്ദരമാക്കുമെന്നതാണ് ഈ ചെടിയുടെ പ്രത്യേകത. കൂടുതല്‍ നനയുടെ ആവശ്യമില്ല. നല്ല സൂര്യപ്രകാശം കിട്ടുന്നതാണ് പൂക്കൾ ഉണ്ടാകാൻ നല്ലതെങ്കിലും പകുതിമറയിലും നന്നായി വളരും. കമ്പു മുറിച്ചു നട്ട് പ്രജനനം നടത്താം.

പെട്രിയ (Petrea)

petrea-volubilis

നക്ഷത്രാകൃതിയുള്ള പൂവുകൾ കുലകളായി വീണുകിടക്കുന്ന കാഴ്ചയാണ് പെട്രിയ മുറ്റത്തുണ്ടെങ്കിൽ കാണാനാവുക. വള്ളിയായി പടരുന്ന കുറ്റിച്ചെടി എന്നു വിശേഷിപ്പിക്കാം ഇതിനെ. പർപ്പിൾ നിറമുള്ള പൂക്കളേക്കാൾ നീലനിറമുള്ള ഫ്ലവർ ബ്രാക്കറ്റ് ആണ് കാഴ്ചയിൽപെടുക. രണ്ടോ മൂന്നോ ദിവസം കഴിഞ്ഞാൽ പൂവിന്റെ നിറം മങ്ങി ചാരനിറമാകും. പേപ്പർ പോലെ പരുപരുത്ത പൂവിന് നേർത്ത സുഗന്ധവുമുണ്ട്.

മോണിങ് ഗ്ലോറി (Morning Glory)

morning-glory

കേരളത്തിലെ വീടുകളുടെ പറമ്പുകളിൽ പോലും കാണാം ഈ ചെടിയുടെ വ്യത്യസ്തയിനങ്ങളെ. നീല, വയലറ്റ്, പിങ്ക്, വെള്ള നിറങ്ങളിൽ പൂക്കളുണ്ടാകുന്ന ഈ ചെടിയുടെ ഇലകളും തണ്ടുകളും മൃദുവാണ്. സൂര്യപ്രകാശം ധാരാളം വേണം. കാര്യമായ പരിചരണം ആവശ്യമില്ല. പർഗോളയിലും ആർച്ചുകളിലും മാത്രമല്ല, ഗ്രൗണ്ട് കവർ ആയും ഉപയോഗിക്കാം. രണ്ടോ മൂന്നോ നിറങ്ങളിലുള്ളവ ഒരുമിച്ചു നടുന്നത് കൂടുതൽ ഭംഗിയായിരിക്കും.

മൈസൂർ ട്രംപറ്റ് വൈൻ (Mysore Trumpet Vine)

Mysore-vine

താഴേക്കു തൂങ്ങി വളരുന്ന പൂങ്കുലകളുള്ള ഈ ചെടി തെക്കേ ഇന്ത്യയുടെ സ്വന്തമാണ്. 20 അടിയോളം നീളത്തിൽ വളരും. മഞ്ഞുകാലത്താണ് കൂടുതൽ പൂവിടുന്നത്. തിളങ്ങുന്ന പച്ചനിറമുള്ള ഇലകളും മഞ്ഞയും മെറൂണും നിറമുള്ള പൂക്കളും ഈ ചെടിയെ ആകർഷകമാക്കുന്നു. ആർച്ചുകളിലും പർഗോളയിലും വളർത്താം.

ഗാർലിക് വൈൻ (Garlic vine)

garlic-vine

വെളുത്തുള്ളിയുടെ മണമാണ് ഈ ചെടിയുടെ ഇലകൾക്ക്. ലാവൻഡർ നിറമുള്ള പൂക്കൾ വളരെ ആകർഷകമാണ്. ദിവസങ്ങൾ പഴകുംതോറും പൂക്കളുടെ നിറം വെള്ളയിലേക്കു മാറും. വളരെവേഗം പിടിക്കുകയും ഇല കാണാത്ത വിധം പൂക്കളുണ്ടാകുകയും ചെയ്യും. വെള്ളം വാർന്നു പോകുന്ന മണ്ണും പാകത്തിനു വെയിലും കിട്ടിയാൽ ഈ ചെടി നന്നായി വളരും. കാര്യമായ പരിചരണമൊന്നും വേണ്ട എന്നത് പ്രത്യേകതയാണ്.