Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

27 ലക്ഷത്തിന് പ്രകൃതി നിറയുന്ന അതിമനോഹരമായ വീട്!

ഓരോ പരിസ്ഥിതിദിനവും കടന്നു പോകുന്നത് പ്രകൃതിയിലേക്ക് മടങ്ങാനുള്ള ആഹ്വാനവുമായിട്ടാണ്. കെട്ടിടനിർമാണരംഗത്തെ അനഭിലഷണീയമായ പല പ്രവണതകളുമാണ് പരിസ്ഥിതി നാശത്തിനു ആക്കം കൂട്ടുന്നത്. ഈ പരിസ്ഥിതിവാരത്തിൽ പ്രസക്തമാവുകയാണ് തികച്ചും പരിസ്ഥിതി സൗഹാർദപരമായി നിർമിച്ച ഒരു ഡിസൈനറുടെ സ്വന്തം വീട്. കൊല്ലം ജില്ലയിലെ കല്ലടയിലാണ് ഡിസൈനർ അരുൺ മുരളി തന്റെ സ്വപ്നഗൃഹം പണിതുയർത്തിയത്. അരുണും സുഹൃത്തും സഹപ്രവർത്തകനുമായ റാസിമും ചേർന്നാണ് വീടിന്റെ ഡിസൈൻ നിർവഹിച്ചത്. പുനരുപയോഗിക്കാവുന്ന പരിസ്ഥിതി സൗഹൃദമായ നിർമാണസാമഗ്രികളാണ് ഈ വീട്ടിൽ ഉപയോഗിച്ചിരിക്കുന്നത്. ബേസ്മെന്റിൽ മാത്രമേ കോൺക്രീറ്റ് ഉപയോഗിച്ചിട്ടുള്ളൂ. ബാക്കിയിടങ്ങളിൽ മണ്ണും മൺകട്ടകളും ഒക്കെയാണ്. 8 സെന്റിൽ 1650 ചതുരശ്രയടിയിൽ നിർമിച്ച വീടിന് 27 ലക്ഷം രൂപ മാത്രമാണ് ചെലവായത്. 

green-home-kollam

ഇവിടെത്തിയാൽ ആദ്യം കണ്ണുടക്കുന്നത് പോർച്ചിലേക്കാണ്. മേൽക്കൂര തന്നെ ചുവരുകളായി ഇറങ്ങിയ വരുന്ന പോലെയാണ് പോർച്ചിന്റെ ഡിസൈൻ. സ്ക്വയർ ട്യൂബുകൾ കൊണ്ടാണ് ഓടുകൾ ഉറപ്പിച്ചു നിർത്തിയിരിക്കുന്നത്. വീടിന്റെ പുറംകാഴ്ചയിൽ ശ്രദ്ധേയം മുകൾനിലയിൽ ഗമയോടെ ഇരിക്കുന്ന സൈക്കിൾ ഇൻസ്റ്റലേഷനാണ്. പാവം സൈക്കിളിനെ വീടിനുള്ളിലും ഡിസൈൻ ഉപാധിയാക്കി മാറ്റിയിരിക്കുന്നു. കാറ്റും വെളിച്ചവും ചുവരുകളിൽ നൽകിയ ലൂവർ ജനാലകളിലൂടെ വീടിനകത്തേക്ക് വിരുന്നെത്തുന്നു.

eco-friendly-home-kollam

സ്വീകരണമുറി, ഊണുമുറി, അടുക്കള, അറ്റാച്ഡ് ബാത്റൂമുകളോട് കൂടിയ നാലുകിടപ്പുമുറികൾ എന്നിവയാണ് വീട്ടിൽ പ്രധാനമായും നൽകിയത്. അകത്തളങ്ങൾ വ്യത്യസ്തമാക്കാൻ നിരവധി ചെപ്പടി വിദ്യകൾ ഡിസൈനർ കൊണ്ടുവന്നിട്ടുണ്ട്.

eco-friendly-living-room
eco-friendly-home-living

സ്വീകരണമുറിയുടെ ഒരു ഭിത്തിയിൽ ത്രികോണാകൃതിയിൽ ബുക് ഷെൽഫ് നൽകി. സൈക്കിൾ റിമ്മുകൾ കൊണ്ട് ഊണുമുറിക്കു മുകളിൽ സീലിങ് ചെയ്തിരിക്കുന്നു. ഗോവണിയുടെ കൈവരികളിലും സൈക്കിൾ റിമ്മുകൾ സ്ഥാനം പിടിച്ചിരിക്കുന്നു. ഇതിനു സമീപം മുള കൊണ്ട് പില്ലറുകൾ നൽകിയിരിക്കുന്നു.

eco-home-stair
eco-friendly-upper

സ്വീകരണമുറി ഡബിൾ ഹൈറ്റിലാണ് നിർമിച്ചത്. സ്വീകരണമുറിയുടെ മുകളിലായി സ്ക്വയർ ബ്ലോക്കുകളിൽ എം എസ് ഷീറ്റ് നൽകി ഫോൾസ് സീലിങ്ങും ഒരുക്കി. ഒന്നാം നിലയുടെ സീലിങ്ങിൽ തടി മച്ചാണ് നൽകിയത്. ഈ തടി തന്നെ മുകൾനിലയുടെ ഫ്ലോറിങ്ങായി തുടരുന്നു. അതുകൊണ്ട് മുകൾനില പ്രത്യേകം ഫ്ളോറിങ് ചെയ്യേണ്ട ആവശ്യം വന്നില്ല. അക്കേഷ്യ മരത്തിന്റെ തടിയാണ് ഫർണിഷിങ്ങിന് കൂടുതലും ഉപയോഗിച്ചത്. 

eco-friendly-dining

വാഷ് ഏരിയയ്ക്ക് സമീപം ഒരു ചെറിയ താമര പൊയ്കയും ഒരുക്കിയിരിക്കുന്നു. ഇവിടേക്ക് സ്വാഭാവിക പ്രകാശം ലഭിക്കാനായി എംഎസ് ഫ്രയിമുകൾ കൊണ്ട് വെർട്ടിക്കൽ സ്‌കൈലൈറ്റുകൾ ഒരുക്കി. 

eco-friendly-pool

ലളിതവും പോസിറ്റീവ് എനർജി നിറയുന്ന കിടപ്പുമുറികൾ. സീലിങ്ങിലെ കലാപരീക്ഷങ്ങൾ ഇവിടെയും തുടരുന്നുണ്ട്. സ്‌റ്റോറേജിനായി വാഡ്രോബുകളും നൽകിയിട്ടുണ്ട്. 

eco-friendly-home-bed

നാലു പേർക്കിരുന്നു ഭക്ഷണം കഴിക്കാൻ പാകത്തിൽ ഊണുമേശ. സമീപം ഐലൻഡ് ശൈലിയിൽ ഒരുക്കിയ ഓപ്പൺ കിച്ചൻ. 

eco-friendly-home-kitchen

പ്രകൃതിയെ സ്നേഹിച്ചാൽ പ്രകൃതി നമ്മളെയും സ്നേഹിക്കും എന്ന് ഡിസൈനറുടെ അനുഭവ സാക്ഷ്യം. വീടിനുള്ളിൽ മറ്റു കോൺക്രീറ്റ് വീടുകളെ അപേക്ഷിച്ച് 60 ശതമാനത്തോളം ചൂട് കുറവാണ്. പകൽ സമയങ്ങളിൽ ലൈറ്റുകൾ ഇടേണ്ട കാര്യവുമില്ല. മറ്റുള്ളവരെ കാണിക്കാൻ കോൺക്രീറ്റ് കാടുകൾ കെട്ടിപ്പൊക്കാൻ മത്സരിക്കുന്നവർ ഈ വീട് കണ്ടനുഭവിക്കണം. അരുണിന്റെ കണ്ണുകളിൽ സ്വപ്നം പൂർത്തിയായ ചാരിതാർഥ്യം നിറയുന്നു.

eco-home-elevation

ചെലവ് കുറച്ച ഘടകങ്ങൾ

  • കോൺക്രീറ്റ് വളരെ കുറച്ചു മാത്രം ഉപയോഗിച്ചു.
  • ഭിത്തിയുടെ പ്ലാസ്റ്ററിങ് ഒഴിവാക്കി.
  • പഴയ തടിയും ഓടും പുനരുപയോഗിച്ചു.
  • നിലത്ത് ടെറാക്കോട്ട മൺടൈലുകൾ വിരിച്ചു.
  • ചുടുകട്ടയ്ക്ക് പകരം ഇന്റർലോക്ക് ഇഷ്ടിക ഭിത്തി നിർമാണത്തിന് ഉപയോഗിച്ചു. 
  • ചെറിയ ചതുരശ്രയടിയിൽ പരമാവധി സ്ഥലഉപയുക്തത കൊണ്ടുവന്നു.

Project Facts

Location- Kallada, Kollam

Area- 1650 SFT

Plot- 8 cent

Owner- Arun Murali

Designers- Arun Murali, Razim

Insight Architectural Ideas, Kundara

Mob- 9995970912

Completion year- May 2018