ഈ 'ബോണ്ട്' നിസ്സാരമല്ല; അശ്രദ്ധ വലിയ അപകടത്തിലെത്തിക്കാം; അനുഭവം
പത്തിരുപതു കൊല്ലം മുൻപ് എനിക്കൊരു കാർ വാങ്ങണമെന്ന് ആഗ്രഹംതോന്നി. വലിയ കാറൊന്നും വേണ്ട, ഒരു സെക്കൻഡ് ഹാൻഡ് കാർ, ഒരു പ്രീമിയർ പത്മിനി. പാലക്കാട്ടെ പോൾസൺ ചേട്ടന്റെ കയ്യിൽ വിൽക്കാൻ വച്ചിരിക്കുന്ന ഒരു കാറുണ്ട്, കാണാനും തരക്കേടില്ല. വിലയും കൊള്ളാം. പക്ഷേ ഒരു പ്രശ്നമുണ്ട്. പോളിടെക്നിക്കിൽ ഒക്കെ
പത്തിരുപതു കൊല്ലം മുൻപ് എനിക്കൊരു കാർ വാങ്ങണമെന്ന് ആഗ്രഹംതോന്നി. വലിയ കാറൊന്നും വേണ്ട, ഒരു സെക്കൻഡ് ഹാൻഡ് കാർ, ഒരു പ്രീമിയർ പത്മിനി. പാലക്കാട്ടെ പോൾസൺ ചേട്ടന്റെ കയ്യിൽ വിൽക്കാൻ വച്ചിരിക്കുന്ന ഒരു കാറുണ്ട്, കാണാനും തരക്കേടില്ല. വിലയും കൊള്ളാം. പക്ഷേ ഒരു പ്രശ്നമുണ്ട്. പോളിടെക്നിക്കിൽ ഒക്കെ
പത്തിരുപതു കൊല്ലം മുൻപ് എനിക്കൊരു കാർ വാങ്ങണമെന്ന് ആഗ്രഹംതോന്നി. വലിയ കാറൊന്നും വേണ്ട, ഒരു സെക്കൻഡ് ഹാൻഡ് കാർ, ഒരു പ്രീമിയർ പത്മിനി. പാലക്കാട്ടെ പോൾസൺ ചേട്ടന്റെ കയ്യിൽ വിൽക്കാൻ വച്ചിരിക്കുന്ന ഒരു കാറുണ്ട്, കാണാനും തരക്കേടില്ല. വിലയും കൊള്ളാം. പക്ഷേ ഒരു പ്രശ്നമുണ്ട്. പോളിടെക്നിക്കിൽ ഒക്കെ
പത്തിരുപതു കൊല്ലം മുൻപ് എനിക്കൊരു കാർ വാങ്ങണമെന്ന് ആഗ്രഹംതോന്നി. വലിയ കാറൊന്നും വേണ്ട, ഒരു സെക്കൻഡ് ഹാൻഡ് കാർ, ഒരു പ്രീമിയർ പത്മിനി. പാലക്കാട്ടെ പോൾസൺ ചേട്ടന്റെ കയ്യിൽ വിൽക്കാൻ വച്ചിരിക്കുന്ന ഒരു കാറുണ്ട്, കാണാനും തരക്കേടില്ല. വിലയും കൊള്ളാം.
പക്ഷേ ഒരു പ്രശ്നമുണ്ട്. പോളിടെക്നിക്കിൽ ഒക്കെ പഠിച്ചിട്ടുണ്ടെങ്കിലും എനിക്കീ യന്ത്രങ്ങളുടെ പ്രവർത്തനത്തെക്കുറിച്ചു വലിയ പിടിയില്ല. ഇക്കാര്യത്തിൽ എന്നെ സഹായിക്കാൻ പറ്റിയ ഒരാളെ തിരഞ്ഞു നടന്ന ഞാൻ ചെന്നുകയറുന്നത് ഒരു പഴയ സിംഹത്തിന്റെ മടയിലാണ്- വർക്ക്‌ഷോപ്പ് സുകുമാരേട്ടൻ.
സുകുമാരേട്ടന് നാട്ടിലും ഗൾഫിലുമായി ഈ വിഷയത്തിൽ അനേക വർഷത്തെ പരിചയമുണ്ട്, ശബ്ദം കേട്ടാൽ മതി മൂപ്പർക്ക് അതിന്റെ തകരാറു കണ്ടുപിടിക്കാനെന്നാണ് ജനസംസാരം. അങ്ങനെ ഞാനും സുകുവേട്ടനും കൂടി കാറ് കാണാൻ പോകാനുള്ള നല്ലൊരു ദിവസം നിശ്ചയിച്ചു. ഞങ്ങൾ പത്മിനിയെ പെണ്ണുകാണാൻ വരുന്ന ദിവസം പോൾസൺ ചേട്ടനെ അറിയിക്കുകയും ചെയ്തു.
പക്ഷേ അതിനിടയ്ക്ക് ഒരു പ്രശ്നമുണ്ടായി.
ആ ദിവസം സുകുമാരേട്ടന്റെ ഒരടുത്ത ബന്ധു മരണപ്പെട്ടു, അദ്ദേഹത്തിന് വരാനായില്ല. അങ്ങനെ ഞാനൊറ്റയ്ക്ക് പാലക്കാട്ടെ പത്മിനിയെ കാണാൻ പുറപ്പെട്ടു. പാലക്കാട്ടെത്തി പോൾസൺ ചേട്ടന്റെ വീടും തപ്പി നടക്കുമ്പോളാണ് ദിവാകരൻ നായർ എന്റെ മുന്നിൽ വന്നു ചാടുന്നത്. നായർ എന്റെ നാട്ടുകാരനാണ്, സ്വന്തമായി കുറച്ചു കൃഷിയുള്ളത് നോക്കി നടത്തുന്നു. എന്തോ ആവശ്യത്തിന് കലക്ടറേറ്റിൽ വന്നപ്പോഴാണ് എന്നെ കാണുന്നത്. കാണാൻ പോകുന്നത് പെണ്ണായാലും, കാറായാലും ഒരു കാരണവർ കൂടെയുണ്ടാകുന്നാണ് ഒരു നാട്ടുമര്യാദ എന്നതിനാൽ ഞാൻ നായരെയും കൂടെ കൂട്ടി.
വീട്ടിലെത്തിയ ഞങ്ങൾക്ക് പോൾസൺ ചേട്ടൻ പത്മിനിയെ കാണിച്ചുതന്നു, എന്നാൽ ചായയോ പലഹാരങ്ങളോ ഒന്നും കിട്ടിയില്ല. എന്നാൽ കാണാൻ നല്ലൊരു കാറ് എന്നതിലപ്പുറം ഒരു നിഗമനത്തിലും എത്താൻ എനിക്കായില്ല. പക്ഷേ അവിടെ നായർ എന്നെ ഞെട്ടിച്ചു കളഞ്ഞു.
"ബോണറ്റ് തുറക്കൂ": നായർ പോൾസൺ ചേട്ടനോട് പറഞ്ഞു.
തുറന്നുവച്ച ബോണറ്റിനകത്തേക്കു നായർ കുറെനേരം ശ്രദ്ധാപൂർവ്വം നോക്കി, പിന്നെ ഒന്നമർത്തി മൂളി. പിന്നെ വണ്ടിയുടെ ടയറിനുമുകളിലായി ബോണറ്റിൽ പിടിച്ചു ശക്തിയായി മൂന്നുനാലുവട്ടം അമർത്തി.
"ഷോക്കബ്‌സോർബർ ഒക്കെ കണ്ടീഷനാണ്" നായർ എന്നെ നോക്കി പറഞ്ഞു. പിന്നെ പുള്ളി എൻജിൻ ഇരപ്പിക്കാൻ പറഞ്ഞു, ശ്രദ്ധാപൂർവ്വം അതുംകേട്ടു, തലകുലുക്കി.
"ചേട്ടൻ വന്നില്ലായിരുന്നെങ്കിൽ ഞാൻ പെട്ടുപോയേനെ, എനിക്കിതിനെപ്പറ്റിയൊന്നും വലിയ വശമില്ല"
ഞാൻ നായരോട് പറഞ്ഞു.
"എനിക്കും വലിയ പിടിയൊന്നുമില്ല, പക്ഷേ ഇങ്ങനെയൊന്നും ചെയ്തില്ലെങ്കിൽ നമ്മൾ മണ്ടന്മാരാണെന്നു അയാൾ വിചാരിക്കും "
ഇതാണ് കഥ. അറിയാത്ത ജോലി അറിയാമെന്നു നമുക്കുചുറ്റുമുള്ള പലരും വളരെ വിദഗ്ധമായി അഭിനയിക്കും, അതിൽ അവർ വിജയിക്കുകയും ചെയ്യും.
***
മറ്റേതു മേഖലയിലും എന്നപോലെ നിർമ്മാണ രംഗത്തും ഇതുണ്ട്, ഇവിടെ സ്വൽപം കൂടുതലുമാണ്. അതിൽ പ്ലാനിങ്ങുകാർ മുതൽ പടവുകാർ വരെയുണ്ട്. നമ്മുടെ പ്രശ്നം ജോലി അറിയാതെ, 'ജോലി അറിയാം' എന്ന് നടിക്കുന്നവരെക്കുറിച്ചാണ്. നമ്മുടെ നായരെപ്പോലെ.
തൽക്കാലം നമുക്ക് പടവുകാരെ എടുക്കാം. അടുത്തിടെ ഒരുസുഹൃത്ത് വീടുപണിയുടെ ഏതാനും ഫോട്ടോകൾ അയച്ചുതന്നു. പണിയുടെ പുരോഗതി അറിയിക്കുക എന്നതിലപ്പുറം ഒരുദ്ദേശവും അദ്ദേഹത്തിനുണ്ടായിരുന്നില്ല. അങ്ങനെ ആ ചിത്രങ്ങളിലേക്കും നോക്കിയിരിക്കുമ്പോഴാണ് അതീവ ഗുരുതരമായ ഒരു വിഷയം കണ്ണിൽ ഉടക്കിയത്- 'വെർട്ടിക്കൽ ജോയിന്റ്'. അതും ഒരിടത്തല്ല, പലയിടത്ത്. പടവ് പണികളിലെ വെർട്ടിക്കൽ ജോയിന്റ് എന്ന് വച്ചാൽ അത് അതീവഗുരുതരമായ തെറ്റാണ്. ഒരുവേള ആ കെട്ടിടം തകർന്നു വീഴാൻ പോലും ഇടയാക്കുന്ന തെറ്റ്.
'പടവ് 'എന്ന് വച്ചാൽ ഇഷ്ടികയോ, വെട്ടുകല്ലോ, സിമെന്റ് ബ്ലോക്കോ എടുത്തു കുറച്ചു സിമെന്റും മണലും വെള്ളവും കൂട്ടി ചാന്തുണ്ടാക്കി മേൽക്കുമേൽ അടുക്കിവയ്ക്കുക എന്നല്ല അർഥം. അതിനു കൃത്യമായ കയ്യും കണക്കുമുണ്ട്, അതിലെ കല്ലുകൾ ക്രമീകരിക്കുന്നതിന് കൃത്യമായ ഓർഡർ ഉണ്ട്. ഈ ഓർഡറിനെയാണ് എൻജിനീയർമാർ 'ബോണ്ട്' എന്ന് വിളിക്കുന്നത്.
ഇനി എന്തിനാണ് ഈ ബോണ്ട് എന്ന് ചോദിക്കുന്നവരോട്...
കെട്ടിടത്തിന് മുകളിൽ വരുന്ന ലോഡിനെ യൂണിഫോം ആയി ഫൗണ്ടേഷനിലേക്കു ഡിസ്ട്രിബ്യൂട്ടുചെയ്യുന്ന ഉത്തരവാദിത്വമാണ് ചുവരിന്റെത്. അതായത് പടവുപണി നടക്കുന്ന സമയത്ത് അതിന്മേൽ ഒരു കുരുവി വന്നിരുന്നാൽ പോലും ഫൗണ്ടേഷനിൽ ആ ഭാരം അനുഭവപ്പെടേണ്ടത് കുരുവി ഇരിക്കുന്നതിന് നേരെതാഴെ അല്ല. പത്തോ പതിനഞ്ചോ മീറ്റർ നീളം വരുന്ന ഫൗണ്ടേഷന്റെ വലിയൊരു ഭാഗത്താണ് ആ ഭാരം അനുഭവപ്പെടേണ്ടത്.
ഇംഗ്ലീഷ് ബോണ്ട്, ഫ്ലെമിഷ് ബോണ്ട്, ഡച്ചു ബോണ്ട്, ഹെഡർ ബോണ്ട്, സ്ട്രക്ചർ ബോണ്ട്, ഗാർഡൻ വാൾ ബോണ്ട്, ആ ബോണ്ട് , ഈ ബോണ്ട് തുടങ്ങീ കുറെയേറെ എണ്ണം ഉണ്ട്. പ്ലാസ്റ്ററിങ് ചെയ്തു നിർമ്മിക്കുന്ന ഭിത്തികൾ ഇംഗ്ലീഷ് ബോണ്ടിൽ ആവുന്നതാണ് ഉറപ്പിന് നല്ലതെന്നാണ് കേട്ടിട്ടുള്ളത്.
ഈ ബോണ്ടുകളിൽ എല്ലാം കണിശമായി പാലിക്കേണ്ട ഏറ്റവും ആദ്യത്തെ നിയമമാണ് തുടർച്ചയായ വെർട്ടിക്കൽ ജോയന്റുകൾ ഒഴിവാക്കണം എന്നത്. കാരണം ഇങ്ങനെ ചെയ്‌താൽ മാത്രമേ മുകളിൽ വരുന്ന ലോഡിനെ വലിയൊരു ഏരിയയിലേക്ക് ഡിസ്ട്രിബ്യൂട്ടു ചെയ്യാൻ ഈ പടവിനു കഴിയൂ. മാത്രമല്ല പടവിനു സ്വയം നിലനിൽക്കണം എങ്കിലും അതിനെ ഇങ്ങനെ ക്രമീകരിക്കണം .
ചുരുക്കിപ്പറഞ്ഞാൽ ഒരു എൻജിനീയർ തന്റെ പഠനകാലത്ത് വായിച്ചും വരച്ചും പിന്നീട് ലാബിൽ വച്ച് ചെയ്തും പഠിക്കുന്ന ഒന്നാണ് ഈ ബോണ്ടുകളുടെ ക്രമീകരണം. അത് സൈറ്റിൽ നടപ്പാക്കാനോ, അത്തരം ഒരു തെറ്റ് കണ്ടാൽ അത് ജോലിക്കാരെക്കൊണ്ട് തിരുത്തിക്കാനോ കഴിയാത്ത എൻജിനീയർ വെറും നോക്കുകുത്തി മാത്രമാണ്. അങ്ങനെ ചെയ്യുന്ന മേസൺ സ്വന്തം ജോലിയുടെ ബാലപാഠങ്ങൾ പോലും അറിയാത്തവനാണ്.
ഇനി, ഈ തെറ്റ് കണ്ടു പിടിക്കുക എന്നത് വലിയ ബുദ്ധിമുട്ടുള്ള പണിയൊന്നുമില്ല. പണിനടക്കുന്ന സൈറ്റിൽ ഒന്ന് ചുറ്റി നടന്നാൽ ആർക്കും ഈ തെറ്റ് കണ്ടുപിടിക്കാം. കണ്ടു പിടിച്ചാൽ മാത്രം പോരാ, പൊളിക്കണം എങ്കിൽ പൊളിക്കണം. അതിനു വേണ്ടിവരുന്ന ചെലവും നഷ്ടവും ഉത്തരവാദികളായവരിൽ നിന്നും ഈടാക്കണം.കാരണം നാം നേരത്തെ പറഞ്ഞത് തന്നെ.
കാരണം വീട് നിർമാണം എന്നാൽ ബൃഹത്തായ ഒരു എൻജിനീയറിങ് പ്രക്രിയയാണ്. നൂറുകണക്കിന് ടൺ ഭാരത്തെ അമ്പതോ അറുപതോ കൊല്ലത്തേക്ക് സുരക്ഷിതമായി കൈകാര്യം ചെയ്യേണ്ടുന്ന പ്ലാനിങ് മുതൽ പെയിന്റിങ് വരെ നീളുന്ന ഒരു പ്രക്രിയ. അതിൽ ഒരു അലംഭാവവും അരുത്.
***
എന്തായാലും പോൾസൺ ചേട്ടന്റെ കാർ കൊള്ളാം എന്ന് തോന്നിയതു കൊണ്ടും നായരെ അത്ര വിശ്വാസം പോരാത്തതുകൊണ്ടും ഞാൻ പാലക്കാട് ടൗണിൽ പോയി വേറൊരു മെക്കാനിക്കിനെ കൊണ്ടുവന്നു സെക്കൻഡ് ഒപ്പീനിയൻ എടുത്തു. അയാൾ വണ്ടി ഒരു അഞ്ഞൂറ് മീറ്റർ ഓടിച്ച ശേഷം സൈഡാക്കി നിർത്തി.
" വേറെ കുഴപ്പമൊന്നുമില്ല, മുന്നിൽ വലതുവശത്തെ ഷോക്ക് അബ്‌സോർബർ ലീക്കുണ്ടോ എന്നൊരു സംശയം. ഉണ്ടെങ്കിൽ തന്നെ കുഴപ്പമില്ല പത്തഞ്ഞൂറു രൂപയുടെ പണിയേ ഉള്ളൂ "
അദ്ദേഹം സംശയം തോന്നിയ സ്ഥലത്തേക്ക് ടയറിനിടയിലൂടെ കൈ കടത്തി, അദ്ദേഹത്തിന്റെ നിഗമനം ശരിയായിരുന്നു, കയ്യിൽ പുരണ്ട ഓയിലിന്റെ അംശം ഞങ്ങളെ കാണിച്ചു.
"കേമൻ തന്നെ. വല്ലഭനു പുല്ലുമായുധം എന്നാണല്ലോ പഴംചൊല്ല്" നായർ എന്നോട് പറഞ്ഞു .
"അമ്മായി മീശ വെച്ചാൽ അമ്മാമ ആവില്ല എന്നൊരു പഴംചൊല്ലും ഉണ്ട് " ഞാൻ നായരെ നോക്കി പറഞ്ഞു.
നായർ എന്നെ തുറിച്ചു നോക്കി, പിന്നെ പച്ച നിറമുള്ള പത്മിനി കാറിന്റെ ബാക് ഡോർ തുറന്ന് അകത്തു കയറിയിരുന്നു ..
English Summary- Importance of Bond in House Construction- Experience