Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

രാവിലെ ലൈറ്റും ഫാനും വേണ്ട, ഇത് നടുമുറ്റങ്ങൾ നിറയുന്ന ഞങ്ങളുടെ വീട്!

courtyard-home-thrissur

എന്റെ പേര് ഡോ. ഗിരീഷ്കുമാർ. ഭാര്യ സുപ്രിയയും ഡോക്ടറാണ്. ഏതൊരു മലയാളിയെയും പോലെ വീടിനെ കുറിച്ച് ഞങ്ങൾക്ക് ഒരുപാട് സങ്കൽപ്പങ്ങൾ ഉണ്ടായിരുന്നു. അവ യാഥാർഥ്യമായതിന്റെ ചാരിതാർഥ്യത്തിന്റെ നിറവിലാണ് ഞങ്ങളിപ്പോൾ. വീടിനെ കുറിച്ചുള്ള ആദ്യ ചിന്തകളിൽ തന്നെ പ്രകാശം നിറയുന്ന ഇടങ്ങളുടെ സങ്കലനമായിരുന്നു ഞങ്ങളുടെ മനസ്സിൽ. വീടിന്റെ ഇരുവശങ്ങളിലും കൂടി റോഡ് പോകുന്നുണ്ട്. ഈ രണ്ടിടത്തുംനിന്നും കാഴ്ച ലഭിക്കുംവിധമാണ് എലിവേഷൻ രൂപകൽപന ചെയ്തത്. 

സമകാലിക ശൈലിയിലാണ് പുറംകാഴ്ച. സ്ലോപ്പ്–ഫ്ലാറ്റ് ശൈലികൾ ഇടകലർത്തിയാണ് റൂഫിങ്. കാറ്റിനെയും വെളിച്ചത്തെയും സ്വാഗതം ചെയ്യാൻ ലൂവറും ഗ്ലാസ് പാനലുകളും മേൽക്കൂരയിൽ നൽകിയിട്ടുണ്ട്. വീടിന്റെ സ്വകാര്യത നഷ്ടമാകാതെ വിധം ഒരു കൺസൾട്ടിങ് റൂമും ഇവിടെ സജ്ജീകരിച്ചിട്ടുണ്ട്. ഡബിൾ ഹൈറ്റിലാണ് സ്വീകരണമുറി ഒരുക്കിയത്. ഇത് കൂടുതൽ വിശാലതയും വെന്റിലേഷനും ഉറപ്പുവരുത്തുന്നു. പ്രകാശത്തെ പ്രതിഫലിപ്പിക്കുന്ന ഇളംനിറങ്ങളാണ് വീടിനകത്തു നൽകിയത്. പകൽസമയത്ത് വീടിനുള്ളിൽ ലൈറ്റും ഫാനും ഇടേണ്ട ആവശ്യം അധികം വരാറില്ല.

courtyard-home-hall

നടുമുറ്റങ്ങളോട് ഞങ്ങൾക്ക് വളരെ താൽപര്യമുണ്ടായിരുന്നു. പഴയ നാലുകെട്ടുകളും നടുമുറ്റവുമൊക്കെ വീട്ടിൽ നിറയ്ക്കുന്ന ചൈതന്യം പലയിടത്തായി കണ്ടു മനസ്സിലാക്കിയിട്ടുണ്ട്. അങ്ങനെ ഞങ്ങളുടെ വീട്ടിലും അഞ്ച് കോർട്‌യാർഡുകൾ ഒരുക്കി. ഓരോ കോർട്‌യാർഡും വ്യത്യസ്തമായാണ് ഒരുക്കിയിരിക്കുന്നത്.

courtyard-home-green
courtyards

ഒരെണ്ണത്തിൽ വെള്ളാരങ്കല്ലുകളും ചെടികളും നൽകി, മറ്റൊന്നിൽ വാട്ടർബോഡി നൽകി. സ്വീകരണമുറിയുടെ സമീപമുള്ള കോർട്‌യാർഡിൽ സിറ്റിംഗ് സ്‌പേസ് ക്രമീകരിച്ചു. വീടിന്റെ മുക്കിലും മൂലയിൽനിന്നും ഏതെങ്കിലും കോർട്‌യാർഡുകളിലേക്ക് കാഴ്ച ലഭിക്കും. നടുമുറ്റത്തേക്ക് കാഴ്ച ലഭിക്കാൻ കിടപ്പുമുറികളിൽ ഒരു വശത്ത് ടഫൻഡ് ഗ്ലാസ് ഭിത്തികളാണ് നൽകിയത്. 

courtyard-home-thrissur-view

നാലു കിടപ്പുമുറികളും ലളിതമായി ഒരുക്കി. ഹെഡ്ബോർഡിൽ അപ്ഹോൾസ്റ്ററി ചെയ്ത് ഹൈലൈറ്റ് ചെയ്തത് മാത്രമാണ് പേരിനുള്ള ഡിസൈൻ. കുട്ടികളുടെ കിടപ്പുമുറി അവർക്ക് ഇഷ്ടപ്പെടുന്ന വിധം കളർഫുള്ളായി ഒരുക്കി.

view-of-bed-from-courtyard

ഫ്ലോറിങ്ങിൽ വൈവിധ്യം കൊണ്ടുവരാൻ ശ്രദ്ധിച്ചിട്ടുണ്ട്. ഇറ്റാലിയൻ മാർബിൾ, വിട്രിഫൈഡ് ടൈൽ, വുഡൻ ഫ്ളോറിങ് എന്നിവ ഇടങ്ങളെ വേർതിരിക്കാനായി നൽകിയിരിക്കുന്നു. കൈവരികൾക്ക് പുറമെ ഗോവണിപ്പടികളും ടഫൻഡ് ഗ്ലാസു കൊണ്ടാണ് പൊതിഞ്ഞിരിക്കുന്നത്. ഗോവണിയുടെ ആദ്യ ലാൻഡിങ്ങിൽ സ്‌റ്റഡി ഏരിയ ക്രമീകരിച്ചത് സ്ഥലഉപയുക്തതയും നൽകുന്നു.

courtyard-home-family-living

അടുക്കളയിൽ പുതിയകാല സൗകര്യങ്ങൾ ഉണ്ടാകണമെന്ന് ഭാര്യയ്ക്ക് നിർബന്ധമുണ്ടായിരുന്നു. മോഡുലാർ ശൈലിയിൽ കിച്ചൻ ഒരുക്കി. പാചകം ചെയ്യുന്നതിനൊപ്പം കുട്ടികളെ ശ്രദ്ധിക്കാനും ഭക്ഷണം നൽകാനും സംസാരിക്കാനുമായി ചെറിയൊരു ബ്രേക്ഫാസ്റ്റ് കൗണ്ടറും ഇവിടെ ഒരുക്കി. 

courtyard-home-thrissur-kitchen

മുറ്റത്ത് നാച്വറൽ സ്റ്റോൺ വിരിച്ചു. ഭാര്യയ്ക്ക് ഗാർഡനിങ്ങിൽ താൽപര്യമുണ്ട്. മുറ്റത്ത് ചെറിയൊരു ഗാർഡനും ഞങ്ങൾ ഒരുക്കിയിട്ടുണ്ട്. 

ഞങ്ങളും ആർക്കിടെക്ട് സനൽ ചാക്കോയും തമ്മിലുള്ള സൗഹൃദം ആശയവിനിമയം എളുപ്പമാക്കി. അതും രൂപകല്പനയിൽ പോസിറ്റീവായി പ്രതിഫലിച്ചിട്ടുണ്ട്.

Project Facts

Location- Thrissur

Area- 5700 SFT

Plot- 15 cent

Owner- Dr. Girish Kumar

Architect- Sanil Chacko

Space scape architects, Thrissur

Mob- 9447042753

Completion year- 2018