പച്ചപ്പിന്റെയും കോടമഞ്ഞിന്റെയും കമ്പളം പുതച്ചുറങ്ങുന്ന ഇടുക്കിയിലെ കുമളിയിലാണ് ജോസ് അബ്രഹാമിന്റെ മനോഹരമായ ഒരുനില വീട്. പ്രകൃതിയുമായി ഇഴുകിച്ചേരുന്ന ഇടങ്ങളാണ് വീടിനകത്തെയും പുറത്തെയും ഹൈലൈറ്റ്. 40 സെന്റിൽ 3283 ചതുരശ്രയടിയാണ് വിസ്തീർണം.
കോബിൾ സ്റ്റോൺ പാകി മനോഹരമാക്കിയ മുറ്റത്തിന്റെ നടുവിലായി നൽകിയ താമരക്കുളമാണ് വീട്ടിൽ എത്തുന്ന അതിഥികളെ വരവേൽക്കുന്നത്.
ട്രസ് ചെയ്ത സ്ലോപ്പ് റൂഫിൽ കോൺക്രീറ്റ് ഓട് പാകിയത് വീടിന് പരമ്പരാഗത വീടുകളുടെ കമനീയത നൽകുന്നു. പ്രധാന ബ്ലോക്കിൽ നിന്നും വേർപെടുത്തിയാണ് കാർ പോർച്ചിന്റെ ഡിസൈൻ. പുറംഭിത്തികളിൽ സ്റ്റോണ്‍ ക്ലാഡിങ് നൽകി ചുമരുകളെയും ഹൈലൈറ്റ് ചെയ്തിട്ടുണ്ട്. മുറ്റത്തു നിന്നും നേരെ സിറ്റ്ഔട്ട് വഴി അകത്തേക്ക് പ്രവേശിക്കാം.
പ്രകൃതിയോട് ഇഴുകിച്ചേരുന്ന എർത്തി നിറങ്ങളുടെ സങ്കലനമാണ് വീടിന്റെ പ്രധാന ആകർഷണം. വാതിൽ തുറന്നാൽ ഓപ്പൺ ശൈലിയിൽ ഒരുക്കിയ ഹാളിലേക്കാണ് പ്രവേശിക്കുന്നത്. ഫോർമൽ ലിവിങ്, ഡൈനിങ്, ഫാമിലി ലിവിങ് ഏരിയകളെല്ലാം ഇവിടെയാണ് സജ്ജീകരിച്ചിരിക്കുന്നത്.
വിട്രിഫൈഡ് ടൈലുകളാണ് നിലത്തു വിരിച്ചത്. ലിവിങ്ങിന്റെ തുടർച്ചയായാണ് ഡൈനിങ് ഏരിയ വരുന്നത്. ഇന്റീരിയർ തീമിനോട് ഇഴുകിചേരുംവിധമാണ് ഫർണിച്ചർ നിർമിച്ചത്. ഫോൾസ് സീലിങ് പോലുള്ള ആർഭാടങ്ങളൊന്നും നൽകാതെ നേരിട്ട് ലൈറ്റ് പോയിന്റുകൾ നൽകി. ഒരു നില വീട്ടിലും മെസനൈൻ ശൈലിയിൽ രണ്ടു നിലയുടെ സൗകര്യങ്ങൾ ഒരുക്കാൻ കഴിഞ്ഞു.
ഇന്റീരിയറിലെ ശ്രദ്ധാകേന്ദ്രം കോർട്‌യാർഡ് തന്നെയാണ്. ഒട്ടുമിക്ക മുറികളിൽ നിന്നും നടുമുറ്റത്തേക്ക് കാഴ്ചയെത്തും. മുകളിലെ സ്‌കൈലൈറ്റിലൂടെ പ്രകാശം സമൃദ്ധമായി അകത്തളത്തിലേക്കെത്തുന്നു. പൂർണ്ണമായും തുറന്നിടാവുന്ന രീതിയിലാണ് ഈ കോർട്‌യാർഡ് ഒരുക്കിയിരിക്കുന്നത്. സുരക്ഷ വേണം എന്നുള്ളപ്പോൾ അതിനായി നൽകിയ റോളിങ് ഷട്ടറുകൾ താഴ്ത്തിയിട്ടാൽ മതി. പെബിൾസും സ്‌റ്റോണും നിലത്തുവിരിച്ചു. ചെടികൾ അകത്തളങ്ങളെ ജീവസ്സുറ്റതാക്കുന്നു.
പിരിയൻ ശൈലിയിലുള്ള ഗോവണി കയറി മുകളിൽ എത്തിയാൽ ഒരു സ്റ്റോറേജ് സ്‌പേസും ബാത്റൂമും ക്രമീകരിച്ചിരിക്കുന്നു. മുകളിലെ വാതിലിലൂടെ പിറകിലെ ടെറസ് ഏരിയയിലേക്ക് പ്രവേശിക്കാം.
പ്ലൈവുഡ് ലാമിനേറ്റ് ഫിനിഷിലാണ് അടുക്കള. നാനോ വൈറ്റാണ് കൗണ്ടർടോപ്പിൽ നൽകിയിരിക്കുന്നത്. ആവശ്യത്തിന് സ്റ്റോറേജ് ഉറപ്പുവരുത്താനായി ഓവർ ഹെഡ് കാബിനറ്റുകളും നൽകിയിരിക്കുന്നു. ചെറിയൊരു ബ്രേക്ഫാസ്റ്റ് കൗണ്ടറും ഇവിടെ സജ്ജീകരിച്ചു.
വിശാലമായ നാലു കിടപ്പുമുറികളാണ് വീട്ടിൽ ഒരുക്കിയത്. മൂന്നു കിടപ്പുമുറികളിലും അറ്റാച്ച്ഡ് ബാത്റൂമുകൾക്കൊപ്പം ഡ്രസ്സിങ് ഏരിയയും നൽകിയിട്ടുണ്ട്. പെയിന്റ് ഫിനിഷ് നൽകി എല്ലാ ബെഡ്റൂമുകളുടെയും ഓരോ ചുമരുകളെ വീതം ഹൈലൈറ്റ് ചെയ്തിട്ടുണ്ട്. വാക്ക് ഇൻ വാഡ്രോബുകളാണ് ബെഡ്റൂമുകളുടെ മറ്റൊരു സവിശേഷത.
പുറത്തെ പ്രകൃതിഭംഗിയുമായി ഇഴുകിചേരുംവിധമാണ് ലാൻഡ്സ്കേപ്പിങ് ചെയ്തിരിക്കുന്നത്. ചെടികളും മരങ്ങളും നടപ്പാതകളും പുൽത്തകിടിയും മുറ്റത്തെ മനോഹരമാക്കുന്നു. രാത്രിയിൽ വിളക്കുകൾ കൂടി തെളിയുമ്പോൾ വീടിന്റെ മൊഞ്ച് പിന്നെയും വർധിക്കുന്നു. ചുരുക്കത്തിൽ മിതമായ ശൈലിയിൽ മനോഹരവും ഫങ്ഷനലുമായ ഇടങ്ങൾ ഒരുക്കാൻ സാധിച്ചതാണ് ഈ വീടിനെ ഹൃദ്യമായ ഒരു ദൃശ്യാനുഭവമാക്കി മാറ്റുന്നത്.
Project Facts
Location: Kumily, Idukki
Area: 3283 Sqft
Plot: 40 Cent
Owner: Jose Abraham
Architect: M.M. Jose
Mindscape Architects, Pala, Kottayam
Phone- 04822 213970
email- mmj@msa.org.in
Completion year: 2017 December