വീടിനു ചുറ്റുമുള്ള സ്ഥലം ഇടിച്ചുനിരപ്പാക്കാതെ ലാൻഡ്സ്കേപ്പിങ് ചെയ്തിരിക്കുന്നു. വീടിനു പുറത്ത് കോർട്ട്യാഡും കുടുംബത്തിന് ഒത്തുചേരാനും മറ്റുമുള്ള ഇടമാണിത്. ഇവിടെ ഒരു ഭാഗത്ത് വെട്ടുകല്ല് (ചെങ്കൽ) ഭാഗമാണ്. ആ സ്ഥലം ഇടിച്ചുകളഞ്ഞില്ല. ഇത്തരം സ്ഥലങ്ങളിൽ മിക്കവരും റീട്ടെയ്നിങ് ഭിത്തി നിർമിക്കാറാണ് പതിവ്. എന്നാൽ, ഇവിടെ വെട്ടുകല്ലിന്റെ ഭാഗം ഡിസൈനിന്റെ ഭാഗമാക്കിമാറ്റി. ചുറ്റുമതിൽ അതിനുമുകളിലായി നിർമിച്ചു. സ്വകാര്യത നൽകുന്നതിനൊപ്പം പ്രകൃതിയോടു ചേർന്നുനിൽക്കുന്ന അനുഭവവും കിട്ടുന്നു.
ഒത്തുകൂടാം ഇവിടെ...
വീടിനു പുറത്തൊരുക്കിയ കോർട്ട്യാഡ്. ഒരു പൂന്തോട്ടം മാത്രമായി ഒതുങ്ങേണ്ടിയിരുന്ന ഭാഗമാണിത്. കുടുംബാംഗങ്ങൾക്ക് ഒത്തുചേരാവുന്ന ഇടമാക്കി. സ്റ്റേജ് പോലെയൊരു ഭാഗവും നിർമിച്ചു. ഇതിനു മുന്നിലായി മുറ്റമാണ്. ആ സ്ഥലവുംകൂടി പ്രയോജനപ്പെടുത്തി പാർട്ടി ഏരിയയും ആക്കാം. ഇവിടെയിട്ടിരിക്കുന്ന കസേരകൾ മാറ്റാവുന്നതാണ്.
പ്രകൃതിയോട് മിണ്ടി...
സാധാരണ കാണുന്ന പാറക്കല്ലുകളും പുല്ലും മറ്റും ഉപയോഗിച്ചുള്ള ഡിസൈൻ. മഴ പെയ്തുകിട്ടുന്ന വെള്ളം മണ്ണിലേക്ക് ഇറങ്ങാൻ ഇതുപകരിക്കും.
∙ എൻ.കെ. പ്രമോദ്, ബന്യൻ ട്രീ ലാൻഡ്സ്കേപ്പേഴ്സ്,
കോഴിക്കോട്, വയനാട്.