വീടിന്റെ നാസാദ്വാരങ്ങളാണ് ജനാലകൾ. കാറ്റ് കയറിയും ഇറങ്ങിയും ‘ശ്വസനപ്രക്രിയ’ ഭംഗിയായി നടന്നാലേ വീടിനുള്ളിലെ അന്തരീക്ഷം സുഖകരമാകൂ. അതിന് യഥാസ്ഥാനങ്ങളില്‍ ജനാലകൾ കൂടിയേ തീരൂ. കാറ്റ് മാത്രമല്ല, സൂര്യപ്രകാശമെത്തിച്ച് വീട്ടകം സജീവമാക്കുന്നതും ജനാലകൾ തന്നെയാണ്. ഈ രണ്ട് ഉപയോഗങ്ങൾക്കപ്പുറം വീടിന്റെ രൂപഭംഗി കൂട്ടുന്ന ഘടകമായും ജനാലകൾ മാറിക്കഴിഞ്ഞു.
മുറിയുടെ വലുപ്പം, എന്ത് ആവശ്യത്തിന് ഉപയോഗിക്കുന്നു, ചുറ്റുപാടിന്റെ പ്രത്യേകതകൾ തുടങ്ങിയ കാര്യങ്ങളൊക്കെ പരിഗണിച്ചാണ് ജനലിന്റെ സ്ഥാനവും വലുപ്പവും നിശ്ചയിക്കുന്നത്. തടിയും, ഗ്ലാസും, ഇരുമ്പിന്റെ അഴികളുമുള്ള ജനാലകളാണ് സർവസാധാരണം. ഒറ്റപ്പാളി, രണ്ട് പാളി, മൂന്ന് പാളി എന്നിങ്ങനെ പല വലുപ്പത്തിൽ ജനൽ നൽകാം. ഒരു മീറ്റർ മുതൽ 1.8 മീറ്റർ വരെ പൊക്കമാണ് ജനാലകൾക്കുണ്ടാകുക. ഒറ്റപ്പാളി ജനലിന് സാധാരണഗതിയിൽ 60 സെമീ വീതി വരും. സാഹചര്യങ്ങൾക്കനുസരിച്ച് ഇതിന്റെ വലുപ്പം കൂട്ടിയും കുറച്ചുമൊക്കെ നല്‍കാറുണ്ട്.
തടികൊണ്ട് കട്ടിളയും ഫ്രെയിമും നിർമിക്കുന്ന രീതിക്കാണ് നമ്മുടെ നാട്ടിൽ പ്രചാരം. തേക്ക്, പ്ലാവ്, വേങ്ങ, ആഞ്ഞിലി തുടങ്ങിയ തടികളൊക്കെ കട്ടിളയും ഫ്രെയിമും നിർമിക്കാൻ ഉപയോഗിക്കാം.
ലഭിക്കേണ്ട വെളിച്ചം, കാഴ്ച നിയന്ത്രിക്കണോ വേണ്ടയോ തുടങ്ങിയ കാര്യങ്ങളനുസരിച്ചാണ് ഏതുതരം ഗ്ലാസ് വേണമെന്ന് തീരുമാനിക്കേണ്ടത്. പ്ലെയിൻ, റിഫ്ലക്ടീവ്, ടിന്റഡ്, കളേർഡ് തുടങ്ങി പലതരം ഗ്ലാസ് ലഭ്യമാണ്. ഗ്ലാസിനു പകരം പഴയ മാതൃകയിൽ തടിപ്പാളി കൊണ്ട് ജനൽ നിർമിക്കുന്നവരുടെ എണ്ണവും ഇപ്പോൾ കൂടിവരുന്നുണ്ട്.
പുതുമകൾ ഇഷ്ടംപോലെ
യുപിവിസി, അലുമിനിയം, ജിഐ തുടങ്ങിയവ കൊണ്ടെല്ലാമുള്ള ജനലുകൾ ഇപ്പോൾ ലഭ്യമാണ്. വളരെ വേഗം പണിതീർക്കാം എന്നതാണ് ഇവയുടെ പ്രധാന സവിശേഷത. യുപിവിസി, അലുമിനിയം തുടങ്ങിയവ വെള്ളം വീണാലും കേടാകില്ല എന്ന മെച്ചവുമുണ്ട്. ഫ്ലാറ്റുകൾക്ക് അനുയോജ്യമായ ‘സ്ലൈഡിങ് ടൈപ്പ്’ (വശങ്ങളിലേക്ക് നിരക്കി നീക്കാവുന്ന) ജനാലകൾ നിർമിക്കാനും ഇവ അനുയോജ്യമാണ്.
അലുമിനിയത്തിന്റെയും യുപിവിസിയുടെയും ‘റെഡിമെയ്ഡ് ജനൽ’ ആണ് മറ്റൊരു പുതുമ. സ്റ്റാൻഡേർഡ് അളവിൽ ലഭിക്കുന്ന ഇവ വാങ്ങി നേരെ ചുവരിൽ പിടിപ്പിക്കാം. ചെലവു കുറഞ്ഞ രീതിയിൽ വീട് നിർമിക്കാൻ ഉദ്ദേശിക്കുന്നവർക്കായി റെഡിമെയ്ഡ് കോൺക്രീറ്റ് കട്ടിളകളും ഇപ്പോൾ ലഭ്യമാണ്. തടിയുടെയോ മറ്റോ ഫ്രെയിം ഇതിൽ സ്ക്രൂ ചെയ്ത് പിടിപ്പിച്ച് ജനൽ നിർമിക്കാം.