ഏതു മുറ്റത്ത് നോക്കിയാലും പേവ്മെന്റ് ടൈൽ മാത്രം! മണ്ണ് കാണാനേയില്ല. കേരളം നേരിട്ട വെള്ളപ്പൊക്കത്തിന്റെ വ്യാപ്തി കൂട്ടിയതിൽ പേവ്മെന്റ് ടൈലിനുള്ള പങ്ക് ചെറുതല്ല. മഴവെള്ളം ഭൂമിയിലേക്ക് ഇറങ്ങുന്നതിനു തടസ്സമാണ് മുറ്റം അടച്ചു ടൈൽ ഇടുന്ന രീതി. കിണറുകളിലെ വെള്ളം താഴാനും ചൂട് കൂടാനും പ്രധാന കാരണങ്ങളിൽ ഒന്ന് മഴവെള്ളം ഭൂമിയിൽ താഴാത്തതാണ്.
കോൺക്രീറ്റ് ഉണ്ടാക്കുന്ന കടുത്ത ചൂടാണ് മറ്റൊരു വിഷയം. പകൽ ചുട്ടുപഴുക്കുന്ന കോൺക്രീറ്റ് ടൈലുകൾ രാത്രി പോലും ഈ ചൂടിനെ പ്രസരിപ്പിക്കുന്നുണ്ട്. വീട്ടിനകത്തെ ചൂടുകൂട്ടാനും ഇത് കാരണമാകുന്നുണ്ട്. മഴവെള്ളം ആഗിരണം ചെയ്യാൻ മണ്ണിനെ പ്രാപ്തമാക്കും വിധമുള്ള സ്വാഭാവിക പ്രതലമായിരിക്കണം മുറ്റത്തിന്. വേനൽക്കാലത്ത് കിണർ വറ്റിവരളുന്നത് ഒഴിവാക്കാനും ഇത് കൂടിയേതീരൂ.
പകരം എന്ത്?
- വീടുപണിയുമ്പോൾ പണ്ട് ചെയ്തിരുന്നതുപോലെ മുറ്റം ഇടിച്ചുറപ്പിച്ചിടുന്നതാണ് ഏറ്റവും പ്രകൃതിയോടടുത്ത മാർഗം. പതിവായി മുറ്റമടിക്കുന്നുണ്ടെങ്കിൽ പുല്ലു കുറവായിരിക്കും.
- പ്രകൃതിയിൽനിന്നു ലഭിക്കുന്ന കല്ലുകളായ കോബിൾ സ്‌റ്റോൺ, ഗ്രാനൈറ്റ്, കോട്ട, കടപ്പ എന്നിവയിൽ ഏതെങ്കിലും ഉപയോഗിക്കാം. ഇവയെല്ലാം പെട്ടെന്ന് ചൂടാകുമെങ്കിലും രാത്രി പെട്ടെന്ന് തണുക്കുകയും ചെയ്യും.
- നടവഴികളിൽ വെട്ടുകല്ല്, ഇഷ്ടിക എന്നിവ ഉറപ്പിക്കാം.
- കോൺക്രീറ്റ് ടൈലിനു പകരം ടെറാക്കോട്ട ടൈലുകളാകാം. ഇടയിൽ പുല്ലുപിടിപ്പിക്കാൻ സൗകര്യമുള്ള, കോൺക്രീറ്റ് ഇട്ടു ഉറപ്പിക്കേണ്ടാത്ത ടൈലുകൾ തിരഞ്ഞെടുക്കുക.
- പാറ പൊട്ടിക്കുന്നത് പ്രോത്സാഹിപ്പിക്കരുത്. അതിനാൽ കരിങ്കൽ ചിപ്സ് പരമാവധി ഒഴിവാക്കുക. കരിങ്കൽ ചിപ്സ് വിരിക്കുമ്പോൾ പുല്ലു വളരാതിരിക്കാൻ അടിയിൽ പലരും പ്ലാസ്റ്റിക് വിരിക്കാറുണ്ട്. ഇത് പ്രകൃതിക്ക് തികച്ചും ദോഷകരമാണ്.
- പൂർണമായി കല്ലുവിരിക്കാതെ ഇടയിൽ പുല്ലുനട്ട് നടവഴി തയാറാക്കാം. വാഹനം പോകുന്ന വഴിയിൽ മാത്രം മതി കല്ലു വിരിക്കുന്നത്. ബാക്കി ഭാഗങ്ങളിൽ പുല്ലോ ചെടികളോ നടാം. മെയിന്റനൻസ് കുറവുള്ള ബഫല്ലോ ഗ്രാസ്, നടൻ ഇനങ്ങളായ കറുക പോലുള്ള പുല്ലുകളെല്ലാം നല്ലതാണ്.